കര്‍ഷകര്‍ക്കുവേണ്ടി വാദിക്കാന്‍ ആരുമില്ലേ?

0
448

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ ഗ്രാമപഞ്ചാ യത്തിലെ പൂഴിത്തോട് മേഖലയില്‍പ്പെടുന്ന രണ്ടാം ചീളി താളിപ്പാറ കരങ്കണ്ണി മലനിരകളില്‍ ജീവിക്കുന്ന 101 കര്‍ഷകര്‍ തങ്ങളുടെ കൃഷി ഭൂമി വില തന്ന് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയെന്ന വിവരം ഇക്കഴിഞ്ഞ 22-ന് ദീപിക ദിനപത്രം (കോഴിക്കോട് എഡീഷന്‍) പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഞ്ച് സെന്റു മുതല്‍ അഞ്ച് ഏക്കര്‍ വരെയായി ആകെ 160 ഏക്കര്‍ ഫലഭൂയിഷ്ടമായ സ്ഥലമാണ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രദേശത്തു തരക്കേടില്ലാത്ത വീടുകള്‍ വച്ച് താമസിച്ചിരുന്ന 42 കുടുംങ്ങളും ഇവിടെനിന്നും താമസം മാറിയെന്ന വിവരവും വാര്‍ത്തയില്‍ ഉണ്ടായിരുന്നു. മികച്ച ആദായം ലഭിച്ചിരുന്ന സ്ഥലങ്ങള്‍ ഉപേക്ഷിച്ച് സമീപ ഗ്രാമങ്ങളില്‍ ഇപ്പോള്‍ അവര്‍ വാടകയ്ക്കാണ് താമസിക്കുന്നത്. അതിരൂക്ഷമായ വന്യമൃഗ ശല്യം മൂലം ജീവിക്കാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടതിനാലാണ് കര്‍ഷകര്‍ പടിയിറങ്ങാന്‍ നിര്‍ബന്ധിതരായത്.
കൃഷിഭൂമികള്‍ ഗവണ്‍മെന്റ് വില നല്‍കി ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍പ്പോലും അതിനെ അനുകൂലിക്കാത്തവരാണ് കര്‍ഷകര്‍. പൂര്‍വീകരായി കൈമാറിയ മണ്ണിനോടും ജനിച്ചുവളര്‍ന്ന പ്രദേശത്തോടും വൈകാരികമായ അടുപ്പമുള്ളതിനാലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചാലും വിട്ടുകൊടുക്കാന്‍ മടിക്കുന്നത്. അതിലുപരി കൃഷിഭൂമിയെ മക്കളെപ്പോലെ സ്‌നേഹിക്കുന്നവരാണ് കര്‍ഷകര്‍. എന്നിട്ടും അവിടെനിന്നു സ്വയം ഇറങ്ങുകയും ഭൂമി ഏറ്റെടുക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്യണമെങ്കില്‍ അവരുടെ അവസ്ഥ എത്ര ദയനീയമാണെന്ന് ഊഹിക്കാനാകും. കാര്‍ഷിക മേഖല പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. അതിനിടയില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ അവര്‍ എന്തു ചെയ്യും? മൃഗങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ അനേകരുണ്ട്. എന്നാല്‍, കര്‍ഷകരുടെ ഭാഗത്തുനില്ക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പറയാറുണ്ട്. രാഷ്ട്രീയ കക്ഷികള്‍ക്കുവേണ്ടി കൊടിപിടിക്കാനും മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്താനും എപ്പോഴും മുമ്പില്‍നില്ക്കുന്നത് കര്‍ഷകരാണ്. എന്നിട്ടും കര്‍ഷകരുടെ നിലനിലപ് അപകടത്തിലായ സാഹചര്യം രൂപപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടല്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അല്ലെങ്കില്‍ ജനിച്ച മണ്ണില്‍ ഭീതിയോടെ കഴിയേണ്ട സാഹചര്യം കര്‍ഷകര്‍ക്ക് വരുമായിരുന്നില്ല.
