കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ നിശബ്ദരാകാന്‍ കഴിയില്ല:

0
368

മുംബൈ: കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് നേരെ നിശബ്ദരാകാന്‍ കഴിയില്ലെന്ന് മുംബൈ സഹായ മെത്രാന്‍ ഡോ. ജോണ്‍ റോഡ്രിഗ്‌സ്. ഔര്‍ ലേഡി ഓഫ് മൗണ്ട് ബാന്ദ്രബസിലിക്കയില്‍ കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യൂദയാ രാജാവായ ഹേറേദോസ് ഈശോയെ കൊല്ലുവാനുള്ള ഉദേശ്യത്തോടെ പിഞ്ചുകുഞ്ഞുങ്ങളെ വധിച്ചതിന്റെ ഓര്‍മ ആചരിക്കുമ്പോള്‍ നാം മനസിലാക്കേണ്ടത് കുഞ്ഞുങ്ങള്‍ക്ക് സംസാരിക്കാന്‍ സാധിക്കുന്നതിന് മുന്‍പുതന്നെ അവര്‍ കര്‍ത്താവിന്റെ രക്തസാക്ഷികളായി തീര്‍ന്നുവെന്നാണ്. സ്‌നേഹത്തിലും പരസ്പര ഐക്യത്തിലും കുട്ടികള്‍ വളര്‍ന്നുവരുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ് കൂട്ടിചേര്‍ത്തു. ലോകത്തിന്റെ പ്രകാശമായ ഈശോ വന്നത് മാനവകുലത്തെ രക്ഷിക്കുവാനാണ്. എങ്കിലും നാം കാണുന്നത് തിന്മയും അന്ധകാരവുമാണ്. പ്രകാശത്തിന്റെ മക്കള്‍ ആകാനാണ് എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. പാപം നിറഞ്ഞ പ്രവൃത്തികളിലൂടെ തിന്മയുടെ പങ്കാളികളായിത്തീരുകയാണ്. നമ്മളില്‍ പാപമില്ല എന്നുനാം പറയുകയാണെങ്കില്‍ സത്യത്തിനല്ല നിലകൊള്ളുന്നത്. ദൈവത്തോടു അതിന് വേണ്ടി മാപ്പ് അപേക്ഷിക്കണം; ബിഷപ് ഡോ. റോഡ്രിഗ്‌സ് പറഞ്ഞു. കുട്ടികള്‍ നേരിടുന്ന വിവിധതരത്തിലുള്ള ചൂഷണങ്ങള്‍, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, സമൂഹം നേരിടുന്ന ഗര്‍ഭചിദ്രം, അടിമവേല, എന്നിവയെക്കുറിച്ചെല്ലാം ബിഷപ് പരാമര്‍ശിച്ചു. ബസിലിക്കയോടു ചേര്‍ന്ന സെന്റ് കാതറിന്‍ അനാഥാലയത്തിലെ അഞ്ച് വയസുമുതല്‍ പന്ത്രണ്ട് വയസുവരയുള്ള ഇരുപത്തിനാലോളം കുട്ടികള്‍ക്ക് ഡോ. റോഡ്രിഗ്‌സ് മധുരപലഹാരം വിതരണം ചെയ്തു.