കരുണയുടെ പാഠങ്ങളുമായി ചണ്ഡിഗഡിലെ സ്‌കൂളുകൾ

222

ചണ്ഡിഗഡ്: സഹജീവികളോട് കരുണകാണിക്കേണ്ടത് കടമയാണെന്ന ബോധ്യം നൽകുന്നതിനായി ചണ്ഡിഗഡിലെ സ്‌കൂളുകളിൽ വാൾ ഓഫ് കൈന്റ്‌നസ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയും പദ്ധതിക്കുണ്ട്. വസ്ത്രങ്ങൾ, പുസ്തകങ്ങൾ, മറ്റു വസ്തുക്കൾ തുടങ്ങിയവയാണ് ഇങ്ങനെ പങ്കുവയ്ക്കുന്നത്. ആർക്കാണ് നൽകുന്നതെന്ന് കൊടുക്കുന്നവരും ആരാണ് നൽകിയതെന്ന് വാങ്ങുന്നവരും അറിയുന്നില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.

സ്‌കൂളുകളിലെ പ്രത്യേക സ്ഥലങ്ങളിൽ ഇങ്ങനെയുള്ള വസ്തുക്കൾ നിക്ഷേപിക്കാനുള്ള പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. വസ്ത്രങ്ങൾ ഹാങ്ങറുകളിൽ തൂക്കിയിട്ടിരിക്കും. ആവശ്യക്കാർക്ക് അവിടെനിന്നും എടുക്കാം. ചണ്ഡിഗഡിലെ പ്രമുഖ സ്‌കൂളുകളായ കാർമൽ കോൺവെന്റ് സ്‌കൂൾ, സെന്റ് ജോസഫ് സ്‌കൂൾ, സെന്റ് സ്റ്റീഫൻസ് സ്‌കൂൾ,് സമാജ് സ്‌കൂൾ, ഗൺമെന്റ്‌ഗേൾസ്‌ഹൈസ്‌സ്‌കൂൾ എന്നിവിടങ്ങളിൽ പദ്ധതി തുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട കാമ്പയിനും നടന്നുവരുന്നു. തണുപ്പ് കാലത്ത് പാവപ്പെട്ട അനേകം കുട്ടികൾക്ക് കമ്പിളി വസ്ത്രങ്ങൾ ലഭിക്കാൻ പദ്ധതി കാരണമായി.

വളരെ അനുകൂലമായ പ്രതികരണം ലഭിച്ച സാഹചര്യത്തിൽ പദ്ധതി എല്ലായിടത്തേക്കും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി. പദ്ധതി ആരംഭിച്ചപ്പോൾത്തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഈ പദ്ധതി വീടുകളോട് ചേർന്നും പലരും ചെറിയ തോതിൽ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ തുടക്കം വർഷങ്ങൾക്കുമുമ്പ് ഇറാനിലായിരുന്നു. സഹായം ചെയ്യുന്നത് മറ്റുള്ളവർ അറിയേണ്ടതില്ലെന്ന ബോധ്യം പുതിയ തലമുറയ്ക്ക് നൽകുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗംകൂടിയാണ് പദ്ധതി.