ഒരു പെസഹാവ്യാഴവും ചില തിരിച്ചറിവുകളും

606

എട്ടൊൻപതു വർഷങ്ങൾ മുൻപുള്ള ഒരു പെസഹാ വ്യാഴാഴ്ച. ആലുവായിൽനിന്ന് കോഴിക്കോട്ടേക്കുള്ള യാത്ര. ഒരു അരികുസീറ്റാണ് കണ്ടെത്തിയത്. സ്വസ്ഥമായി പ്രാർത്ഥിക്കാമല്ലോ എന്നു കരുതിയാണ് യാത്ര തുടങ്ങിയത്. മിനിട്ടുകൾക്കകം സ്വസ്ഥത കെടുത്തിക്കൊണ്ട് എന്റെ തൊട്ടു മുൻപിലുള്ള സീറ്റിൽ ഒരു സ്ത്രീ വന്നിരുന്നു. അവൾ വായിൽ എന്തോ ഇട്ട് ചവച്ച് പുറത്തേക്ക് തുപ്പാൻ തുടങ്ങി. ബസു മുഴുവൻ ആളുകളെക്കൊണ്ട് നിറഞ്ഞതിനാൽ ഒന്നു മാറിയിരിക്കുവാൻ വേറെ സീറ്റില്ലാതെ പോയി. ഞാനെത്ര പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ഇണങ്ങിയും പിണങ്ങിയുമൊക്കെ പറഞ്ഞുനോക്കി, ഒരു ഫലവുമില്ല. ആ സഹോദരി തുപ്പുന്നത് തുടർന്നുകൊണ്ടിരുന്നു. അതു വന്നു വീഴുന്നത് തൊട്ടു പിന്നിലിരിക്കുന്ന എന്റെ മുഖത്തും തലയിലേക്കുമാണ്.

ചാറ്റൽമഴ വന്നു വീഴുന്നതുപോലെയുള്ള അനുഭവമായിരുന്നു. മുഖം മുഴുവൻ തുപ്പൽ അഭിഷേകം. ഈർഷ്യയോടെ തല കുനിച്ചിരുന്നെങ്കിലും നിവർന്നു കഴിയുമ്പോൾ വീണ്ടും പഴയ അനുഭവം. ചുരുക്കത്തിൽ കോഴിക്കോട് എത്തുന്നതുവരെ മനസിൽ പിറുപിറുത്തുകൊണ്ടാണ് ഞാൻ യാത്ര ചെയ്തത്. തുപ്പൽ നിറഞ്ഞ മുഖവുമായി പുറത്തേക്കിറങ്ങി. അല്പം വെള്ളം വാങ്ങി മുഖം കഴുകാമെന്നു കരുതിയെങ്കിലും അതിനും സാധിച്ചില്ല. എനിക്കു പോകേണ്ട കണ്ണൂർ ബസ് ഉടനെ ഉണ്ടായിരുന്നതിനാൽ അതിൽ കയറി.

വണ്ടിയിൽ ഇരുന്ന് ചിന്തിച്ചു, എന്റെ ദൈവമേ! എന്തുകൊണ്ടാണ് ഇന്ന് എനിക്കിങ്ങനെ സംഭവിച്ചത്? (ഉടനെ എന്റെ മനസിൽ പരിശുദ്ധാത്മാവ് തന്ന ബോധ്യം ഇതായിരുന്നു. ‘നിനക്കു വേണമെങ്കിൽ ആ അവസരത്തെ ഒരു ഭാഗ്യമായി എടുക്കാമായിരുന്നു. ഇന്ന് പെസഹാ വ്യാഴമല്ലേ? ഈശോ ഏൽപ്പിച്ചു കൊടുക്കപ്പെട്ട രാത്രി! ”അവർ അവന്റെ മുഖത്ത് തുപ്പുകയും അവനെ അടിക്കുകയും ചെയ്തു” (മത്താ.26:67). ഒരു തവണ മാത്രമല്ല, കുരിശിൽ തറയ്ക്കുന്നതുവരെ എത്രയോ തവണഅവർ തുപ്പിയിട്ടുണ്ടാകും. ബസിറങ്ങി, ഓട്ടോയിൽ കയറി കോൺവെന്റിന്റെ പടിക്കലെത്തി. സമയം വൈകിട്ട് ഏഴുമണി.

