ഒറ്റമുണ്ടുടുത്ത സന്യാസി, പുരോഹിതൻ!

1199

സിസ്റ്റർ റാണി മരിയ ഈ ലോകത്തോട് വിടപറഞ്ഞിട്ട് 22 വർഷങ്ങൾ പിന്നിടുകയാണ്. കഴിഞ്ഞ മാർച്ച് 23 ന് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള തിരുസംഘം തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോ, ഫ്രാൻസിസ് പാപ്പ റാണി മരിയയെ ഔദ്യോഗികമായി രക്തസാക്ഷികളുടെ ഗണത്തിലും വാഴ്ത്തപ്പെട്ടവരുടെ സമൂഹത്തിലും ഉൾപ്പെടുത്തി പരസ്യവണക്കം നടത്തുന്നതിനുള്ള പ്രഖ്യാപനം നടത്തിയ കാര്യം അറിയിച്ചിരുന്നു.

സിസ്റ്റർ റാണി മരിയയുടെ ഘാതകൻ സമന്ദർ സിംഗിന്റെ മാനസാന്തരം ഇന്ന് ലോകമറിയുന്ന വാർത്തയാണ്. റാണിമരിയയുടെ സഹോദരി സിസ്റ്റർ സെൽമി സമന്ദർ സിംഗിനെ കാണുകയും ക്ഷമനൽകുകയും ചെയ്തതും എല്ലാം ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഈ ഘാതകനെ അനേക തവണ ജയിലിൽ സന്ദർശിക്കുകയും, പ്രാർത്ഥിക്കുകയും മാനസാന്തര അനുഭവം സാധ്യമാക്കുവാൻ പ്രയത്‌നിക്കുകയും ചെയ്ത വൈദികനാണ് സദാനന്ദ് സി.എം.ഐ. സ്വാമിയച്ചൻ എന്നാണ് വടക്കേ ഇന്ത്യയിലുള്ളവർ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. സിസ്റ്റർ സെൽമിയുടെ വാക്കുകളിൽ, സ്വാമിയച്ചനാണ് ഘാതകനായ സിംഗിനെ ജയിലിൽ പോയി കാണുവാനുള്ള വഴി ഒരുക്കി നൽകിയത്. ഇൻഡോറിലെ ജയിലിൽനിന്ന് സിംഗിനെ മോചിപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളിലും സഹായിച്ചതും സ്വാമിയച്ചനായിരുന്നു. 2007 ൽ സിസ്റ്റർ സെൽമിയോടൊപ്പം അവരുടെ 82 വയസ്സുള്ള അമ്മയെ കേരളത്തിലെത്തി, കണ്ട് സിംഗ് മാപ്പുപറഞ്ഞതും ചരിത്രം.

സ്വാമിയച്ചൻ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിടുകയാണ്. സിഎംഐ സന്യാസ സഭാംഗമായ ഫാ. ജെയിംസ് മുട്ടിക്കൽ സ്വാമിയച്ചനെക്കുറിച്ച് ഓർമ്മിക്കുന്നു…

1998 നവംബർ 2-ാം തിയതി സ്വാമിയച്ചൻ എന്നറിയപ്പെട്ടിരുന്ന ഫാദർ സദാനന്ദ് സിഎംഐ തന്റെ മരണപത്രം രജിസ്റ്റർ ചെയ്തപ്പോൾ അതു വളരെയേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയായി. ലോകം മുഴുവനും ഉപേക്ഷിച്ച സന്യാസി വൈദികന് മരണപത്രത്തിൽ എഴുതിവയ്ക്കാൻ എന്തു സമ്പത്താണുള്ളത്?

