കുടുംബങ്ങളിലേക്ക് പോകാം

1453

ശാസ്ത്ര-സാങ്കേതിക രംഗത്തുണ്ടായ വളർച്ച കുടുംബങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ജീവിത ശൈലികളിലും ചിന്താഗതികളിലും അതുണ്ടാക്കിയ വ്യതിയാനങ്ങളെപ്പറ്റി ഒരുപക്ഷേ നാം ബോധവാന്മാരകണമെന്നില്ല. മാറ്റങ്ങൾ ജീവിതവുമായി അതുപോലെ ഇഴുകിച്ചേർന്നു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യന്റെ അനുദിന ജീവിതം എളുപ്പമുള്ളതാക്കി മാറ്റിയിരിക്കുന്നു. അടുക്കളയിൽ ഇപ്പോൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കഴിഞ്ഞ തലമുറയിലെ അമ്മമാർക്ക് സ്വപ്നം കാണാൻ കഴിയാത്തവയായിരുന്നു. അരകല്ലിൽ അരച്ചിരുന്നതൊക്കെ പഴങ്കഥകളായി മാറിക്കൊണ്ടിരിക്കുന്നു.

അവിടെനിന്നും ചിന്തിച്ചുതുടങ്ങിയാൽ വളർച്ചയുടെ ഗ്രാഫ് മനസിലാക്കാൻ എളുപ്പമുണ്ടാകും. ഇതൊന്നും യാദൃശ്ചികമായി സംഭവിച്ച കാര്യങ്ങളല്ല. ദൈവം ലോകത്തെ അനുഗ്രഹിക്കുന്ന വഴികളാണ് പുരോഗതികൾ. സാമ്പത്തിക മേഖലയിലും ഏറെ മുന്നേറിയിട്ടുണ്ട്. വലിയ പല സംരംഭങ്ങളുടെയും തകർച്ചയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ അവ തളർന്നത് എല്ലാം സുരക്ഷിതമെന്ന് കരുതിയ കാലത്താണെന്നത് ചിലപ്പോൾ നമ്മെ വിസ്മയിപ്പിച്ചെന്നു വരാം. ആരംഭ നാളുകളിലും വളർച്ചയുടെ സമയത്തും അക്ഷീണപ്രയത്‌നത്തിലായിരിക്കും. എന്നാൽ, എപ്പഴോ രൂപപ്പെട്ട അലസത അവയെ ഇല്ലാതാക്കി.

കുടുംബങ്ങളുടെ കാര്യത്തിലും ഈ ചിന്തയ്ക്ക് പ്രസക്തിയുണ്ട്. ലോകത്ത് ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ ഏതുവിധത്തിലാണ് കുടുംബങ്ങളെ ബാധിച്ചിരിക്കുന്നതെന്ന് നാം ബോധവാന്മാരായിരിക്കണം. ഇക്കാലത്തുണ്ടാകുന്ന വീഴ്ചകൾ കുടുംബങ്ങളുടെ തകർച്ചക്ക് വഴിയൊരുക്കും. ഒരിക്കലും നമ്മുടെ രാജ്യത്ത് വരില്ലെന്ന് കരുതിയ മൂല്യത്തകർച്ചകൾ ഇവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് തള്ളിക്കളയാനാവില്ല. ദയാവധം, സ്വവർഗവിവാഹം, അബോർഷൻ തുടങ്ങി ലോകത്തെ ഏറ്റവും മോശമെന്ന് വിശേഷിപ്പിക്കാവുന്ന ആശയങ്ങൾക്ക് ഇവിടെയും സ്വീകാര്യത ഏറിവരുകയാണ്. മാധ്യമങ്ങളുടെ സഹായത്തോടെ ആധുനികതയുടെ പരിവേഷം ചാർത്താൻ അവയ്ക്കു കഴിഞ്ഞു. തെറ്റായ ആശയങ്ങൾ മാധ്യമങ്ങളിലൂടെ നമ്മുടെ സ്വീകരണമുറികളിലേക്ക് കടന്നുവരുന്നു. സ്വാതന്ത്ര്യത്തെ ഏതുവിധത്തിൽ വളച്ചൊടിക്കാൻ കഴിയുമെന്നതിന് ഉദാഹരണങ്ങളായി ഇവയിൽ പല ആശയങ്ങളും ഉയർന്നുനില്ക്കുന്നു. ഇവ എല്ലാം ലക്ഷ്യംവയക്കുന്നത് കുടുംബങ്ങളെയാണ്.

