കുട്ടനാടിന് 100 കോടിയുടെ കൈത്താങ്ങുമായി ചങ്ങനാശേരി അതിരൂപത

0
545
കുട്ടനാടിന് 100 കോടിയുടെ കൈത്താങ്ങുമായി ചങ്ങനാശേരി അതിരൂപത

പ്രളയദുരിതത്തില്‍ വന്‍ നാശനഷ്ടം നേരിട്ട കുട്ടനാടന്‍ ജനതയുടെ പുനരധിവാസത്തിന് ചങ്ങനാശേരി അതിരൂപത 100 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
ആയിരം വീടുകളുടെ പുനര്‍നിര്‍മ്മാണമാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ആയിരം മഴവെള്ളസംഭരണികള്‍, 100 ജല ശുചീകരണ പ്ലാന്റുകള്‍, വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ പര്യാപ്തമായ ആയിരം ടോയ്‌ലെറ്റുകള്‍, ഗാര്‍ഹിക മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നവകേരള സൃഷ്ടി പദ്ധതിയോട് സഹകരിച്ചാണ് ഇവ നടപ്പിലാക്കുന്നതെന്നും ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.
അതിരൂപതയിലെ എല്ലാ ഇടവകകളുടെയും സന്യാസിനിസന്യാസ സഭകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും ഇതര രൂപതകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചങ്ങനാശേരി അതിരൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ ചാസിന്റെ നേതൃത്വത്തില്‍ മൂന്നു വര്‍ഷം കൊണ്ടാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. പദ്ധതികളുടെ ഏകോപനത്തിനായി അതിരൂപതാ കേന്ദ്രത്തില്‍ ഉടനെ ഓഫീസ് തുറക്കുമെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.
കുട്ടനാടന്‍ കര്‍ഷക ജനതയ്ക്ക് ആത്മവിശ്വാസം പകരുന്ന തരത്തിലുള്ള കാര്‍ഷിക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും ജസ്റ്റിസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കുട്ടനാട്ടിലെ അതിജീവനത്തിന് ഉതകുന്ന വിധത്തില്‍ നടപ്പിലാക്കണമെന്നും ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു.
കുട്ടനാടന്‍ ജനതയുടെ പുനരധിവാസത്തിന് യോജിക്കുന്ന തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള സുസ്ഥിര പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ.ഫിലിപ്പ് തയ്യില്‍, ചാസ് ഡയറക്ടര്‍ ഫാ.ജോസഫ് കളരിക്കല്‍, ജാഗ്രതാ സമിതി കോ- ഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.