ഒരു വൈദികന്റെ ചോദ്യം

0
1815

”പശുപ്പാറ, മുണ്ടിയെരുമ, കാളകെട്ടി, പൂച്ചയ്ക്കല്‍, ആടുമുട്ടി വഴിപോകുന്ന….”
ബസ് സ്റ്റാന്റില്‍ അനൗണ്‍സ്‌മെന്റ് ഉയരുകയാണ്.. മൃഗങ്ങളുടെ പേരുകളുള്ള സ്ഥലപ്പേര് കേട്ട് പരിചയമില്ലാത്തവര്‍ ചിരിച്ചു. കാരണം അവര്‍ കേള്‍ക്കുന്നത് പശു എരുമ കാള പൂച്ച ആടെന്നൊക്കെയാണ്…പരിചയമുള്ളവര്‍ ആ ബസുകളില്‍ കയറിപ്പോയി.

അടുത്ത അനൗണ്‍സ്‌മെന്റില്‍ ഒരുപാളയം എന്നും മാത്രം വ്യക്തമായി കേട്ടു, മറ്റൊന്നും തിരിഞ്ഞില്ല…

മിക്ക അറിയിപ്പുകളും അമിതവേഗത്തിലാണ്.

കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഇത്തരം അറിയിപ്പുകള്‍ കുറച്ചുകൂടി നിലവാരത്തോടുകൂടിയും യാത്രക്കാര്‍ക്ക് മനസിലാവുന്ന വിധത്തിലും നടത്തേണ്ടതല്ലേ?
ഈ ചോദ്യം കേരളത്തിലെ ബസ് സ്റ്റാന്റില്‍ ബസ് കാത്തിരിക്കുന്ന ഒട്ടനവധി പേര്‍ ചോദിക്കുന്നതാണ്.

ഒരിക്കല്‍ രാത്രിയില്‍ റെയില്‍വേ സ്‌റ്റേഷന്‍ ഫ്‌ളാറ്റ് ഫോമില്‍ ട്രെയിന്‍ കാത്ത് ഇരിക്കുകയായിരുന്നു പ്രമുഖ എഴുത്തുകാരനും ധ്യാനഗുരുവുമായ ഫാ. ജോസഫ് വയലില്‍ സി.എം.ഐ

അപ്പോഴാണ് ഗതാഗത മന്ത്രി അവിടേക്ക് വരുന്നത്. അദ്ദേഹം തനിച്ച് ഒരു കസേരയില്‍ പോയി ഇരുന്നു. കൂടെ ഉണ്ടായിരുന്നവരും പോലിസുകാരും അല്‍പം അകലെയായി നിന്നു.

മന്ത്രി തനിച്ചിരിക്കുന്നതുകണ്ട് വയലില്‍ അച്ചന്‍ അടുത്തുചെന്ന് പരിചയപ്പെട്ടു. മന്ത്രി അടുത്ത കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. അങ്ങനെ ഇരുന്ന് സംസാരിച്ചു. സംസാരമധ്യേ ബസ്സ്റ്റാന്റുകളിലെ അറിയിപ്പുകള്‍ മനുഷ്യര്‍ക്ക് മനസിലാകുന്ന വിധത്തില്‍ നടത്തേണ്ടതല്ലേ; വകുപ്പ് മന്ത്രി എന്ന നിലയില്‍ ഇക്കാര്യം ഒന്നു ശ്രദ്ധിക്കുമോ എന്ന് അച്ചന്‍ ചോദിച്ചു.

മന്ത്രി അച്ചനോട് പറഞ്ഞതിന്റെ സാരം ഇതാണ്: അറിയിപ്പുകള്‍ ഭംഗിയായി നടത്തണമെങ്കില്‍ അതിന് ട്രെയിനിങ്ങ് നല്‍കി സ്റ്റാഫിനെ വയ്ക്കണം. കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴത്തെ നിലയില്‍ അത് സാധിക്കുകയില്ല.
അതിനാല്‍ ഏതെങ്കിലും ഒരു കണ്ടക്ടറെയോ മറ്റോ ഓരോ ദിവസവും ചുമതല ഏല്‍പിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെയേ അത് നടക്കൂ. അങ്ങനെ ആ മറുപടി അവസാനിച്ചു.

