ഓമറുകൾ സൂക്ഷിക്കാൻ മറക്കരുത്

887

വർഷങ്ങൾക്കുമുമ്പ് പുറത്തുവന്ന റിപ്പോർട്ടനുസരിച്ച് ലണ്ടനിലെ വലിയൊരു ശതമാനം കുട്ടികൾക്കും ക്രിസ്മസ് യേശുവിന്റെ ജന്മദിനമാണെന്ന കാര്യം അറിയില്ല. 10-13 പ്രായപരിധിയിലുള്ള കുട്ടികളുടെ ഇടയിൽ നടത്തിയ സർവേ പ്രകാരം 33 ശതമാനം കുട്ടികളും വിചാരിച്ചിരിക്കുന്നത് ക്രിസ്മസ് സാന്താക്ലോസിന്റെ ജന്മദിനമാണ് എന്നായിരുന്നു.

ജനസംഖ്യയിൽ 90 ശതമാനത്തോളം ക്രൈസ്തവരാണ് ആ രാജ്യത്ത്. അവിടെ ക്രിസ്മസ് ഒരു മാസം നീളുന്ന ആഘോഷമാണ്. എന്നാൽ, ക്രിസ്മസിന്റെ യഥാർത്ഥ കാരണംപോലും മൂന്നിലെന്ന് കുട്ടികൾക്കും അറിയില്ലെന്നത് നമ്മെ ചിന്തിപ്പിക്കണം. ഈ ശതമാനവും പഠനവും കൃത്യതയാർന്നത് അല്ലെന്ന് വേണമെങ്കിൽ വാദിക്കാം. അതിൽ കുറച്ചു സത്യവും ഉണ്ടായെന്നു വരാം. എന്നിരിക്കലും ക്രിസ്മസ് ക്രിസ്തുവിന്റെ ജന്മദിനമാണെന്ന് അറിയാത്ത കുറച്ചുപേരെങ്കിലും ഉണ്ടെന്നത് തള്ളിക്കളയാനാവില്ല.

ക്രിസ്തീയതയുമായി ബന്ധപ്പെട്ട ബിംബങ്ങൾ തുടച്ചുമാറ്റാൻ ഐ.എസുപോലുള്ള തീവ്രവാദികൾ ആയുധശക്തി ഉപയോഗിച്ച് കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവിടങ്ങളിൽ അവർ പൂർണമായും പരാജയപ്പെടുകയാണ്. അതേസമയം ക്രിസ്തീയതയുടെ സ്ഥാനത്ത് മറ്റു പലതും സ്ഥാപിച്ചുകൊണ്ട് ക്രിസ്തുവിനെ മറയ്ക്കാൻ ബുദ്ധിപൂർവം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം.

വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ടാണ് സാന്താക്ലോസിന്റെ ചരിത്രമെങ്കിലും വിശുദ്ധൻ ഏതാണ്ട് പൂർണമായും പിന്തള്ളപ്പെട്ടു കഴിഞ്ഞു. ആ സ്ഥാനത്ത് വെറും സാന്താക്ലോസായി മാറി. ഇത് ഒന്നോ രണ്ടോ വർഷങ്ങൾകൊണ്ട് സംഭവിച്ചതല്ല. കൃത്യമായ പ്ലാനിങ്ങിൽ തയാറാക്കപ്പെട്ട ഒന്നാണ്. സാന്താക്ലോസുമായി ബന്ധപ്പെട്ടതൊന്നും ക്രിസ്മസ് ആഘോഷങ്ങളിൽ ഉപയോഗിക്കരുതെന്ന് അർത്ഥമില്ല. എന്നാൽ ക്രിസ്മസ് ആഘോഷങ്ങളിൽ ക്രിസ്തു ഒരിക്കലും മറയ്ക്കപ്പെടരുത്. പുതിയ തലമുറ ക്രിസ്മസിന്റെ കാരണം അറിയാതെ പോയതിന്റെ പേരിൽ മറ്റാരെയും പഴിച്ചതുകൊണ്ട് കാര്യമില്ല.

സ്വന്തം ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ മാതാപിതാക്കൾ പരാജയപ്പെട്ടതാണ് അടിസ്ഥാനകാരണം. ക്രിസ്മസിന് മക്കൾക്ക് സമ്മാനങ്ങൾ നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കാറുണ്ട്. അതോടൊപ്പം എന്താണ് ക്രിസ്മസ് എന്നു മനസിലാക്കിക്കൊടുക്കാൻ മറക്കരുത്. ഇത് ലണ്ടനിൽ സംഭവിച്ചതല്ലേ എന്ന് ചിന്തിക്കാനും പാടില്ല. ക്രിസ്തുവിനെ നൽകാതെ ആഘോഷങ്ങളുടെ ആരവങ്ങളിൽ മുഴുകിപ്പോയാൽ നാളെ എവിടെ വേണമെങ്കിലും സംഭവിക്കാം. ക്രിസ്മസിന്റെ ചൈതന്യത്തിന് നിരക്കാത്ത വിധത്തിലുള്ള ആഘോഷങ്ങളിൽ മുഴുകുമ്പോഴും ഇങ്ങനെയുള്ള അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ലഹരിയുടെ മുമ്പിൽ ആഘോഷങ്ങൾ അവസാനിപ്പിക്കുന്നവർക്ക് ക്രിസ്മസിന്റെ കാരണം പുതിയ തലമുറയോട് പറഞ്ഞുകൊടുക്കാൻ കഴിയില്ല.