അപ്പംമുറിക്കൽ ശുശ്രൂഷയിലെ ഒരു പ്രധാന ഇനമായ പാലു കാച്ചുന്ന തിരക്കിലായിരുന്നു സിസ്റ്റേഴ്‌സ് അപ്പോൾ. ഞാനും അവരോടൊപ്പം ചേർന്നു. അപ്പം മുറിക്കലൊക്കെ കഴിഞ്ഞ് രാത്രിയിലെ പ്രാർത്ഥനയുടെ സമയത്ത് വീണ്ടും പഴയ ചിന്ത കടന്നുവന്നു. സമർപ്പിതർക്ക് വ്രതവാഗ്ദാനത്തിന്റെ ഓർമയ്ക്കായി പടം അച്ചടിപ്പിക്കുന്ന പതിവുണ്ടല്ലോ. അതിൽ അവരവർക്ക് ഇഷ്ടമുള്ളതാണ് എഴുതാറുള്ളത്. എന്റെ പടത്തിൽ ഞാനെഴുതിയത് ഓർമയിൽ വന്നു: ”ഏകനായി എല്ലാം സഹിച്ച ഈശോ ഇതാ ഞാനും നിന്നോടുകൂടെ.” ആ വാചകമോർത്ത് ഞാനൊന്നു ഞെട്ടി. അതെഴുതിയ സമയത്ത് അതിന്റെ ആഴങ്ങളിലേക്കൊന്നും കടന്നു ചിന്തിച്ചിരുന്നില്ല. സമർപ്പണത്തിന്റെ ദിവസം പറഞ്ഞതായതുകൊണ്ട് കർത്താവത് മുഖവിലക്കെടുക്കും എന്നു മനസിലായി. മണവാളന്റെ സ്വത്തിന്റെ ഓഹരി മണവാട്ടിക്കും ഉള്ളതാണല്ലോ. അപ്പോൾ പിന്നെ തുപ്പലിന്റെ ഓഹരിയും അർഹിക്കുന്നതാണ്. ബസിൽ എന്റെ മുൻപിലിരുന്ന സ്ത്രീയും അവളുടെ തുപ്പലും വെറും യാദൃച്ഛികം ആയിരുന്നില്ലെന്നും അതുപോലും ദൈവത്തിന്റെ കണക്കുകൂട്ടലിൽ ഉള്ളതാണെന്നും ഞാൻ തിരിച്ചറിഞ്ഞു.

നമുക്ക് ജീവിതത്തിൽ അനുഭവപ്പെടുന്ന നിസാര സഹനങ്ങൾ പോലും വെറുതെ നഷ്ടപ്പെടുത്താനുള്ളതല്ല, മറിച്ച് അവയൊക്കെ ഉത്ഥിതന്റെ മഹത്വത്തിൽ പങ്കുചേരാനുള്ള സുവർണാവസരങ്ങളാണ്. സഹനം ക്രിസ്തുശിഷ്യന് വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശക്തി ദൈവം നമ്മിൽ നിക്ഷേപിച്ചിട്ടുണ്ട്. പാപവും മരണവും രോഗവുമെല്ലാം മനുഷ്യന്റെ മുമ്പിൽ ഉണങ്ങാത്ത മുറിവുകളും തീരാത്ത വേദനകളുമായി പ്രതിസന്ധികളായി നിലകൊള്ളുകയാണ്. ഉത്ഥാനത്തിലൂടെ ക്രിസ്തു പാപത്തിന്റെയും (1 യോഹ.3:5) രോഗത്തിന്റെയും (1 പത്രോസ് 2:24) മരണത്തിന്റെയും (ഹെബ്രാ.2:14-18) ലോകത്തിന്റെയും (യോഹ.16:33) പിശാചിന്റെയും മേൽ (കൊളോ.2:14-15) വിജയം വരിച്ചു. ക്രിസ്തുവിന്റെ സഹനത്തിൽ പങ്കുചേരുന്നവർക്ക് അവിടുത്തെ പുനരുത്ഥാനത്തിലും പങ്കുണ്ട്. ക്രിസ്തുവിൽ വിശ്വസിക്കുക, ക്രിസ്തുവിൽ ആശ്രയിക്കുക, അവിടുത്തെ അത്യുൽകൃഷ്ടമായ ദൈവിക ശക്തി തന്നെയായ പുനരുത്ഥാനശക്തി നമ്മെ വലയം ചെയ്തുനിൽക്കുന്നത് മനസിലാക്കാനാകും. ഓരോ പെസഹാവ്യാഴവും ഓരോ ദുഃഖവെള്ളിയും ഈ ഉത്ഥാനശക്തിയിലേക്കാണ് നമ്മെ നയിക്കേണ്ടത്.

തെരേസ് മാർട്ടിൻ