ഓസ്ട്രേലിയൻ പ്ലീനറി കൗൺസിലിന് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം

0
213

മെൽബൺ: കത്തോലിക്കാസഭയുടെ ഓസ്ട്രേലിയയിലെ ആദ്യ പ്ലീനറി കൗൺസിൽ 2020 ഒക്ടോബറിൽ ചേരുവാനുള്ള ബിഷപ്പ് കൗൺസിലിന്റെ തീരുമാനത്തിന് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകി. എൺപതുവർഷങ്ങൾക്കു ശേഷം നടക്കുന്ന പ്ലീനറി കൗൺസിലിനാണ് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയത്.

ഓസ്ട്രേലിയയിലെ എല്ലാ ബിഷപ്പുമാരും ഈ അനുവാദത്തിന് ഫ്രാൻസിസ് പാപ്പയോട് പ്രത്യേകം നന്ദി പറയുന്നതായും ദൈവജനമെല്ലാം കൗൺസിലിന്റെ വിജയത്തിനായി പ്രാത്ഥിക്കണമെന്നും കൗൺസിലിന്റെ ബിഷപ്പ് കമ്മീഷന്റെ ചെയർമാനായ ബ്രിസ്ബേൻ ആർച്ചുബിഷപ്പ് മാർക്ക് കോളറിഡ്ജ് പറഞ്ഞു.

“ഓസ്ട്രേലിയയിലെ കത്തോലിക്കാ സഭയുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുകയാണ് ഈ കൗൺസിലിന്റെ മുഖ്യ ലക്ഷ്യം .ഓസ്ട്രേലിയയിൽ ദൈവം നമ്മോടു ആവശ്യപ്പെടുന്നത് എന്താണെന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് ഈ കൗൺസിലിന്റെ ഉദ്ദേശ്യം”; അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്ലീനറി കൗൺസിലിന്റെ പ്രസിഡന്റായി പെർത്തിലെ ആർച്ചുബിഷപ്പ് തിമോത്തി കോസ്റ്റാല്ലോയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. “പ്രസിഡന്ററായി സ്ഥാനം ഏറ്റെടുക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. സഭയ്ക്ക് പുതിയൊരു ഉണർവുണ്ടാകാൻ ഈ കൗൺസിൽ കാരണമാകും. പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ചുമുന്നേറാൻ ഞാൻ എന്നെ സമർപ്പിക്കുന്നു. എല്ലാ കത്തോലിക്കരും ഈ അവസരം തങ്ങളുടെ മനസ്സിലും ഹൃദയത്തിലുമുള്ളത് തുറന്നുപറയാൻ ഉപയോഗപ്പെടുത്തണം”; അദ്ദേഹം ഓർമ്മിപ്പിച്ചു.

“കൗൺസിലിന് മുന്നോടിയായുള്ള പ്ലാനിംഗ് മീറ്റിംഗുകൾ സംഘടിപ്പിച്ചപ്പോൾ അനേകം വിശ്വാസികൾ ഓസ്ട്രേലിയൻ സഭയെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷ പങ്കുവച്ചത് എന്നെ വല്ലാതെ സ്പർശിച്ചു”; പ്ലീനറി കൗൺസിൽ ഫസിലിറ്റേറ്റർ ലാന ടാർവി പറഞ്ഞു. സഭയോട് അകന്നു കഴിയുന്ന ധാരാളം വിശ്വാസികളെ തിരിച്ചു കൊണ്ടുവരുന്നതിനും അവരുടെ അഭിപ്രായങ്ങളും വിചാരങ്ങളും പങ്കുവക്കുന്നതിനും ഈ കൌൺസിൽ ഒരു വേദിയാകുമെന്നും ലാന പ്രത്യാശ പ്രകടിപ്പിച്ചു.

“പ്ലീനറി കൗൺസിലിന് മുന്നോടിയായി ഓസ്ട്രേലിയയിലെ എല്ലാ രുപതകളിലും വർക്കിംഗ് കമ്മറ്റി രുപീകരിക്കുകയും ഈ വർഷത്തെ പന്തക്കുസ്താ തിരുനാളോടുകൂടെ വിശ്വാസികളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുകയും അതിനെ അടിസ്ഥാനമാക്കി ഒരു അജണ്ട രുപപ്പെടുത്തുകയും ചെയ്യും. അതിനുവേണ്ടി എല്ലാ വിശ്വാസികളോടും അവരുടെ ജീവിതാനുഭവങ്ങളും വിശ്വാസ ജീവിതവും പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. പ്ലീനറി കൗൺസിലിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ വിശ്വാസികൾക്കായുള്ള ഒരു വെബ്‌സൈറ്റ് കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. കൗൺസിലിന്റെ കൂടുതൽ നടപടി ക്രമങ്ങളറിയാൻ എല്ലാവരും ഈ വെബ്‌സൈറ്റ് സന്ദർശിക്കാൻ അഭ്യർത്ഥിക്കുന്നു”; അവർ വ്യക്തമാക്കി.