സ്വാമിയച്ചന് സ്വന്തമായി തന്റെ ശരീരം മാത്രമേയുണ്ടായിരുന്നുള്ളൂ. ആ ശരീരം മരണത്തിനുശേഷം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠിക്കുവാനും പരീക്ഷണങ്ങൾ നടത്തുവാനും വിട്ടുകൊടുക്കുവാനുള്ള തന്റെ തീരുമാനം മരണപത്രത്തിൽ എഴുതിവയ്ക്കുകയായിരുന്നു അദ്ദേഹം. ജീവിതകാലം മുഴുവൻ നന്മചെയ്ത് നടന്നതിനുശേഷം മരണം അതിനൊരു വിരാമം കുറിയ്ക്കുമ്പോൾ തന്റെ ശരീരവും ജനനന്മയ്ക്കായി ഉപകരിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

ഈ തീരുമാനമായിരുന്നു വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഒരു കത്തോലിക്കാ പുരോഹിതന്റെ മൃതശരീരം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുന്നത് ഇതുവരെ കേട്ടിട്ടില്ലാത്ത സംഭവമായിരുന്നു. തർക്കങ്ങൾ പലതുണ്ടായി. ഒരു സന്യാസവൈദികന് ഇതുപോലൊരു തീരുമാനമെടുക്കാൻ അവകാശമുണ്ടോ? മെഡിക്കൽ കോളജിന് ശരീരം വിട്ടുകൊടുത്താൽ ക്രിസ്തീയമായ മൃതസംസ്‌കാര ശുശ്രൂഷകൾ എങ്ങനെയായിരിക്കും? അദ്ദേഹത്തിന്റെ ഓർമ്മയാചരിക്കുമ്പോൾ പ്രാർത്ഥനകൾ നടത്തുവാനുള്ള കല്ലറ എവിടെയായിക്കും?

വിവാദങ്ങളും വിമർശനങ്ങളും സ്വാമിയച്ചനെ ഇളക്കിയില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ”യേശുവിനെ പിന്തുടർന്ന് സന്യാസ സമർപ്പണത്തിലൂടെ ഞാൻ എന്നെത്തന്നെ മുഴുവനായും ദൈവത്തിനും ലോകനന്മയ്ക്കുമായി പൂർണമായി അർപ്പിച്ചതാണ്. എനിക്കാകെയുള്ളത് എന്റെ ശരീരമാണ്. അതിനെയെങ്ങനെ എന്റെ സ്വയം ദാനത്തിൽനിന്ന് മാറ്റിനിർത്തും?”

അദ്ദേഹത്തിന്റെ സ്വയംദാനവും പരിത്യാഗവും ക്രമേണ വളർന്നുവന്നതായിരുന്നു. ഭൂമിയോടുള്ള ആദരവിന്റെ ഭാഗമായി അദ്ദേഹം തന്റെ ചെരിപ്പുകൾ ഉപേക്ഷിച്ചു. ഉത്തരേന്ത്യൻ വേനലിലെ ഉഗ്രതാപത്തിലും കൊടുംതണുപ്പിലും അദ്ദേഹം നഗ്നപാദനായിത്തന്നെ നടന്നു. വടക്കെ ഇന്ത്യയിലെ പാവപ്പെട്ടവരൊടൊപ്പമാകുന്നതിനായി അദ്ദേഹം തന്റെ ജീവിതക്രമവും ഭക്ഷണരീതികളും അവരുടേതുപോലെ ലളിതമാക്കി. സെമിനാരി ജീവിതകാലത്തുതന്നെ അദ്ദേഹം മത്സ്യമാംസാദികൾ ഉപേക്ഷിച്ചിരുന്നു. പുരോഹിതനായതിനുശേഷം ദിവസവും ഒരുനേരം മാത്രം ഭക്ഷണം കഴിക്കുന്നത് അദ്ദേഹം ശീലമാക്കി. അതിനുള്ള കാരണം അദ്ദേഹം പറയുന്നതിങ്ങനെ, ”ഇന്ത്യയിലെ ഗ്രാമങ്ങളിൽ വളരെയേറെപ്പേർ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുമ്പോൾ എനിക്കെങ്ങനെ മൂന്ന് നേരം ഭക്ഷണം കഴിക്കാനാകും?”