മനുഷ്യന് നല്‍കുന്നതിലും പ്രാധാന്യം മൃഗങ്ങള്‍ക്കു നല്‍കുന്നതില്‍ അസ്വാഭാവികതയുണ്ട്. മൃഗങ്ങളെ സംരക്ഷിക്കേണ്ട എന്ന ചോദ്യം സ്വഭാവികമായും ഉണ്ടാകാം. മൃഗസ്‌നേവും അവയുടെ സംരക്ഷണവുമൊക്കെ വേണം. കര്‍ഷകരുടെ മൃഗസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. മൃഗങ്ങളെ വളര്‍ത്തുന്നവരാണ് കര്‍ഷകര്‍. വനവിസ്തൃതി കുറഞ്ഞതിനാലാണ് മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതെന്നൊക്കയുള്ള വാദങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. കാരണം, സമീപകാലത്ത് വനത്തിന്റെ അളവില്‍ കുറവു സംഭവിച്ചിട്ടില്ല. ഈ പ്രശ്‌നത്തെ യാഥാര്‍ത്ഥ്യബോധത്തോടെ കാണണം. വന്യമൃഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് മുമ്പ് മനുഷ്യനും അവന്റെ ജീവനോപാധികള്‍ക്കും സുരക്ഷ നല്‍കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റിനുണ്ട്. ജനവാസ കേന്ദ്രങ്ങളിലേക്ക് പുലിയോ ആനയോ ഇറങ്ങുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. മനുഷ്യ ജീവന്‍ നഷ്ടപ്പെടുമെന്ന സാധ്യത ഉണ്ടാകുമ്പോഴാണ് വനംവകുപ്പും ഗവണ്‍മെന്റിന്റെ സംവിധാനങ്ങളും അതിന് ഗൗരവം നല്‍കുന്നത്. കുരങ്ങും പന്നിയും തുടങ്ങിയവ കൃഷിനശിപ്പിക്കുന്നതൊന്നും ഇപ്പോള്‍ വാര്‍ത്ത അല്ലാതായി മാറിയിരിക്കുന്നു. കാരണം, അതെല്ലാം നിത്യേന എന്നതുപോലെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്‌നമല്ല. ഗൗവത്തോടെ സമീപിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ സമാനമായ സാഹചര്യം അതിവിദൂരമല്ലാത്ത ഭാവിയില്‍ രൂപപ്പെടും. പല മലയോര മേഖലകളിലും വന്യമൃഗ ശല്യം മൂലം കൃഷിചെയ്യാന്‍ സാധിക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഏതാനും വര്‍ഷങ്ങള്‍കൊണ്ടാണ് വന്യമൃഗങ്ങളുടെ ഉപദ്രവം ഇത്രയും രൂക്ഷമായത്. കുടിയേറ്റ കാലങ്ങളില്‍പ്പോലും മനുഷ്യന് മൃഗങ്ങളെ അകറ്റിനിര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് കഴിയുന്നില്ല. കാരണം, നിയമത്തിന്റെ സംരക്ഷണം മൃഗങ്ങള്‍ക്കാണ് ലഭിക്കുന്നത്. സ്വയ രക്ഷയ്ക്കുപോലും മൃഗങ്ങളെ നേരിടാന്‍ കഴിയാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അനേകം കുടിയേറ്റ മേഖലകളില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഏതാനും കുടുംബങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. സംസ്ഥാനത്തെ കാര്‍ഷികമേഖലയുടെ നിലനില്പുതന്നെ ചോദ്യംചെയ്യുന്ന രീതിയിലേക്ക് വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്നു. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് സത്വരമായ ഇടപെടലുകള്‍ നടത്തണം. മനുഷ്യത്വവും ദൂരക്കാഴ്ചയുമുള്ള നടപടികള്‍ കൂടാതെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയില്ല.