‘ഓഖി പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം’

0
257

ജീവിതം വഴിമുട്ടിയ ഓഖി ദുരിതബാധിതർ നിത്യവൃത്തിക്കായി കേഴുമ്പോൾ സർക്കാർ മനഃപൂർവ്വം ഓഖി പുനഃരധിവാസ പ്രവർത്തനങ്ങൾ വൈകിപ്പിക്കുകയാണെന്നും ഇത് ദുഃഖകരവും വേദനാജനകവുമാണെന്നും തിരുവനന്തപുരം അതിരൂപതാ ഫൊറോനാ പ്രതിനിധിസമ്മേളനം അഭിപ്രായപ്പെട്ടു.
ഉറ്റവർക്കും ഉടയവർക്കുമൊപ്പം വള്ളവും വലയും ഉൾപ്പെടെ തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ട് ദൈനംദിന ചെലവുകൾക്ക് നിവൃത്തിയില്ലാതെ കഴിയുന്ന തീരദേശ മത്സ്യത്തൊഴിലാളികൾ ഇന്ന് ദുരിതത്തിലാണ്. ഭക്ഷണത്തിനും ഫീസിനും നിവൃത്തിയില്ലാതെ വിദ്യാർത്ഥികൾ സ്‌കൂൾ പഠനം ഉപേക്ഷിച്ചുതുടങ്ങി. കൊടിയ ചൂടും കടൽ പരിസ്ഥിതിയിലെ മാറ്റവും മത്സ്യമേഖലയെ ഏറെ പ്രതികൂലമായി ബാധിച്ചുവെന്ന് മാത്രമല്ല, പകർച്ചവ്യാധികളുടെ ഭീഷണിയിലുമാണ്. ഈ സാഹചര്യത്തിൽ ഓഖി പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.

ഓഖി ദുരന്തത്തിൽപ്പെട്ട് മരണമടഞ്ഞ 49 പേരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതൊഴിച്ചാൽ സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ടത്ര സമാശ്വാസ പദ്ധതികൾ ഉണ്ടായിട്ടില്ല. ഓഖി ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ അനുവവദിച്ച 143 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 100 കോടിയിലേറെ രൂപയും ഉൾപ്പെടെ 250 കോടി രൂപയിലധികം ലഭിച്ചിട്ടും ഓഖി ദുരിതബാധിതരുടെ പുനഃരധിവാസത്തിൽ സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ദുരിതബാധതരുടെ ചികിത്സ, തൊഴിൽ, പാർപ്പിടം, വിദ്യാഭ്യാസം, പുനഃരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ദുരന്തത്തെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് അടിയന്തിരമായി സുരക്ഷാ ഉപകരണങ്ങളും, മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും ലഭ്യമാക്കാനും നടപടിയുണ്ടാകണം.

ഓഖി ദുരന്തത്തിൽപ്പെട്ട് കടലിൽ കാണാതായി ഇനിയും മടങ്ങിവരാത്ത മുഴുവൻ മത്സ്യത്തൊഴിലാളികളും മരിച്ചതായി പ്രഖ്യാപിച്ച് അവരുടെ കുടുംബങ്ങൾക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകണമെന്നും ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ വാഗ്ദാനം അനുസരിച്ച് സർക്കാർ സർവീസിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റുവഴി ജോലി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജീവിതം ദുരിതത്തിലായ തീരദേശ ജനതയോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും തങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി മത്സ്യത്തൊഴിലാളികളെ പ്രക്ഷോഭത്തിലേക്ക് വലിച്ചിഴക്കരുതെന്നും യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ മോൺ. എ.വിൽഫ്രഡ്, ഫാ. തിയോഡേഷ്യസ് ഡിക്രൂസ്, ഫാ. ഷാജിൻ ജോസ്, ഫാ. എ.ആർ.ജോൺ, ഫാ. ലെനിൻ ഫെർണാണ്ടസ്, ഫാ. ടോണി, പ്ലാസിഡ് ഗ്രിഗറി, ഇസഹാക്ക് ജോൺ, ജോണി പൂന്തുറ, ബോസ്‌കോ കൊല്ലങ്കോട്, സിറിൽ വിഴിഞ്ഞം തുടങ്ങിയവർ പ്രസംഗിച്ചു.