‘കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നു’: അൾജീരിയൻ വിമാനാപകടത്തിൽ പാപ്പയുടെ അനുശോചനം

0
175

വത്തിക്കാൻ: അൾജീരിയയിലെ വിമാനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ആശ്വാസം പകർന്ന് ഫ്രാൻസിസ് പാപ്പയുടെ സന്ദേശം. അൽജെർ അതിരൂപതാ ആർച്ചുബിഷപ്പ് പോൾ ഡെസ്ഫാർജസിന് അയച്ച കത്തിലാണ് കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അപകടത്തിൽ ഫ്രാൻസിസ് പാപ്പ തന്റെ അനുശോചനം അറിയിച്ചത്. മൊറോക്കൻ തീരത്തുനിന്ന് അൾജീരിയൻ സൈനികരും അവരുടെ കുടുംബങ്ങളുമായി തലസ്ഥാനത്തേയ്ക്ക് പറക്കവെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 257-പേർ കൊല്ലപ്പെട്ടിരുന്നു.

“കരയുന്ന കുടുംബങ്ങളുടെ വേദനയിൽ താൻ പങ്കുകൊള്ളുന്നു. ഈ അപകടത്തിൽ വേദനിക്കുന്ന അൾജീരിയൻ ജനതയ്ക്ക് തൻറെ ആത്മീയ സാമീപ്യം വാഗ്ദാനം ചെയ്യുന്നു. മരണമടഞ്ഞവർക്ക് ദൈവം നിത്യശാന്തി നൽകട്ടെ. മുറിപ്പെട്ടവരെ അവിടുന്നു സമാശ്വസിപ്പിക്കട്ടെ. രക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നവർക്കായി താൻ പ്രാർത്ഥിക്കുന്നു”;പാപ്പ സന്ദേശത്തിൽ കുറിച്ചു.

മൊറോക്കോയുടെ തർക്കഭൂമിയിൽ സുരക്ഷാസേവനം ചെയ്തിരുന്ന സൈനികരും കുടുംബാംഗങ്ങളും അൾജീരിയയിലേയ്ക്ക് മടങ്ങവെയാണ് അപകടം ഉണ്ടായത്. മിലിട്ടറി വിമാനത്താവളത്തിൽ നിന്നും ഏകദേശം 30 കിലോമീറ്റർ പറന്നുയർന്ന വിമാനത്തിൻറെ ചിറകുകളിൽ ഉണ്ടായ അഗ്നിബാധയാണ് അപകടകാരണമെന്ന് വാർത്താ ഏജൻസികൾ അറിയിച്ചു. 2014-നുശേഷം ഉണ്ടായിട്ടുള്ള ലോകത്തെ ഏറ്റവും വലിയ അപകടമാണിത്.