കണിക്കൊന്നപ്പൂക്കൾ സമ്മാനിച്ച് നവതിയാഘോഷം

0
235

പാലാ: കണിക്കൊന്ന പൂവുകൾ കൈമാറിയ ജന്മദിന ആശംസകൾക്ക് നവതിയുടെ നൈർമല്യത്തിന്റെ നിറവുണ്ടായിരുന്നു. പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ 91-ാം ജന്മദിനത്തിലാണ് അടുത്തയിടെ നവതി പിന്നിട്ട ഓർത്തഡോക്‌സ് സഭയിലെ ഗുരുരത്‌നം ഫാ. ഡോ. ടി.ജെ. ജോഷ്വയുടെ നേതൃത്വത്തിൽ അനുമോദനവുമായെത്തിയത്.
ബിഷപ്‌സ് ഹൗസിൽ വിശ്രമജീവിതം നയിക്കുന്ന മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ അടുത്തേക്ക് അപ്രതീക്ഷിതമായാണ് ജന്മദിന ആശംസകളുമായി സ്‌നേഹിതൻ കൂടിയായ ഫാ. ഡോ. ടി.ജെ. ജോഷ്വയും സംഘവും എത്തിയത്. വിഷുക്കാലമായതിനാൽ പൂച്ചെണ്ടുകൾക്ക് പകരം കണിക്കൊന്ന പൂവുകളും കണിക്കൊന്നകൊണ്ട് തീർത്ത ഹാരവുമായിരുന്നു കരുതിയിരുന്നത്. രണ്ടു നവതിക്കാരുടെ പരസ്പരമുള്ള ആശംസകൾക്കും ബിഷപ്‌സ് ഹൗസ് സാക്ഷ്യം വഹിച്ചു. ഏറ്റവും വന്ദ്യനായ ജോഷ്വ അച്ചനിൽനിന്ന് ലഭിച്ച സ്‌നേഹം ദൈവത്തിന് സമർപ്പിക്കുന്നതായി മാർ പള്ളിക്കാപ്പറമ്പിൽ പറഞ്ഞു.
ഓർത്തഡോക്‌സ് സഭയുടെ ആദരമാണ് അദ്ദേഹത്തിന് അർപ്പിച്ചതെന്ന് ഫാ. ഡോ. ടി.ജെ. ജോഷ്വ പറഞ്ഞു. എം.ജി സർവകാലശാല മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ്, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ്ങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവരും ഒപ്പമുണ്ടായിരുന്നു.