കമ്മ്യൂട്ടർ ട്രെയിൻ സ്‌ഫോടനം: പ്രാർത്ഥന അഭ്യർത്ഥിച്ച് കർദിനാൾ വിൻസെന്റ് നിക്കോൾസ്

238

ലണ്ടൻ: കമ്മ്യൂട്ടർ ട്രെയിനിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റ സാഹചര്യത്തിൽ സമാധാനത്തിനായി എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിച്ച് വെസ്റ്റ്മിൻസ്റ്റർ കർദിനാൾ വിൻസെന്റ് നിക്കോൾസ്.

ജോലിസ്ഥലത്തേക്കും സ്‌കൂളിലേക്കുമായി യാത്ര ചെയ്തിരുന്ന കുട്ടികളുൾപ്പടെയുള്ളവരുടെ നേർക്കുണ്ടായ മറ്റൊരാക്രമണം തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ കർദിനാൾ വ്യക്തമാക്കി.

സ്‌ഫോടനത്തിൽ പരിക്കേറ്റവർക്കും പരിഭ്രാന്തരായവർക്കുമായി താൻ പ്രാർത്ഥിക്കുന്നതായും എല്ലാ ലണ്ടൻകാർക്കും ദൈവം സമാധാനം നൽകട്ടെയെന്നും തന്റെ ട്വീറ്റിൽ വ്യക്തമാക്കിയ അദ്ദേഹം ഇത്തരം തിന്മകളെ ചെറുക്കുന്നതിനുള്ള തങ്ങളുടെ നിശ്ചയദാർഢ്യത്തെ ദൈവം ശക്തിപ്പെടുത്തട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. കൂടാതെ, സ്‌ഫോടനത്തിനിരയായവരെ ആശുപത്രിയിലെത്തിച്ചവർക്കും മറ്റ് അടിയന്തിര സഹായങ്ങൾ നൽകിയവർക്കും നന്ദിയറിക്കുന്നതായും എല്ലാവരും ജാഗ്രതയോടെ ശാന്തരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാവിലെ തിരക്കുള്ള സമയത്താണ് സൗത്ത് വെസ്റ്റിലെ പാർസൺസ് ഗ്രീൻ സ്റ്റേഷനിലെ കമ്മ്യൂട്ടർ ട്രെയിനിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ 22 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, സ്‌ഫോടനം നടത്താൻ ഉപയോഗിച്ച ഉപകരണത്തിൽ നിന്ന് ടൈമർ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. സ്‌ഫോടനം ഭീകരാക്രമണമാണെന്നും കുറ്റവാളികൾക്കായുള്ള തിരച്ചിൽ നടന്ന് കൊണ്ടിരിക്കുകയാണെന്നും അവരറിയിച്ചു. ഈ വർഷം ലണ്ടനിലുണ്ടായ നാലാമത്തെ ഭീകരാക്രമണമാണിത്.