കാണാതെ പോകരുത് ഈ ‘ഹീറോയിൻ’സിനെ

0
102

റോം: യുദ്ധത്തിന്റെയും മനുഷ്യക്കടത്തിന്റെയും ദുരുന്തമുഖത്തിൽ വേദനിക്കുന്നവർക്ക് താങ്ങായെത്തുന്ന സന്യാസിനിമാരെക്കുറിച്ചുള്ള സിമ്പോസിയം ‘വുമൺ റിലീജിയസ് ഓൺ ദി ഫ്രണ്ട് ലൈൻസ്’ റോമിൽ നടന്നു. യുഎസ് എംബസിയുടെയും ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സ് ജനറലിന്റെയും(യുഐഎസ്ജി) സോളിഡാരിറ്റി വിത്ത് സൗത്ത് സുഡാന്റെയും സംയുക്താഭിമുഖ്യത്തിലാണ് സിമ്പോസിയം നടന്നത്.
യുഎസ് അംബാസിഡർ കാലിസ്റ്റാ ഗിൻഗ്രിച്ച്, യുഐഎസ്ജി എക്‌സിക്ക്യൂട്ടീവ് സെക്രട്ടറി സിസ്റ്റർ പട്രീഷ്യ മുറെ, സന്യാസ സമൂഹങ്ങൾക്കും അപ്പസ്‌തോലിക സമൂഹങ്ങൾക്കുമായുള്ള തിരുസംഘത്തിലെ അംഗം ഫാ. ഹെന്റി ലെമോമസെല്ലി, ആർച്ച്ബിഷപ് പോൾ ഗാല്ലാഗർ തുടങ്ങിയവർ പ്രഭാഷണം നടത്തി.
കത്തോലിക്ക സഭയിലെ പുറത്തറിയപ്പെടാത്ത ഹീറോകളായ സന്യാസിനിമാരെ അംഗീകരിക്കാനും ആഘോഷിക്കാനുമായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് യുഎസ് അംബാസിഡർ കല്ലിസ്റ്റാ ഗിൻഗ്രിച്ച് പറഞ്ഞു. അവശരെയും അഭയാർത്ഥികളെയും അവർ ശുശ്രൂഷിക്കുന്നു. ഗവൺമെന്റുകൾ പരാജയപ്പെടുകയും സന്നദ്ധസംഘടനകൾ ക്ലേശിക്കുകയും ചെയ്യുന്ന സിറിയ, സൗത്ത് സുഡാൻ പോലുള്ള രാജ്യങ്ങളിൽ അവർ ജോലി ചെയ്യുന്നു; ലോകമെമ്പാടും സന്യാസിനിമാർ ചെയ്യുന്ന ജോലികൾക്ക് അംഗീകാരം ലഭിക്കുവാൻ സിമ്പോസിയം കാരണമാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് കല്ലിസ്റ്റ പറഞ്ഞു.
മനുഷ്യക്കടത്തിനിരയായ സ്ത്രീകളെ പുനഃരധിവസിപ്പിക്കുന്നതിനായി ഫിലിപ്പൈൻസിൽ പ്രവർത്തിക്കുന്ന ‘തലീത്ത കും’ എന്ന സ്ഥാപനത്തിന്റെ കോർഡിനേറ്റർ സിസ്റ്റർ സിസിലയ എസ്‌പെനില തന്റെ പ്രവർത്തനമേഖലയിൽ പ്രാർത്ഥനയ്ക്കുള്ള പ്രത്യേക സ്ഥാനത്തെക്കുറിച്ച് പങ്കുവച്ചു. മനുഷ്യക്കടത്തിനെതിരായ പ്രവർത്തനത്തിൽ പ്രാർത്ഥന ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. കുറ്റകൃത്യം നടത്തുന്നവർക്കെതിരെ മാത്രമല്ല ഞങ്ങൾ പോരാടുന്നത്. മനുഷ്യ അന്തസ്സിനെ തകർക്കാൻ ആഗ്രഹിക്കുന്ന തിന്മയ്‌ക്കെതിരെ തന്നെയാണ് ഞങ്ങളുടെ പോരാട്ടം. പ്രാർത്ഥനയിലൂടെ തന്നെയാണ് മനുഷ്യക്കടത്തിന് ഇരയായാവർക്ക് അതിനെ അതിജീവിക്കാനും പുതിയ സ്വപ്നങ്ങൾ കാണുവാനും സാധിക്കുന്നത്; സിസ്റ്റർ എസ്പനില പങ്കുവച്ചു.