കിമ്മിന് ആഗ്രഹസാഫല്യം; പാപ്പ ഉത്തര കൊറിയയിലേക്ക്?

വത്തിക്കാൻ- ചൈന ധാരണയ്ക്കു പിന്നാലെ പുതിയ മഞ്ഞുരുകൽ!

0
1413

വത്തിക്കാൻ സിറ്റി: ആജന്മവൈരിയായി കണ്ടിരുന്ന ദക്ഷിണ കൊറിയയുമായി സൗഹൃദം സ്ഥാപിച്ചും ലോകം അസാധ്യമെന്ന് വിധിയെഴുതിയ അമേരിക്കയുമായുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കിയും ചരിത്രത്തിൽ ഇടംപിടിച്ച ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അത്ഭുതപ്പെടുത്തലിന് വത്തിക്കാന്റെ പച്ചക്കൊടി? ഫ്രാൻസിസ് പാപ്പ ഉത്തര കൊറിയയിൽ സന്ദർശനം നടത്തണമെന്ന കിമ്മിന്റെ ആഗ്രഹം പാപ്പയെ അറിയിച്ച ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വാക്കുകൾക്ക് വത്തിക്കാൻ അനുകൂലമായി പ്രതികരിച്ചെന്നാണ് റിപ്പോർട്ടുകൾ.

കൊറിയൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാപ്പയുടെസഹായം അഭ്യർത്ഥിച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ, കിം ജോങ് ഉന്നിന്റെ ക്ഷണം പാപ്പയെ അറിയിച്ചത്. ഇതിനോട് പാപ്പ അനുകൂലമായി പ്രതികരിച്ചു എന്ന വിവരം ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂണിന്റെ പ്രസ് സെക്രട്ടറിയാണ് മാധ്യമങ്ങളെ അറിയിച്ചത്. കിമ്മിന്റെ ഔദ്യോഗിക ക്ഷണം അധികം താമസിയാതെ ലഭിക്കും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

പ്രതീക്ഷിക്കാം ‘ക്യൂബൻ ഇഫക്ട്’

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ഉത്തര കൊറിയയിൽ പാപ്പാ സന്ദർശനം സാധ്യമായാൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ഉത്തര കൊറിയയിലെ സഭാ വളർച്ചയിൽവലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ക്യൂബയിൽ സന്ദർശനം നടത്താൻ വിശുദ്ധ ജോൺ പോൾ രണ്ടാമനെ ഫിദൽ കാസ്േ്രടാ കൂട്ടിക്കൊണ്ടുവന്ന സാഹചര്യത്തോടാണ് കിമ്മിന്റെ ആഗ്രഹത്തെ നിരീക്ഷകർ സാമ്യപ്പെടുത്തുന്നത്. ക്യൂബയിൽ നിരോധിച്ചിരുന്ന, ക്രിസ്മസ് ആഘോഷം പുനസ്ഥാപിച്ചത് പ്രസ്തുത പേപ്പൽ സന്ദർശനത്തോടെയാണ് എന്നത് കണക്കിലെടുക്കുമ്പോൾ, കിമ്മിന്റെ ക്ഷണത്തിലും പ്രത്യാശയ്ക്ക് വകയുണ്ട്.

(ലോകം അസാധ്യമെന്ന് കരുതിയിരുന്ന ക്യൂബൻ അമേരിക്കൻ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിൽ വത്തിക്കാൻ വഹിച്ച മാധ്യസ്ഥ്യത്തിനു കാരണവും ആ പേപ്പൽ സന്ദർശനത്തെ തുടർന്നുണ്ടായ സൗഹൃദമാണ്).

‘കിഴക്കിന്റെ ജറുസലം’

കൊറിയൻ വിഭജനത്തിനുമുമ്പ് ക്രൈസ്തവസഭകളുടെ പ്രധാന കേന്ദ്രമായിരുന്നു ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്. നിരവധി ദൈവാലയങ്ങളുണ്ടായിരുന്ന ‘കിഴക്കിന്റെ ജറുസലം’ എന്നാണ് അറിയപ്പെട്ടിരുന്നതും. എന്നാൽ, കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ കിം ഇൽ സുങ്ങിന്റെ കാലത്ത് സഭയുമായി അകലുകയായിരുന്നു. അതേത്തുടർന്ന് മിഷണറിമാർ ഉൾപ്പെടെയുള്ളവർ രാജ്യത്ത് പ്രവേശിക്കുന്നതും വിലക്കി.വത്തിക്കാനുമായി ഉത്തര കൊറിയയ്ക്കു നയതന്ത്രബന്ധമില്ല. ചൈനയിലെ പാട്രിയോട്ടിക്ക് കാത്തലിക് അസോസിയേഷൻ മാതൃകയിൽ ഭരണകൂടത്തിന്റെ കീഴിലുള്ള ‘കൊറിയൻ കാത്തലിക് അസോസിയേഷ’നാണ് (കെ.സി.എ) സഭയുടെ നിയന്ത്രണം നിർവഹിക്കുന്നത്. സർക്കാർ നിയന്ത്രിതമായ ഏതാനും ആരാധനാലയങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്.

ആത്മർത്ഥതയുണ്ടോ?

കിമ്മും മൂണും തമ്മിൽ കഴിഞ്ഞ മാസം ഉത്തരകൊറിയയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഫ്രാൻസിസ് പാപ്പ ഉത്തര കൊറിയ സന്ദർശിക്കുകയാണെങ്കിൽ തങ്ങൾ പാപ്പയ്ക്ക് ആവേശമുണർത്തുന്ന സ്വീകരണം നൽകുമെന്ന് കിം ജോങ്ഉൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയെ അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ പാപ്പമാരെ രാജ്യത്തു കൊണ്ടുവരാൻ ഇതിനുമുമ്പും ഉത്തര കൊറിയ ശ്രമം നടത്തിയിട്ടുണ്ട്. 2000ൽ സമ്മേളിച്ച ഇന്റർ കൊറിയൻ സമ്മിറ്റിനെ തുടർന്ന്, കിം ജോങ് ഉന്നിന്റെ പിതാവായ കിം ജോങ് ഇൽ, വിശുദ്ധ ജോൺ പോൾ രണ്ടാമനെ പ്യോങ്യാങിലേക്ക് ക്ഷണിച്ചത്. പക്ഷേ, സന്ദർശനം സാധ്യമായില്ല. എന്നാൽ, വത്തിക്കാനുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയ കിമ്മിന്റെ വാക്കുകളിൽ ആത്മാർത്ഥ ഉണ്ടെന്നാണ് നിരീക്ഷകരുടെ വാദം.