കുടുംബങ്ങളുടെ വീണ്ടെടുപ്പ് ലത്തീൻ സഭ ചർച്ച ചെയ്യുന്നു

286

കൊച്ചി: കെ.ആർ.എൽ.സി.സി 29-ാം ജനറൽ അസംബ്ലി ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ 14, 15 തിയതികളിൽ നടക്കും. കുടുംബങ്ങളുടെ വീണ്ടെടുപ്പാണ് ഇത്തവണ അസംബ്ലി വിഷയമാക്കിയിരിക്കുന്നത്. 14-ന് രാവിലെ 10.30-ന് നടക്കുന്ന സമ്മേളനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോയ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. കെ.ആർ.എൽ.സി.സി പ്രസിഡന്റ് ഡോ. സൂസപാക്യം അധ്യക്ഷത വഹിക്കും. ശാലോം ചീഫ് എഡിറ്റർ ഷെവ. ബെന്നി പുന്നത്തറ മുഖ്യപ്രഭാഷണവും കൊച്ചി രൂപത മെത്രാൻ ബിഷപ് ഡോ. ജോസഫ് കരിയിൽ, കെ.ആർ.എൽ.സി.സി സെക്രട്ടറി തോമസ് കെ. സ്റ്റീഫൻ, കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോർജ് എന്നിവർ പ്രസംഗിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബങ്ങളുടെ വീണ്ടെടുപ്പിനെക്കുറിച്ചുള്ള ചർച്ചയിൽ റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ഫാ. ഫ്രാൻസിസ് ഡിക്‌സൺ ഫെർണാണ്ടസ്, ഡോ. മേരി റജീന, ഡോ. എഡ്‌വേർഡ് എടേഴത്ത് എന്നിവർ പങ്കെടുക്കും.

വൈകുന്നേരം മൂന്നിന് റവ. ഡോ. റാൽഫ് മാർട്ടിൻ (യു.എസ്.എ) പ്രസംഗിക്കും. തുടർന്ന് നടക്കുന്ന പഠനരേഖയെക്കുറിച്ചുള്ള ചർച്ചകളുടെ അവതരണത്തിന് മോൺ. സെബാസ്റ്റ്യൻ ജെക്കോബി, മാർഷൽ ഫ്രാങ്ക്, ജോയ് റ്റി. എഫ്, ജോസഫ് ജൂഡ് എന്നിവർ നേതൃത്വം നൽകും.

രാത്രി ഏഴിന് സായാഹ്ന ദിവ്യബലി കോട്ടപ്പുറം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കശേരി നയിക്കും. 8.45-ന് നടക്കുന്ന ഓപ്പൺ ഫോറത്തിന് കെ.ആർ.എൽ.സി.ബി.സി സെക്രട്ടറി ജനറൽ ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ നേതൃത്വം നൽകും.

15-ന് രാവിലെ 6.45-നുള്ള ദിവ്യബലിക്ക് ആർച്ച് ബിഷപ് ഡോ. സൂസപാക്യം മുഖ്യകാർമികത്വം വഹിക്കും. ബിഷപ് ഡോ. അലക്‌സ് വടക്കുംതല വചനപ്രഘോഷണം നടത്തും. തുടർന്ന് സാമൂഹ്യരാഷ്ട്രീയ പ്രമേയവും കർമപദ്ധതി അസംബ്ലി നിർദേശങ്ങളുടെ അന്തിമരൂപവും ചർച്ച ചെയ്യും.