കുരിശിന്റെ ജീവചരിത്രം

623

ഇന്നു നാം കാണുന്ന കുരിശിന്റെ ഉത്ഭവം പേർഷ്യയിൽ നിന്നാണ്. പേർഷ്യൻ ദേവസങ്കൽപമനുസരിച്ച് പ്രപഞ്ചത്തിൽ രണ്ടു ശക്തികളാണുള്ളത്- നന്മയുടേതായ അഹുറയും (ഓർമൂസ്ദ്) തിന്മയുടേതായ അഹ്രിമാനും.

ഭൂമിയും അതിലെ സമസ്തവും അഹൂറയുടേതാണ്. തിന്മയുടേത് അഹ്രിമാന്റേതും. തിന്മ ചെയ്യുന്നവർ അഹ്രിമാന്റെ അനന്തരവരും അനുയായികളുമാണ്. അതിനാൽത്തന്നെ വധിക്കപ്പെടേണ്ടവരും. പക്ഷേ, അങ്ങനെ കൊല്ലപ്പെടുമ്പോൾ അവരുടെ സ്പർശനമേറ്റ് അഹൂറയുടേതായ ഭൂമി പങ്കിലമാകാൻ പാടില്ല. അതുകൊണ്ട് അവരെ ഭൂമിയിൽ നിന്നു കഴിയുന്നത്ര ഉയർത്തി വേണം ശിക്ഷ നടപ്പിലാക്കാൻ. അതേസമയം, അവരെ ആവുന്നത്ര പീഡിപ്പിക്കുകയും വേണം. കാരണം അവർ അഹ്രിമാന്റെ ആൾരൂപങ്ങളല്ലേ? അതിനു പേർഷ്യക്കാർ രൂപം കൊടുത്ത ഉപകരണമാണു കുരിശ്. ക്രമേണ ആ ശിക്ഷാവിധി കാർത്തേജിലേക്കും ഗ്രീസിലേക്കും റോമിലേക്കും കടന്നുവന്നു. ഒളിച്ചോടി രക്ഷപെടാൻ ശ്രമിക്കുന്ന അടിമകളെയും അക്രമികളെയും വിപ്ലവകാരികളെയുമാണ് ഇങ്ങനെ കഴുവിലേറ്റിയിരുന്നത്.

ശിക്ഷ നടപ്പാക്കുന്ന രീതി പലയിടങ്ങളിലും പല വിധമായിരുന്നെങ്കിലും റോമൻ സമ്പ്രദായത്തിന് ഒരു പൊതുരൂപമുണ്ടായിരുന്നു: കുരിശും ചുമന്നാണ് കുറ്റവാളി വധസ്ഥലത്തേക്ക് നീങ്ങുക. തന്നെ ദഹിപ്പിക്കാനുള്ള വിറകുകെട്ടുമായി നീങ്ങുന്ന ബലിമൃഗത്തെപ്പോലെ… കൊലക്കളം ഒരു പൊതുവേദിയായിരിക്കും. അവിടെ കുരിശിന്റെ നെടിയ തടി നേരത്തെ തന്നെ നാട്ടിയിരിക്കുമെന്നതുകൊണ്ട് കുറിയ ദണ്ഡു മാത്രമേ കുറ്റവാളി ചുമക്കേണ്ടി വരുകയുള്ളൂ. അത് അവന്റെ ചുമലിൽ കൈകളോടു ചേർത്തുവച്ചു വരിഞ്ഞുകെട്ടിയാണ് നടത്തിക്കൊണ്ടുപോവുന്നത്-അടിച്ചടിച്ച് ‘ആഘോഷ’മായി. യേശുവിനെയും അങ്ങനെതന്നെയാണ് കൊണ്ടുപോയിട്ടുണ്ടാവുക. കുരിശും കൊണ്ടു വീഴുന്ന നിസ്സഹായൻ മൂക്കു കുത്തിയേ നിലംപൊത്തുകയുള്ളൂ. യേശു വീണതും അതുപോലെതന്നെയാവണം.
കുറ്റവാളിയെ കഴിയുന്നത്ര അപമാനിക്കുവാനും കാണികളിൽ ഭീതി ഉണർത്തുവാനുമാണ് പൊതുനിരത്തിലൂടെ അവരെ നടത്തിക്കൊണ്ടു പോയിരുന്നതും നഗ്നനായി പൊതുസ്ഥലത്ത് തറച്ചു തൂക്കിയിട്ടിരുന്നതും. ജറുസലേം നഗരവീഥിയിലൂടെ യേശുവിനെ നടത്തിക്കൊണ്ടുപോയതിന്റെ കാരണം ഇവിടെയാണ്. ഏതാനും നാളുകൾക്കുമുമ്പ് അതിലെ തന്നെയാണ് യഹൂദരുടെ യഥാർത്ഥ രാജാവായി യേശു എഴുന്നള്ളിയത്. ഇത്തവണ തലയിൽ ഒരു മുൾക്കിരീടം കൂടി ചാർത്തപ്പെട്ടപ്പോൾ പരിഹാസം അതിന്റെ അത്യുച്ചിയിലെത്തുക തന്നെ ചെയ്തു.
വിധിയാളൻ എഴുതിയ കുറ്റപത്രം ‘പരിഹാരപ്രദക്ഷിണവേള’യിൽ പ്രതിയുടെ കഴുത്തിൽ കെട്ടിത്തൂക്കുകയോ മുമ്പിലൊരാൾ പിടിച്ചുകൊണ്ടു പോവുകയോ ചെയ്യുകയാണ് പതിവ്. വധസ്ഥലത്തെത്തിയാലുടനെ കുറ്റവാളിയുടെ വസ്ത്രങ്ങളെല്ലാം ഉരിഞ്ഞെടുക്കുകയും ചമ്മട്ടികൊണ്ടടിച്ച് തൊലി പൊളിക്കുകയും ചെയ്യും. അങ്ങനെ അടിച്ചു തൊലി പൊളിച്ച് അവശനാക്കിയവനെ ഒരു മാംസപിണ്ഡം പോലെ തറച്ചുതൂക്കുക എന്നാണ് ക്ലവുസ്‌നർ എന്ന യഹൂദഗ്രന്ഥകാരൻ രേഖപ്പെടുത്തിയിട്ടുള്ളത്.

