കാത്തോലിക്കാസ്‌കൂൾ ഫണ്ടിംഗ് വെട്ടിച്ചുരുക്കലിനെതിരെ രക്ഷിതാക്കൾ രംഗത്ത്

0
202

കാൻബറ: കത്തോലിക്കാ സ്‌കൂളുകൾക്കുള്ള ഫണ്ട് സർക്കാർ വെട്ടിച്ചുരുക്കുന്നതിനെതിരെ രക്ഷിതാക്കൾ ഒന്നുചേർന്നു. കാൻബെറ അതിരൂപതയിലെ കാത്തോലിക്കാ സ്‌കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് ഫണ്ട് വെട്ടിച്ചുരുക്കലിനെതിരെ കഴിഞ്ഞയാഴ്ച ഒന്നുചേർന്നത്. പൊതുജനവികാരം ശക്തമായ ഭാഷയിൽ സർക്കാരിനെ അറിയിക്കാനും യോഗം തീരുമാനിച്ചു.

“നിരവധി മാതാപിതാക്കളാണ് നിലവിലെ ഭാരിച്ച സ്‌കൂൾ ഫീസ് അടയ്ക്കാൻ ബുദ്ധിമുട്ടുന്നത്. ഫണ്ടിംഗ് കുറയുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഫീസ് വർധന അവർക്ക് താങ്ങാൻ പറ്റുന്നതിലും അധികമായിരിക്കും. സർക്കാർ ഫണ്ട് കൂടാതെ കുട്ടികളുടെ ഫീസ് ഇനത്തിൽ ലഭിക്കുന്ന വരുമാനവും കാത്തോലിക്കാ സ്‌കൂളുകളുടെ പ്രവർത്തനത്തെ ഏറെ സഹായിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കുടുംബങ്ങൾക്ക് സർക്കാർ വരുത്തിവയ്ക്കുന്ന അധിക സാമ്പത്തിക ബാധ്യത മൂലം മാതാപിതാക്കൾ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ അയയ്ക്കാൻ നിർബന്ധിതരാകുന്നു .ഇത് കാത്തോലിക്കാ സ്‌കൂളുകളുടെ ഭാവിയെ സാരമായി ബാധിക്കും”;. കാൻബെറ അതിരൂപതയുടെ കാത്തോലിക് സ്റ്റുഡന്റസ് പേരെന്റ്‌സ് അസോസിയേഷൻ തലവൻ പോൾ കോംപ്ടൺ പറഞ്ഞു.

അതേസമയം, കത്തോലിക്ക സ്‌കൂളുകളിലെ ഫീസ് നിരക്കിന്റെ അന്തിമ തീരുമാനം ഇനിയുമായിട്ടില്ലാത്തതിനാൽ പുതിയതായി പ്രൈമറി സ്‌കൂളിൽ ചേരുന്ന കുട്ടികളുടെ ആറുവർഷത്തെ ഫീസ് വർധനയെക്കുറിച്ച് തങ്ങൾ ഏറെ ആശങ്കാകുലരാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ കുട്ടികളെ കത്തോലിക്കാ സ്‌കൂളിൽ അയയ്ക്കുന്നതിനെപ്പറ്റി രണ്ടുതവണ ചിന്തിക്കേണ്ടി വരുമെന്നും രക്ഷിതാക്കൾ കൂട്ടിച്ചേർത്തു.