കാണ്ടമാലിലെ ക്രൈസ്തവരുടെ ജപമണികള്‍

0
1694

കാണ്ടമാല്‍: കത്തോലിക്കസഭയിലെ വിശ്വാസികളെല്ലാവരും ഒക്‌ടോബറില്‍ പരിശുദ്ധ അമ്മയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന പാരമ്പര്യമുണ്ട്. ഇതിനൊടൊപ്പം ഭാരതസഭയുടെ വ്രണിത ഹൃദയമായ കാണ്ടമാലിലെ കത്തോലിക്കരും ഒന്നിച്ചുകൂടി ജപമാലയര്‍പ്പണം ആരംഭിച്ചു. അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനല്ല, മറിച്ച് ശത്രുക്കളില്‍ നിന്നും തങ്ങളെകാത്തുസൂക്ഷിക്കണമേ എന്നപേക്ഷിക്കുവാനായിരുന്നു ഇത്. മാത്രമല്ല, എല്ലാ ദിവസവും അവര്‍ ഒന്നുചേര്‍ന്ന് ഇന്ത്യയില്‍ സമാധാനവും ശാന്തിയും നിറയുവാനും പ്രാര്‍ത്ഥിക്കുന്നു.
കാണ്ടമാലില്‍ 2008 ലെ അതിഭീകരമായ മതപീഡനങ്ങളെ അതീജീവിച്ച തിയാന്‍ജിയ എന്ന ഗ്രാമത്തിലെ വിശ്വാസീസമൂഹമാണ് ഒക്ടോബര്‍ മാസം ഒരുമിച്ചുകൂടി ജപമാലചൊല്ലുന്നത്. 2500 ക്രൈസ്തവവിശ്വാസികളാണ് മാതാവിനോട് പ്രാര്‍ത്ഥിക്കുവാനായി ഇപ്പോള്‍ ദിനവും എത്തുന്നത്. കാണ്ടമാലില്‍ 2008-ല്‍ അരങ്ങേറിയ ക്രൈസ്തവര്‍ക്കുനേരെയുള്ള അക്രമങ്ങള്‍ ഏറ്റവും രൂക്ഷമായ തിയാന്‍ജിയ ഗ്രാമത്തില്‍നിന്ന് ഇന്ന് ഉയരുന്നത് സമാധാനത്തിന്റെയും ശാന്തിയുടെയും പ്രാര്‍ത്ഥനകളാണ്. തങ്ങളുടെ സഹനങ്ങളില്‍ അവര്‍ക്ക് ഏറ്റവും തുണയായത് ജപമാല ഭക്തിതന്നെയായിരുന്നുവെന്ന് അവര്‍ പറയുന്നു.
കട്ടക്-ഭുവനേശ്വര്‍ അതിരൂപതയിലെ രാക്കിയ ഇടവകയുടെ കീഴിലാണ് ഈ ഗ്രാമം ഉള്‍പ്പെടുന്നത്. മതപീഡനകാലത്ത് തനിക്ക് ഏറ്റവും വലിയ ശക്തിയായിരുന്നത് ജപമാലയായിരുന്നുവെന്ന് പ്രാര്‍ത്ഥനാശുശ്രൂഷക്ക് നേതൃത്വം നല്‍കുന്ന അനാക്‌ലെറ്റോ നായക് പറയുന്നു. മതബോധകനായ അദ്ദേഹം അന്നത്തെ മതപീഡനത്തിന്റെ ഭീകരത ഏറെ അനുഭവിച്ച വ്യക്തിയാണ്.
ജപമാല മധ്യേ അവര്‍ പ്രാര്‍ത്ഥിച്ചത് രാജ്യത്ത് സമാധാനവും ശാന്തിയും സമത്വവും സാഹോദര്യവും വളരട്ടെയെന്നായിരുന്നു. ഇന്നും ഒഡീഷയിലെ കാണ്ടമാലില്‍ മതമൗലികവാദികള്‍ ക്രൈസ്തവരെ അവരുടെ വിശ്വാസം ഉപേക്ഷിക്കുന്നതിനായി ഭീഷണിപ്പെടുത്തുകയാണ്. ഇന്നും ക്രൈസ്തവരായ തങ്ങളോടുള്ള വെറുപ്പ് നിര്‍ബാധം തുടരുകയാണ്; നായക് പറയുന്നു.
ക്രിസ്ത്യാനിയാകുന്നവരെ ഭീക്ഷണിപ്പെടുത്തുകയും 10,000 രൂപ പിഴയടപ്പിക്കുകയുംചെയ്യുന്നത് ഇന്നും ഇവിടെ പതിവാണ്. പലരും ക്രൈസ്തവരുമായി ഇടപഴകുന്നതുപോലും വിലിക്കിയിരിക്കുകയാണിവിടെ.
കൊന്ത ചൊല്ലുമ്പോള്‍ എനിക്ക് കൂടുതല്‍ ഉത്സാഹവും പഠിക്കുവാനുള്ള കഴിവും ലഭിക്കുന്നതായി സ്വാതി നായക് എന്ന പെണ്‍കുട്ടി സാക്ഷ്യപ്പെടുത്തുന്നു. കാണ്ടമാലിലെ മതപീഡനകാലത്ത് അവള്‍ക്ക് എട്ട് വയസായിരുന്നു. ലഹളയെ അതിജീവിച്ചെങ്കിലും അവള്‍ക്ക് വര്‍ഷങ്ങളോളം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയേണ്ടിവന്നു. എന്നിട്ടും മാതാവിനോടും ജപമാലയോടും ഉള്ള ഭക്തി അവളില്‍ തളിരിട്ടുനിന്നിരുന്നു.
തങ്ങളുടെ ശത്രുക്കളില്‍നിന്നും കാത്തുസൂക്ഷിക്കുന്നതിനും ദൈവാനുഗ്രഹവും കൃപയും നേടുന്നതിനും സമാധാനം കൊണ്ടുവരുന്നതിനും അനുരജ്ഞനം സാധ്യമാകുന്നതിനും ജപമാല സഹായിക്കുന്നുവെന്ന് സിസ്റ്റര്‍ ജയന്തിനായക് സാക്ഷ്യപ്പെടുത്തുന്നു. വിശ്വാസവും ശക്തിയും പകരുന്നതിന് ഇതിലും വലിയ ആയുധമില്ലെന്ന് സിസ്റ്റര്‍ പറയുന്നു.