കുടുംബങ്ങൾക്ക് തിരുകുടുംബത്തിന്റെ സംരക്ഷണം ആശംസിച്ച് ഫ്രാൻസിസ് പാപ്പ

0
1877

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള എല്ലാകുടുംബങ്ങളെയും യേശുവും മറിയവും യൗസേപ്പിതാവും അനുഗ്രഹിക്കുകയും കാത്തുപാലിക്കുകയും ചെയ്യട്ടെയെന്ന് ആശംസിച്ച് തിരുക്കുടുംബ തിരുനാളിൽ ഫ്രാൻസിസ് പാപ്പ. അങ്ങനെ സ്‌നേഹത്തിലും ആനന്ദത്തിലും സമാധാനത്തിലും കുടുംബങ്ങൾ വളരണം. പരിശുദ്ധ അമ്മയെയും യൗസേപ്പിതാവിനെയും പോലെ ആശ്ചര്യവും ആകുലതയും കുടുംബങ്ങളിൽ കാത്തുസൂക്ഷിക്കണമെന്നും വത്തിക്കാനിലെ ഞായറാഴ്ച അനുസ്മരണത്തിൽ പാപ്പ പറഞ്ഞു.

ദൈവത്തിലുള്ള ദൃഢമായ വിശ്വാസവും സ്‌നേഹവും കൊണ്ട് ഐക്യപ്പെട്ട കുടുംബമായിരുന്നു നസ്രത്തിലെ തിരുകുടുംബം. ജറുസലെം ദൈവാലയത്തിൽ തിരുനാളിന് പോയപ്പോൾ യേശുവിനെ പന്ത്രണ്ടാം വയസ്സിൽ കാണാതായപ്പോൾ പരിശുദ്ധ അമ്മയും യൗസേപ്പിതാവും ആകുലരായത് യേശു കേന്ദ്രീകൃതമായ ജീവിതമായിരുന്നു തിരുകുടുബത്തിന്റേത് എന്നതിന് തെളിവാണ്. അതുകൊണ്ടുതന്നെയാണ് നസ്രത്തിലെ കുടുംബത്തെ തിരുകുടുംബമെന്ന് വിശേഷിപ്പിക്കുന്നതും.

യേശുവിൽ നിന്ന് അകന്നിരിക്കുമ്പോൾ യൗസേപ്പിതാവും മാതവും അനുഭവിച്ച വേദന നമുക്കുമുണ്ടാകണം. പ്രാർത്ഥനയിൽ നിന്ന് അകന്ന്, കൂദാശകൾ സ്വീകരിക്കാതെ ആരാധനക്രമങ്ങളിൽ പങ്കെടുക്കാതെ യേശുവിനെ മറന്ന് ജീവിക്കുമ്പോളാണ് നാം യേശുവിൽ നിന്ന് അകലുന്നത്. മറിച്ച് ദൈവവചനത്തിന് കാതോർത്ത് പരിശുദ്ധ കുർബാനയിലൂടെ അവിടുത്തെ സ്വീകരിക്കുമ്പോഴാണ് അനുദിന ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയ്യാൻ വേണ്ട ആത്മീയ ശക്തിയും ധൈര്യവും നമുക്ക് ലഭിക്കുന്നത്.

അതുപോലെ തന്നെ വിവിധ കാരണങ്ങൾ കൊണ്ട് സമാധാനവും ഒരുമയും നഷ്ടപ്പെട്ട കുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും നസ്രത്തിലെ തിരുകുടുംബത്തിന്റെ പ്രത്യേകസംരക്ഷണത്തിന് കുടുംബങ്ങളെ ഏൽപ്പിക്കാമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.