യേശുവിന്റെ ക്രൂശിക്കൽ ചടങ്ങ് ഇത്തിരി വ്യത്യസ്തമായിരുന്നു. പീലാത്തോസിന്റെ കല്പനപ്രകാരം നേരത്തെ തന്നെ യേശുവിനെ അടിച്ച് പഞ്ചറാക്കിയിരുന്നതുകൊണ്ട് തറയ്ക്കപ്പെടുന്നതിനുമുമ്പ് അടിക്കേണ്ടി വന്നില്ല. ആ അടിയുടെ ആധിക്യം മൂലമാണ് ഒറ്റയ്ക്ക് കുരിശ് വഹിക്കുവാൻ യേശു അശക്തനായിത്തീർന്നതും. സാധാരണമായി ആറു മണിക്കൂർ ശേഷമാണ് ക്രൂശിതൻ മരണവെപ്രാളം കാണിച്ചുതുടങ്ങുകയെങ്കിലും യേശു മൂന്നു മണിക്കൂറിനകം മരണപ്പെട്ടു പോയി. പതിവിലേറെ അടിക്കപ്പെട്ടതുകൊണ്ടും കൈകാലുകൾ തറച്ചു തൂക്കപ്പെട്ടതുകൊണ്ടും അതിനു മുമ്പേ തന്നെ മരണാസന്നനായിരുന്നതുകൊണ്ടുമാണ് അങ്ങനെ സംഭവിച്ചത്.
ഒരു കാലത്ത് സഹജീവിയെ പീഡിപ്പിക്കുവാൻ മനുഷ്യൻ നിർമ്മിച്ച ഏറ്റവും മൃഗീയമായ മർദ്ദനോപകരണമാണ് കുരിശ്. ഇതുവരെ ഇതിലും കഠോരമായതൊന്നും കണ്ടുപിടിക്കാൻ മനുഷ്യബുദ്ധിക്കു കഴിഞ്ഞിട്ടില്ല. സാഡിസം അതിന്റെ പരകോടിയിലെത്തിയ വേള. അതുകൊണ്ടാണ് അക്കാലത്ത് റോമൻ സെനറ്ററായിരുന്ന സിസറോ (106-43 ബി.സി.) പോലും അതിനെ Most cruel and most horrible torture എന്നു വിശേഷിപ്പിച്ചത്. അൽപം കൂടി വ്യക്തമായ ചിത്രം ക്ലവുസ്‌നറുടേതാണ്:

