കത്തോലിക്കാസഭ പത്തിന് പ്രാർത്ഥനാദിനമായി ആചരിക്കും

ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി പുറപ്പെടുവിക്കുന്ന സർക്കുലർ

0
449

എറണാകുളം: ചുഴലിക്കാറ്റിൽ ഇനിയും തിട്ടപ്പെടുത്താൻ കഴിയാത്തവിധത്തിൽ മത്സ്യത്തൊഴിലാളികൾ അകപ്പെടുകയും മത്സ്യബന്ധനോപാധികൾ നശിക്കുകയും ചെയ്തു എന്നത് ആശങ്കയും ദുഃഖവും വർധിപ്പിക്കുന്നതായി കേരള കത്തോലിക്കാ മെത്രാൻസംഘം പറഞ്ഞു.
പാലാരിവട്ടം പിഒസിയിൽ നടന്ന കെസിബിസി യോഗം ഇതെക്കുറിച്ച് വിശദമായി ചർച്ച നടത്തി. ചർച്ചയുടെ പ്രസക്തഭാഗങ്ങൾ ചുവടെ;

ഇക്കഴിഞ്ഞ നവംബർ 29-ന് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് അനേകം കുടുംബങ്ങളുടെ ജീവിതസ്വപ്നങ്ങളെയാണ് തകർത്തത്. ദുരന്തം വൻതോതിൽ തീരദേശത്തെയും ഒപ്പം, ഉൾനാടൻ-മലയോര പ്രദേശങ്ങളെയും ബാധിച്ചു. അനേകം മനുഷ്യജീവിതങ്ങൾ ഹോമിക്കപ്പെട്ടു. പാവപ്പെട്ട തൊഴിലാളികൾ ഒരായുസ്സുകൊണ്ട് നേടിയെടുത്ത ജീവനോപാധികളും പാർപ്പിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർന്നടിഞ്ഞു.

പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കത്തോലിക്കാ മെത്രാന്മാരെല്ലാവരും വല്ലാർപാടം മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷ നടത്തി. പ്രകൃതിക്ഷോഭത്തിൽ ജിവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ കെസിബിസി ഹൃദയപൂർവം പങ്കുചേരുന്നു.

സമയോചിതമായ നടപടികളുണ്ടായിരുന്നെങ്കിൽ ഇത്രയധികം ജീവഹാനി ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്. ഇത്തരം ദുരന്തങ്ങളെ ഭാവിയിൽ ഒഴിവാക്കാനും ഫലപ്രദമായി നേരിടാനും ദുരന്തനിവാരണ അഥോറിറ്റി, തീരദേശ വികസന അഥോറിറ്റി, മറൈൻ എൻഫോഴ്‌സ്‌മെന്റ,് തീരദേശ പോലീസ,് കോസ്റ്റ് ഗാർഡ,് ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ സംവിധാനങ്ങളെ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് നടപടികൾ ഉണ്ടാകണം. തീരമേഖലയുടെ വിഷയങ്ങൾ കൈകാര്യംചെയ്യുന്നതിന് കേന്ദ്രസർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള മന്ത്രാലയം രൂപീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേരള മെത്രാൻ സമിതി ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അറിയിക്കുകയും ദുരിതത്തിൽ കഴിയുന്ന തീരജനതയുടെ സമഗ്രവികസനത്തിനുവേണ്ടി പുനരധിവാസ പാക്കേജ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മനുഷ്യാവകാശദിനമായ ഡിസംബർ 10 ഞായറാഴ്ച കേരളത്തിലെ കത്തോലിക്കാസഭയും ഭാരതകത്തോലിക്കാസഭയും ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രാർത്ഥനാദിനമായി ആചരിക്കുകയാണ്. ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ ദിവ്യബലിമധ്യേ അനുസ്മരിച്ചു അന്നേദിവസം പ്രാർത്ഥിക്കണമന്ന് മെത്രാൻ സംഘം പ്രഖ്യാപിച്ചു. അന്നേ ദിനം സമാഹരിക്കുന്ന പ്രത്യേക ദുരിതാശ്വാസനിധി തീരദേശജനതയുടെ സമാശ്വാസത്തിനുവേണ്ടി നീക്കിവയ്ക്കുന്നതാണ്. വിശ്വാസികൾ ഒരു ദിവസത്തെ വരുമാനമെങ്കിലും ദുരിതാശ്വാസപ്രവർത്തനത്തിനായി സംഭാവനചെയ്യണമെന്നും കെസിബിസി അഭ്യർത്ഥിച്ചു.