എല്ലാ രാജ്യങ്ങളിലും അവരുടെ ചരിത്രവുമായി ബന്ധപ്പെട്ട വലിയ ആഘോഷങ്ങൾ ഉണ്ടാകും. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം രാജ്യം സമുചിതമായാണ് ഓരോ വർഷവും കൊണ്ടാടുന്നത്. ആ ദിനം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്രം പുതിയ തലമുറയ്ക്ക് ബോധ്യമാകുന്ന രീതിയിലായിരിക്കും ആഘോഷങ്ങൾ. രാജ്യത്തിന്റെ ചരിത്രം പുതിയ തലമുറ അറിയേണ്ടത് അനിവാര്യമാണ്.

ചരിത്രം പറഞ്ഞുകൊടുക്കുന്നതിൽ ആത്മീയതയിലും വീഴ്ചവരുത്തരുത്. അല്ലെങ്കിൽ ആഘോഷങ്ങളുടെ യാഥാർത്ഥ്യം വിസ്മരിച്ച് നടത്തുന്ന ആഘോഷങ്ങൾകൊണ്ട് എന്തു മേന്മയാണുള്ളത്? പഴയ നിയമത്തിൽ ദൈവം ഇസ്രായേൽക്കാരുടെ ജീവിതത്തിൽ ഇടപെട്ട് വലിയ അത്ഭുതങ്ങൾ ചെയ്യുന്ന അവസരങ്ങളിലെല്ലാം അവിടുന്ന് നേതാക്കന്മാരോട് അതു കൃത്യമായി രേഖപ്പെടുത്തണമെന്നും അടുത്ത തലമുറയ്ക്ക് ദൈവം വഴിനടത്തിയ അനുഭവങ്ങൾ പറഞ്ഞുകൊടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. മരുഭൂമിയിൽവച്ച് മന്ന നൽകിയിട്ട് അതിന്റെ ഒരു ഭാഗം അടുത്ത തലമുറയെ ഓർമിപ്പിക്കുന്നതിനുവേണ്ടി സൂക്ഷിച്ചുവയ്ക്കാൻ ദൈവം മോശയോട് ആവശ്യപ്പെടുന്നുണ്ട്. ”മോശ അഹറോനോടു പറഞ്ഞു: ഒരു പാത്രത്തിൽ ഒരു ഓമെർ മന്നാ എടുത്ത് നിങ്ങളുടെ പിൻതലമുറകൾക്കുവേണ്ടി കർത്താവിന്റെ സന്നിധിയിൽ സൂക്ഷിച്ചുവയ്ക്കുക. കർത്താവ് മോശയോട് കല്പിച്ചതുപോലെ അഹറോൻ അതു സാക്ഷ്യപേടകത്തിനു മുമ്പിൽ സൂക്ഷിച്ചുവച്ചു (പുറ. 16:33-34).

പഴനിയമംകൊണ്ട് അവസാനിക്കാനുള്ളതല്ല ഇത്തരം പ്രവൃത്തികൾ. അത് എന്നും തുടരേണ്ടതാണ്. പഴയനിയമത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങൾ എടുത്താൽ ദൈവം അനുഗ്രഹിച്ചതിന്റെയും വഴിനടത്തിയതിന്റെയും ഓർമയ്ക്കായി സ്ഥാപിക്കപ്പെട്ടവയാണ്. എല്ലാ തലമുറകളും അത് അറിയുന്നതിനുവേണ്ടിക്കൂടിയാണ് അനന്തജ്ഞാനിയായ ദൈവം ആ ആഘോഷങ്ങളിലേക്ക് മനുഷ്യനെ നയിച്ചത്. നമ്മുടെ ആഘോഷങ്ങളുടെ യഥാർത്ഥ കാരണങ്ങൾ പുതിയ തലമുറയ്ക്ക് വ്യക്തമാകുന്ന രീതിയിൽ ആഘോഷങ്ങൾ പുനഃക്രമീകരിക്കപ്പെടണം. ക്രിസ്തു മറയ്ക്കുന്ന രീതിയിലേക്ക് ആഘോഷങ്ങളുടെ ശൈലികൾ രൂപപ്പെടരുത്. ക്രിസ്മസുകൾ ലോകം രക്ഷകനെ അറിയാനുള്ള അവസരങ്ങളായി മാറണം.