കാൻസർ രോഗികൾക്കായി മാധ്യസ്ഥ്യം തേടി ‘ടീം എസ്.പി.എഫ് ‘ മേസ്സയിൽ!

വിശുദ്ധ പെറിഗ്രിൻ: കാൻസർ രോഗികളുടെ മധ്യസ്ഥൻ

351

 

ഫീനിക്‌സ്: കാൻസർ രോഗികളുടെ എണ്ണം ലോകമെങ്ങും പെരുകുമ്പോൾ, പ്രത്യേകം പ്രാർത്ഥിക്കാൻ ശാലോം പീസ് ഫെല്ലോഷിപ്പ് (എസ്.പി.എഫ്) അംഗങ്ങൾ മേസ്സയിലെ വിശുദ്ധ പെറിഗ്രിനിന്റെ തീർത്ഥാടനകേന്ദ്രത്തിലെത്തി. കാൻസർ രോഗികളുടെ പ്രത്യേക മധ്യസ്ഥനും അത്ഭുത പ്രവർത്തകനുമാണ് വിശുദ്ധ പെറിഗ്രിൻ. ശാലോം സ്പിരിച്യൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. തുടർന്ന് നടത്തിയ പ്രാർത്ഥനാശുശ്രൂഷയും അദ്ദേഹം നയിച്ചു.

വിശുദ്ധ പെറിഗ്രിനോട് മാധ്യസ്ഥം അപേക്ഷിച്ചതുവഴി കാൻസർ രോഗത്തിൽനിന്ന് അത്ഭുതകരമായ സഖ്യം പ്രാപിച്ചവർ നിരവധിയാണ്. അരിസോണയിലെ ഫീനിക്‌സിൽനിന്ന് അധികം അകലെയല്ലാത്ത ചെറുപട്ടണമാണ് തീർത്ഥാടനകേന്ദ്രം സ്ഥതിചെയ്യുന്ന മേസ്സ. വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും ദിവ്യകാരുണ്യാരാധനയിൽ പങ്കുചേരുന്നതിനും രോഗികൾക്കും അവരുടെ ശുശ്രൂഷകർക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇറ്റലിയിൽ ജീവിച്ച പെറിഗ്രിനിനെ 1726ലാണ് കത്തോലിക്കാസഭ വിശുദ്ധ പദിവിയിലേക്ക് ഉയർത്തിയത്. അദ്ദേഹത്തിന്റെ കാൽമുട്ടിൽ ബാധിച്ച കാൻസർരോഗം സർജറിയുടെ തലേരാത്രിയിൽ ദൈവം അത്ഭുതകരമായി സുഖപ്പെടുത്തുകയായിരുന്നു. അക്കാര്യവും അദ്ദേഹം കാൻസർ രോഗികളുടെ പ്രത്യേക മധ്യസ്ഥനാവാൻ കാരണമായി.

മേസ്സയിലെ ക്രിസ്തുരാജ ദൈവാലയത്തിന്റെ മേൽനോട്ടത്തിലുള്ള തീർത്ഥാടനാലയത്തിൽ കത്തോലിക്കർക്ക് പുറമെ നിരവധി മറ്റു ക്രൈസ്തവരുമെത്തി പ്രാർത്ഥിച്ച് അത്ഭുതകരമായ സൗഖ്യം പ്രാപിക്കുന്നുണ്ട്. തീർത്ഥാടന കേന്ദ്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 480 844 4493.

മാത്യു ജോസ്