പൗരോഹിത്യാഭിഷേകത്തിനുശേഷം തന്റെ കർമ്മഭൂമിയിലേക്കിറങ്ങുന്നതിന് മുമ്പായി, പാവപ്പെട്ടവരുടെ ജീവിതാനുഭവങ്ങൾ നേരിട്ടറിയുന്നതിന് മുമ്പ് അദ്ദേഹം ബനാറസിൽപോയി കെട്ടിടപ്പണിക്കാരുടെ കൂടെ ഒരു സാധാരണ കൂലിക്കാരനായി ജോലി ചെയ്തു. അവിടെയാർക്കും അദ്ദേഹം ഒരു പുരോഹിതനാണെന്ന് അറിയില്ലായിരുന്നു. ദിവസം മുഴുവൻ കൂലിവേല ചെയ്തു. അവരെപ്പോലെ പ്ലാസ്റ്റിക് പേപ്പർ വലിച്ചുകെട്ടിയ കട്ടിലിലുറങ്ങി. അദ്ദേഹത്തിന്റെ ആത്മാർത്ഥമായ കഠിനാധ്വാനവും സൗമ്യമായ പെരുമാറ്റവും എല്ലാവരെയും അദ്ദേഹത്തിലേക്കാകർഷിച്ചു. പ്രഭാതത്തിൽ തന്റെ കുടിലിൽ ഏകനായി ധ്യാനവും പ്രാർത്ഥനകളും ദിവ്യബലിയും നടത്തി. വൈകിട്ട് എല്ലാവരോടുമൊപ്പം ഗാനങ്ങൾ പാടുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും തനിക്കു ലഭിക്കുന്ന കൂലി ആവശ്യക്കാരുമായി പങ്കുവയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മാർത്ഥതയും സൽസ്വഭാവവും കണ്ട് ബിൽഡിംഗ് കോൺട്രാക്ടർ നാലുമാസങ്ങൾക്കുശേഷം അദ്ദേഹത്തെ തന്റെ വീട്ടുജോലിക്കായി നിയമിച്ചു. അവിടെ അദ്ദേഹത്തിന് വീട് അടിച്ചുവാരലും, പാത്രം കഴുകലും, കന്നുകാലികളെ മേയ്ക്കലും കുളിപ്പിക്കലും, ചാണകം വാരലുമൊക്കെയായിരുന്നു പണി. മൂന്നുമാസക്കാലം വീട്ടുജോലിക്കാരനായി ജോലി ചെയ്തു.

ഈ ഏഴുമാസത്തെ ജോലി സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ നേരിട്ടു മനസിലാക്കുവാനും സ്വയം വിനീതനാകുവാനും പഠിപ്പിച്ചു എന്നദ്ദേഹം പറയുന്നു.

ഒരിക്കൽ ഒരു തണുപ്പുകാലത്ത് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു പാവപ്പെട്ട മനുഷ്യൻ ട്രെയിന്റെ ഒരു മൂലയിൽ തണുത്തുവിറച്ച് ഇരിക്കുന്നതു കണ്ടു. അപ്പോൾ, രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ഉടുക്കാൻ വച്ചിരുന്ന മുണ്ടുടുത്തതിനുശേഷം തന്റെ പാന്റ്‌സും കുർത്തയും ആ പാവപ്പെട്ട മനുഷ്യന് നൽകി. ഇതിനുശേഷം ജീവിതകാലമത്രയും ഒറ്റമുണ്ടുടുത്താണ് അദ്ദേഹം നടന്നത്. സ്വയം ദാനത്തിന്റെ അന്ത്യഅർപ്പണമായി ശരീരം ദാനം ചെയ്യുക എന്നത്.

2016 ഏപ്രിൽ 25 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞപ്പോൾ സി.എം.ഐ സഭാധികാരികൾ അദ്ദേഹത്തിന്റെ ആഗ്രഹാനുസരണം ശരീരം ഭോപ്പാൽ എയിംസ് മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തു.

ഫാ. ജെയിംസ് മുട്ടിക്കൽ