രാജ്യത്തിന്റെ ഇപ്പോഴത്തെ വളർച്ചയുടെ അടിസ്ഥാനഘടകം ശക്തമായ കുടുംബബന്ധങ്ങളാണ്. അവിടെ വിള്ളലുകൾ വീണാൽ സഭയും സമൂഹവും രാജ്യവും അതിന്റെ ദുരന്തഫലങ്ങൾ നേരിടേണ്ടതായി വരും.സ്വാതന്ത്ര്യത്തെ വ്യാഖ്യാനിച്ച് ഏതു തിന്മയേയും ആശ്ലേഷിക്കാനുള്ള ലൈസൻസായി മാറ്റിക്കൊണ്ടിരിക്കുന്നു. കുടുംബബന്ധങ്ങളിൽ സംഭവിക്കുന്ന വിള്ളലുകൾ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ മാത്രം ബാധിക്കുന്നവയല്ല. എന്നു കരുതി നമുക്ക് നിശബ്ദരാകാനും കഴിയില്ല.

സമൂഹത്തിന് ദിശതെറ്റുമ്പോൾ നേർവഴിയിലേക്ക് നയിക്കേണ്ടതും ദിശാബോധം നൽകേണ്ടതും ആത്മീയതയുടെ ഭാഗമാണ്. പെരുകുന്ന വിവാഹമോചനങ്ങൾ നൽകുന്ന സൂചനകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. മക്കൾ മാതാപിതാക്കളെ വഴിയരികുകളിൽ ഉപേക്ഷിക്കുന്ന വാർത്തകൾ നമ്മുടെ നാട്ടിൽ അത്ര സാധാരണമായിരുന്നില്ല. ഇപ്പോഴത്തെ കുടുംബങ്ങളുടെ മുൻഗണനകൾ പരിശോധിച്ചാൽ മക്കളുടെ വിദ്യാഭ്യാസത്തിനായിരിക്കും പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ പിന്നിലും വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ വളർച്ച നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമ്പോൾ അതിനൊപ്പം ആത്മീയതക്കും സ്ഥാനം ഉണ്ടാകണം. എത്ര ഉയർന്ന പദവികളിൽ എത്തിയാലും സാമ്പത്തികമായി ഉയർന്നാലും മനുഷ്യത്വം ഇല്ലാത്തവരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിൽ അതിനെ തകർച്ചയായിട്ടായിരിക്കും ചരിത്രം വിലയിരുത്തുക. പല വികസിത രാജ്യങ്ങളും നിലനില്പിനായി പൊരുതുകയാണ്. ജനനനിരക്ക് രാജ്യത്തിന്റെ നിലനില്പിനെ ബാധിക്കുന്ന രീതിയിൽ കുറഞ്ഞുവരുന്നു.

മറ്റു രാജ്യങ്ങളിൽനിന്നും ഉണ്ടാകുന്ന കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പിന്നിലെ കാരണം ഇതാണ്. കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ദമ്പതികൾക്ക് താല്പര്യമില്ലാതായിരിക്കുന്നു. കഴിഞ്ഞ തലമുറയുടെ കാലത്ത് ഉണ്ടായ തെറ്റായ ആശയങ്ങൾ കീഴടക്കിയതാണ് അങ്ങനെയൊരു ജീവിതരീതി രൂപപ്പെട്ടതിന്റെ പിന്നിൽ. വഴിതെറ്റിക്കുന്ന ആശയങ്ങളെ വേണ്ട രീതിയിൽ പ്രതിരോധിക്കാനായില്ല. ആ വീഴ്ച സൃഷ്ടിച്ച ദുരന്തങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ അവിടുത്തെ ഭരണാധികാരികൾ ഇപ്പോൾ നെട്ടോട്ടത്തിലാണ്.

ദൈവഭയത്തിൽ വളരുന്ന കുട്ടികൾ മാതാപിതാക്കളെയും സഹോദരങ്ങളെയും സ്‌നേഹിക്കാതിരിക്കുകയോ മനഃസാക്ഷിക്കു വിരുദ്ധമായി ജീവിക്കുന്നവന്നവരോ ആയി മാറില്ല. തിന്മയെ നന്മയെന്ന് വിളിക്കുന്നതാണ് ആധുനിക ലോകം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന്. നന്മ തിന്മകളെ വേർതിരിക്കാനുള്ള പരിശീലനം ചെറുപ്പകാലത്തുതന്നെ നൽകണം. കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകേണ്ടിയിരിക്കുന്നു. കുടുംബങ്ങളെ സമീപിക്കുമ്പോൾ 50 വർഷം മുമ്പ് ഉണ്ടായിരുന്ന ആശയങ്ങളോ കാഴ്ചപ്പാടുകളോ ഇനി മതിയാവില്ല.