കുടുംബമൊന്നാകെ പൂർണ ദണ്ഡവിമോചനം നേടണോ?

0
287

ഡബ്ലിൻ (അയർലണ്ട്): ഓഗസ്റ്റ് 21-26 വരെ ഡബ്ലിനിൽ നടക്കുന്ന ലോകകുടുംബസമ്മേളനത്തിൽ പങ്കെടുക്കുന്ന കത്തോലിക്കർക്കും ആത്മീയമായി ഈ കൂട്ടായ്മയിൽ പങ്കെടുത്തുകൊണ്ട് കുടുംബമൊന്നിച്ച് പ്രാർഥിക്കുന്ന കുടുംബങ്ങൾക്കും പൂർണദണ്ഡവിമോചനം ലഭിക്കും. അല്മായർക്കും കുടുംബങ്ങൾക്കും ജീവനുമായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പുറപ്പെടുവിച്ച ഡിക്രിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
യഥാർത്ഥ അനുതാപവും ഉപവിയാൽ പ്രേരിതമായി കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനായി നടത്തുന്ന സമർപ്പണവും നസ്രത്തിലെ തിരുക്കുടുംബത്തെ അനുകരിച്ചുകൊണ്ടുള്ള ജീവിതവും ദണ്ഡവിമോചനം ലഭിക്കുന്നതിനുള്ള ആവശ്യഘടകങ്ങളാണെന്ന് ഉത്തരവിൽ പറയുന്നു. ഇതിനോടനുബന്ധിച്ച് നടത്തുന്ന കുമ്പസാരം, ദിവ്യകാരുണ്യസ്വീകരണം, മാർപാപ്പയുടെ നിയോഗങ്ങൾക്ക് വേണ്ടിയുള്ള പ്രാർഥന എന്നിവയും ദണ്ഡവിമോചനം ലഭിക്കുന്നതിനായി നടത്തണം.
ലോകകുടുംബസമ്മേളനത്തിനായി ഡബ്ലിനിൽ പോകാൻ സാധിക്കാത്തവർ ഡബ്ലിനിൽ ഉള്ളവരോട് ആത്മീയ കൂട്ടായ്മയിലായിരുന്നുകൊണ്ട് കുടുംബമൊന്നിച്ച് സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥനയും വിശ്വാസപ്രമാണവും മറ്റ് പ്രാർഥനകളും കുടുംബങ്ങളുടെ നിയോഗാർത്ഥം ചെല്ലിയാൽ പൂർണദണ്ഡവിമോചനം ലഭിക്കും. ഫ്രാൻസിസ് മാർപാപ്പയോട് ചേർന്നുകൊണ്ട് ഈ കാലയളവിൽ കുടുംബങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്ന എല്ലാ കത്തോലിക്കർക്കും ഭാഗിക ദണ്ഡവിമോചനം ലഭിക്കുമെന്നും കർദിനാൾ മൗരോ പിയാസെൻസാ ഒപ്പുവച്ച ഡിക്രിയിൽ വ്യക്തമാക്കുന്നു.
അയർലണ്ടിലെ ഡബ്ലിനിൽ ഈ വർഷം നടക്കുന്ന ലോകകുടുംബസമ്മേളനത്തിൽ 103 രാജ്യങ്ങളിൽനിന്നായി 22,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘കുടുംബത്തിന്റെ സുവിശേഷം: ലോകത്തിന്റെ ആനന്ദം’ എന്നതാണ് ലോകകുടുംബസമ്മേളനത്തിന്റെ വിഷയം.