‘കരുണയോടെ നോക്കാത്തതുകൊണ്ട് ആളുകൾ പാപത്തിൽ തുടരുന്നു’

തെറ്റുകളില്ലാത്ത മനുഷ്യർക്ക് വേണ്ടിയല്ല, ദൈവകരുണ ആവശ്യമുള്ള പാപികൾക്ക് വേണ്ടിയാണ് സഭ നിലനിൽക്കുന്നത്. പാപമോചനം സാധ്യമാക്കുന്ന ദൈവസ്‌നേഹത്തിന്റെ ആഴത്തെക്കുറിച്ച് നാം ധ്യാനിക്കണം.

480

ക്രിസ്തുവിനെപ്പോലെ കരുണയോടെ നോക്കുവാൻ ആളില്ലാത്തതുകൊണ്ട് നിരവധിയാളുകൾ ഇന്നും പാപത്തിൽ തുടരുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശാരീരികമായ വേദന മാത്രമല്ല തങ്ങളുടെ പാപം നിമിത്തം അടിസ്ഥാനപരമായി തങ്ങൾക്ക് എന്തോ കുറവുണ്ടെന്ന് വിശ്വസിക്കുന്നവരുടെ ആന്തരിക വേദനയും കാണുവാൻ ഈശോയ്ക്ക് കഴിഞ്ഞിരുന്നുവെന്ന് പോൾ ആറാമൻ ഹാളിൽ നടത്തിയ പൊതുദർശനത്തി ൽ പാപ്പ പറഞ്ഞു.

തെറ്റുകളില്ലാത്ത മനുഷ്യർക്ക് വേണ്ടിയല്ല, ദൈവകരുണ ആവശ്യമുള്ള പാപികൾക്ക് വേണ്ടിയാണ് സഭ നിലനിൽക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വിലകുറവുള്ള ചന്തയിലെ വസ്തുപോലെ പാപമോചനം സ്വീകരിക്കുന്നവരായി പലപ്പോഴും നാം മാറുന്നുണ്ട്. പാപമോചനം സാധ്യമാക്കുന്ന ദൈവസ്‌നേഹത്തിന്റെ ആഴത്തെക്കുറിച്ച് ധ്യാനിക്കുവാൻ വല്ലപ്പോഴുമെങ്കിലും പരിശ്രമിക്കണം. രോഗബാധിതരെ സുഖപ്പെടുത്തിയതുകൊണ്ടോ ഉപവിയെക്കുറിച്ച് പ്രസംഗിച്ചതുകൊണ്ടോ സുവിശേഷഭാഗ്യങ്ങൾ പ്രഘോഷിച്ചതുകൊണ്ടോ അല്ല യേശു കുരിശുമരണം വരിച്ചത്. പാപങ്ങൾ മോചിക്കുന്നതിന് വേണ്ടിയാണ് ദൈവപുത്രൻ കുരിശിലേറിയത്. മനുഷ്യഹൃദയത്തിന് സമ്പൂർണമായ സ്വാതന്ത്ര്യം നൽകുവാൻ അവിടുന്ന് ആഗ്രഹിച്ചു. പാപത്തിന്റെ മായാത്ത മുദ്രയാൽ ജീവിതകാലം മുഴുവൻ മനുഷ്യൻ ക്ലേശിക്കുന്നത് അവിടുത്തേക്ക് സ്വീകാര്യമായിരുന്നില്ല. മനഃശാസ്ത്രപരമായി കുറ്റബോധത്തിൽ നിന്ന് അവരെ മോചിപ്പിക്കുക മാത്രമല്ല, സ്‌നേഹം നിറഞ്ഞ ഒരു പുതുജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ അവിടുന്ന് നൽകുകയും ചെയ്യുന്നു.

പാപിനിയായ സ്ത്രീയുടെ പാപങ്ങൾ യേശു മോചിച്ചത് അന്ന് ഒരു വിവാദമായിരുന്നു. കാരണം പാപിയും വിശുദ്ധനും, ശുദ്ധനും അശുദ്ധനും തമ്മിലുള്ള അതിർവരമ്പുകൾ കൃത്യമായി അടയാളപ്പെടുത്തിയിരുന്ന ഒരു സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്. എന്നാൽ യേശുവിന്റെ മനോഭാവം വ്യത്യസ്തമായിരുന്നു. തന്റെ ശുശ്രൂഷയുടെ ആദ്യ കാലഘട്ടം മുതൽ യേശു ദരിദ്രരെയും കുഷ്ഠരോഗികളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയുമാണ് ആശ്ലേഷിച്ചിരുന്നത്. അന്നത് അസാധാരണമായിരുന്നു. ആരെങ്കിലും ക്ലേശമനുഭവിക്കുന്നുണ്ടെങ്കിൽ യേശു ആ വ്യക്തിയെ ശുശ്രൂഷിക്കുകയും വേദന സ്വന്തമാക്കുകയും ചെയ്തു. സമൂഹം പുറത്താക്കിയവരോടും ഒറ്റപ്പെടുത്തിയവരോടും യേശു കാണിച്ച ആർദ്രത യേശുവിന്റെ സമകാലികരെ അസ്വസ്ഥതപ്പെടുത്തി.

ശാരീരിക രോഗങ്ങൾ പാപത്തിന്റെ ഫലമാണെന്ന് വിശ്വസിച്ചിരുന്ന സ്റ്റോയിക്ക് തത്വശാസ്ത്രജ്ഞർക്ക് വിരുദ്ധമായി യേശു മനുഷ്യന്റെ വേദനയിൽ പങ്കുചേർന്നു. സഹിക്കുന്ന ഒരോ വ്യക്തിയെ കാണുമ്പോഴും ക്രൈസ്തവ വിശ്വാസത്തെ അടയാളപ്പെടുത്തുന്ന കരുണ അവന്റെ ഹൃദയത്തിൽനിന്ന് പ്രവഹിച്ചു. അതുകൊണ്ടാണ് യേശു തന്റെ കരങ്ങൾ പാപികൾക്ക് നേരെ നീട്ടിയത്. ദൈവകരുണ ആവശ്യമുള്ള പാപികളാണ് നാമെല്ലാവരുമെന്ന് പാപ്പ തുടർന്നു. ഇത് മനസിലാക്കുന്നവരെ ലോകത്തിലെ ഏറ്റവും മനോഹരമായ ദൗത്യം ദൈവം ഭരമേൽപ്പിക്കുന്നു. ദൈവത്തിന് എല്ലാവരോടുമുള്ള സ്‌നേഹത്തെക്കുറിച്ചും ആരെയും ഉപേക്ഷിക്കാത്ത അവിടുത്തെ കരുണയെക്കുറിച്ചും പ്രഘോഷിക്കുവാനുള്ള ദൗത്യമാണിതെന്ന് പാപ്പ വ്യക്തമാക്കി.

വിദേശകാര്യ ലേഖകൻ