കുട്ടികൾക്കുളള ദിവ്യബലി ഇംഗ്ലണ്ടിൽ ഇംഗ്ലീഷിൽ തന്നെ അർപ്പിക്കണമെന്ന് മാർ സ്രാമ്പിക്കൽ

437

ബൽമിംഗ്ഹാം: യൂറോപ്പിലെ പുതുതലമുറയുടെ സജീവപങ്കാളിത്തം ആരാധനക്രമത്തിൽ ഉറപ്പാക്കാൻ സീറോ മലബാർ ദിവ്യബലി ഇംഗ്ലീഷിൽ അർപ്പിക്കപ്പെടണമെന്ന് ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ.

സഭയുടെ ഭാവി കുഞ്ഞുങ്ങളിലാണെന്നതുകൊണ്ടുതന്നെ അവരുടെ സാഹചര്യത്തിനനുസരിച്ച് ആരാധനാക്രമം പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.സെഹിയോൻ യു.കെ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ഇംഗ്ലീഷിൽ ദിവ്യബലിയർപ്പിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ ദിവ്യബലി അർപ്പിക്കുമ്പോളാണ് അവർക്ക് അതിൽ സജീവമായി പങ്കുചേരാനാവുന്നത്. അപ്പോൾമാത്രമേ, ദിവ്യബലി അവർക്ക് ഒരു അനുഭവമായിമാറൂ. ഭാഷ മനസിലാകാതെ വരുമ്പോൾ അവർ അശ്രദ്ധരാകും.

കുട്ടികൾ മാത്രമായി കൂടുന്ന സമ്മേളനങ്ങളിൽ ഇംഗ്ലീഷ് ഭാഷതന്നെ ഉപയോഗിക്കുന്നതും വളരെ ഗുണകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷപ്പായതിനുശേഷം ആദ്യമായാണ് മാർ സ്രാമ്പിക്കൽ ഇംഗ്ലീഷിൽ ദിവ്യബലിയർപ്പിച്ചത്. അത് വളരെ സന്തോഷകരമായ അനുഭവമായിരുന്നുവെന്നും യൂറോപ്പിന്റെ സാഹചര്യത്തിൽ ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ബഥേൽ കൺവെൻഷൻ സെന്ററിൽ നടന്ന ഏകദിന ബൈബിൾ കൺവെൻഷനിൽ ആദ്യന്തം പങ്കെടുത്ത അദ്ദേഹം, നാം ഓരോരുത്തരും യേശുക്രിസ്തുവിനെ മുൻനിർത്തി ആത്മീയജീവീതം നയിക്കേണ്ടവരാണെന്നും ഉദ്‌ബോധിപ്പിച്ചു. വൈകിട്ട് നടന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തിനും ബിഷപ്പ് നേതൃത്വം വഹിച്ചു. ഫാ.സോജി ഓലിക്കൽ നേതൃത്വം വഹിച്ചശുശ്രൂഷകളിൽ മോൺ. ഷോൺ ഹീലി,ഫാ. ഷൈജു നടുവത്താനി എന്നിവരും വചനം പങ്കുവെച്ചു.ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ. മാത്യു ചൂരപ്പൊയ്കയിലും കൺവെൻഷനിൽ പങ്കുചേർന്നു. ജനുവരി 14ന് നടക്കുന്ന 2017ലെ ആദ്യ കൺവെൻഷനിൽ സാൽഫോഡ് രൂപതാ ബിഷപ്പ് ജോൺ അർനോൾഡ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.