മന്ത്രി ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞ രണ്ട് കാര്യങ്ങള്‍ ശരിയായിരിക്കും. കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് അറിയിപ്പുകള്‍ നല്‍കാനായി പ്രത്യേക സ്റ്റാഫിനെ വയ്ക്കുക പ്രായോഗികമായിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ ചെയ്തിരിക്കുന്ന ക്രമീകരണം അനുസരിച്ച് അറിയിപ്പുകള്‍ കൂടുതല്‍ കുറ്റമറ്റതാക്കാന്‍ കഴിയുകയുമില്ല.
മന്ത്രി പറഞ്ഞ ഒന്നാമത്തെ കാര്യം മനസിലാക്കുവാന്‍ കഴിയും.
പക്ഷേ രണ്ടാമത്തെ കാര്യത്തില്‍ മെച്ചം ഉണ്ടാക്കാന്‍ അത്ര ബുദ്ധിമുട്ടാണോ?
അതിന് അധിക സാമ്പത്തികഭാരം വരുമോ?

ഇപ്പോള്‍ അറിയിപ്പുകള്‍ പറയുവാന്‍ ചുമതലപ്പെടുത്തുന്നവര്‍ കുറച്ചുകൂടി വേഗത കുറച്ച് കുറച്ചുകൂടി ഉച്ചാരണശുദ്ധിയോടും കൂടി അറിയിപ്പുകള്‍ നടത്തണമെന്ന് അവരെ ഒന്ന് പറഞ്ഞു മനസിലാക്കിക്കൊടുത്തുകൂടേ? ഒരുപക്ഷേ, ഇതിന് മന്ത്രി നേരിട്ട് ഇവരെ കണ്ട് സംസാരിക്കേണ്ട കാര്യമൊന്നുമില്ല. മന്ത്രിക്ക് തന്റെ കീഴുദ്യോഗസ്ഥര്‍ വഴി ചെയ്യാവുന്ന കാര്യമാണിത്.

സത്യം പറഞ്ഞാല്‍, വകുപ്പുമന്ത്രിയുടെ ഇടപെടല്‍പോലും ഇക്കാര്യത്തില്‍ ആവശ്യമില്ലാത്തതാണ്. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അഥവാ സ്ഥലത്തെ സ്‌റ്റേഷന്‍മാസ്റ്റര്‍മാര്‍ മനസുവച്ചാല്‍ തീരാവുന്ന പ്രശ്‌നമാണിത്.
അതിനെക്കാള്‍ കൃത്യമായി പറഞ്ഞാല്‍ അറിയിപ്പുകള്‍ പറയാനിരിക്കുന്ന വ്യക്തികള്‍ മനസുവച്ചാലും തീരാവുന്ന പ്രശ്‌നമാണിത്. എന്നാല്‍ അങ്ങനെ വിചാരിക്കണമെങ്കില്‍, ഇപ്പോള്‍ ചെയ്യുന്നതിന്റെ കുറവുകള്‍ ബോധ്യപ്പെടണം…

പക്ഷേ തിരക്ക് പിടിച്ച് പാഞ്ഞുനടക്കുന്ന ആരിതൊക്കെ പറയും?

ആരും ഇതിനെപ്പറ്റി അധികമൊന്നും ചിന്തിക്കുന്നില്ല എന്നതുതന്നെ കാരണം. അധികപണച്ചെലവില്ലാതെതന്നെ, നിലവിലുള്ള സംവിധാനങ്ങളും മനുഷ്യവിഭവവും ഉപയോഗിച്ചുതന്നെ, നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും നമുക്ക് കൂടുതല്‍ മനോഹരമായും മനുഷ്യര്‍ക്ക് ഉപകാരപ്രദമായും ആരുടെ പേരില്‍ ചെയ്യുന്നുവോ അവര്‍ക്ക് അഭിമാനം നല്‍കുന്ന വിധത്തിലും ചെയ്യാന്‍ കഴിയും.

ഇത് കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തില്‍ മാത്രമല്ല, നമ്മള്‍ നടത്തുന്ന അനേകം സ്ഥാപനങ്ങളുടെ കാര്യത്തിലും ഇതുശരിയാണ്. കുറച്ചുകൂടി വിവേകവും കുറച്ചുകൂടി വ്യക്തിപരമായ ആത്മാഭിമാനവും കുറച്ചുകൂടി സേവനം ചെയ്യുന്ന സ്ഥാപനത്തോടുള്ള കൂറും മറ്റും ഉണ്ടെങ്കില്‍ എത്രയോ പേരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റത് ആകും. എത്രയോ സ്ഥാപനങ്ങളുടെ അന്തസ് ഉയരും. എത്രയോ പേര്‍ക്ക് കൂടുതല്‍ നന്മകള്‍ ഉണ്ടാകും!