ഓഖി: ദുരന്തബാധിതർക്ക് തിരുവനന്തപുരം മേജർ അതിരൂപത ഒരു കോടി നൽകി

0
310

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ നിലനിൽപ്പ് തന്നെ അപകടത്തിലായവർക്ക് സഹായഹസ്തം നൽകി നൽകി തിരുവനന്തപുരം മേജർ അതിരൂപത. ഒരു കോടി രൂപയുടെ സംഭാവനയാണ് ക്രിസ്തുമസ് ദിനത്തിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സംഘവും തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തിന് കൈമാറിയത്. വെള്ളയമ്പലം അതിരൂപത കേന്ദ്രത്തിൽ ക്രിസ്മസ് ആശംസകൾ നേരാൻ എത്തിയപ്പോഴാണ് ഡോ.സൂസപാക്യത്തിന് കാതോലിക്കാബാവ സാമ്പത്തിക സഹായം കൈമാറിയത്.

എല്ലാവർഷവും മാർ ക്ലീമിസ് ബാവയുടെ നാമഹേതുക തിരുന്നാളിനോടനുബന്ധിച്ച് ലഭിക്കുന്ന സംഭാവന ഉപയോഗിച്ച് ഒരു പുതിയ ജീവകാരുണ്യ പദ്ധതി ആരംഭിക്കാറുണ്ട്. ഇങ്ങനെ ഈ വർഷം ലഭിച്ച തുകയും മേജർ അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സ്വരൂപിച്ച തുകയും ചേർത്താണ് തീരപ്രദേശത്തെ ദുരിത ബാധിതർക്ക് നൽകിയത്.

മുൻപ,് ക്രിസ്മസ് ദിനത്തിൽ വൈദികരോടൊപ്പം വിഴിഞ്ഞത്തെത്തിയ കാതോലിക്കാ ബാവ കടലിൽ മരിച്ചവരുടെയും കാണാതായവരുടെയും 15 ഭവനങ്ങൾ സന്ദർശിച്ചു പ്രാർത്ഥിച്ചിരുന്നു. അടുത്ത വർഷം ജനുവരി രണ്ടിനു നടത്തുന്ന നാമഹേതുക തിരുന്നാൾ ആഘോഷങ്ങൾ റദ്ദ് ചെയ്യാൻ തീരുമാനിച്ച അതിരൂപതാ നേതൃത്വം അന്നു രാവിലെ എട്ടിനു പട്ടം കത്തീഡ്രലിൽ നടക്കുന്ന സമൂഹബലിക്കു ശേഷം ദുരന്ത ബാധിതർക്കായി അഖണ്ഡ ജപമാല നടത്തും. മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ മറ്റു രൂപതകളും സന്ന്യാസ സമൂഹങ്ങളും സംഘടനകളും കെസിബിസിയുടെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.