“Crucifixion is the most terrible and cruel death which man has ever devised for taking vengeance on his fellow men.”
ശരീരത്തിൽ നിന്നു ജീവൻ വേർപെടുന്നതിനുമുമ്പ് ഒരു മനുഷ്യനെ എന്തുമാത്രം പീഡിപ്പിക്കുവാൻ കഴിയും? അതിന്റെ ഉത്തരമായിരുന്നു കുരിശ്.
ക്രൂശിതന്റെ വേദന അചിന്ത്യമാണ്. പല ദിവസങ്ങളോളം ക്രൂശിതൻ ജീവനോടെ കഴുവുമരത്തിൽ കിടന്നു പിടയും; വിശപ്പും ദാഹവും കലശലായി അനുഭവപ്പെടും. ശ്വാസംമുട്ടൽമൂലം മരണവെപ്രാളം കാണിച്ച് അവൻ അലമുറയിടും. അങ്ങനെ പിടയുന്ന വേളയിൽ കൈകൾ ആണിപ്പഴുതുകളിലമരുന്നതുകൊണ്ടുണ്ടാകുന്ന വേദന അവർണനീയമായിരിക്കും- രക്തം വാർന്നുകൊണ്ടേയിരിക്കും.
അടിച്ചു പഞ്ചറാക്കപ്പെട്ട ആ വികൃതരൂപം വെയിലേറ്റു വാടുകയും തണുപ്പിൽ വിറച്ചുതുള്ളുകയും ചെയ്യും. ഇതിനെല്ലാമുപരിയാണ് ക്ഷുദ്രജീവികളുടെ കടന്നാക്രമണം. ഈച്ചയും കൊതുകും മറ്റും അരിച്ചരിച്ചു കയറും. കാക്കകളും കഴുകന്മാരും ആ നഗ്നശരീരം കൊത്തിപ്പറിച്ചുതിന്നും. അവിടെയൊക്കെ നിസ്സഹായനായി നിലവിളിക്കാനേ ആ ബന്ധനസ്ഥനു കഴിയൂ.
എന്തിനാണ് ദൈവമായ യേശു ഇത്ര വലിയ സഹനദാസനായി മാറിയത്? മനുഷ്യരക്ഷ സാധിക്കുവാൻ അ തിലൊരംശം മാത്രം ധാ രാളം മതിയാകുമായിരുന്നില്ലേ? ഏറ്റവും മൃഗീയമായ മർദ്ദനമുറ അതിന്റെ പരകോടിയിൽ അവിടു ന്ന് ഏറ്റുവാങ്ങുകയായിരുന്നു. സഹനത്തിന്റെ കാര്യത്തിൽ പോലും ‘ത ന്റെ മുമ്പിൽ ഒരു ജഡ വും അഹങ്കരിക്കരു’തെ ന്ന് അവിടുന്ന് അഭിലഷിച്ചിട്ടുണ്ടാകണം. അതോടൊപ്പം വേദനയുടെ വി ലയും മൂല്യവും കൂടി അ വിടുന്ന് വ്യക്തമാക്കുകയായിരുന്നു.

മനുഷ്യന്റെ വേദനയുടെയും സഹനത്തിന്റെ യും അർത്ഥവും അനിവാര്യതയും ഇത്രയേറെ വ്യക്തമാക്കുവാൻ വേ റൊരു സിദ്ധാന്തത്തിനും തത്വസംഹിതയ്ക്കും സാധ്യമല്ല.

എല്ലാവരാലും അപമാനിതനാകാൻ വേണ്ടിയാ ണ് നഗ്നനായ ക്രൂശിതൻ ഉയർത്തപ്പെട്ടിരുന്നതെങ്കിൽ എല്ലാവരുടെയും അപമാനം മാറ്റുവാൻ വേണ്ടിയാണ് യേശു അതു സ്വീകരിച്ചത്. വിരൂപനായ ക്രൂശിതനെക്കണ്ടു ഭയന്ന് എല്ലാവരും തെറ്റുകളിൽ നിന്ന് ഒഴിവായിക്കൊള്ളണമെന്നായിരുന്നെങ്കിൽ, യേശുവാകട്ടെ എല്ലാവരുടെയും തെറ്റുകൾക്കു പരിഹാരമാവുകയായിരുന്നു. എല്ലാവരും കാണുവാൻ വേണ്ടിയാണ് കുറ്റവാളികൾ ഉയർത്തി നാട്ടപ്പെട്ടിരുന്നതെങ്കിൽ, എല്ലാവരെയും കാണുവാൻ വേണ്ടിയാണ് യേശു ഉയർത്തപ്പെട്ടത്. ‘ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്കാകർഷിക്കും’ (യോഹ.12:32).

ഫാ. ജോസഫ് നെച്ചിക്കാട്ട്