കേരള ലത്തീൻസഭയുടെ മിഷൻ കോൺഗ്രസ്-ബിസിസി കൺവൻഷന് ഇന്നു തുടക്കം

262

കൊച്ചി: കേരള ലത്തീൻസഭയുടെ മിഷൻ കോൺഗ്രസ്-ബിസിസി കൺവൻഷന് ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രവും പ്രശസ്ത മരിയൻ ബസിലിക്കയുമായ വല്ലാർപാടത്ത് ഇന്നു തുടക്കമാകും. കേരളത്തിലെ 12 ലത്തീൻ രൂപതകളുടെയും സംയുക്ത ഒത്തുചേരലായിരിക്കും കൺവെൻഷൻ. തിരുവനന്തപുരം ലത്തീൻ പ്രൊവിൻസിന്റെ കീഴിലുള്ള ആലപ്പുഴ, കൊല്ലം, പുനലൂർ, നെയ്യാറ്റിൻകര രൂപതകളും വരാപ്പുഴ പ്രൊവിൻസിന്റെ കീഴിലുള്ള കൊച്ചി, കോട്ടപ്പുറം, വിജയപുരം, കോഴിക്കോട്, കണ്ണൂർ, സുൽത്താൻപേട്ട് എന്നീ രൂപതകളിലെ മെത്രാന്മാരും ഭാരതത്തിലെ മിഷൻ രൂപതകളിലെ മെത്രാന്മാരും പങ്കെടുക്കും.

കെ.സി.ബി.സി.യുടെയും കെ.ആർ.എൽ.സി.ബി.സി.യുടെയും പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ഡോ. സൂസൈപാക്യത്തിന്റെ അധ്യക്ഷതയിൽ 10.10-ന് കൂടുന്ന സമ്മേളനത്തിൽ സി.സി.ബി.ഐ. പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് മിഷൻ കോൺഗ്രസ് – ബി.സി.സി. കൺവൻഷൻ – 2017 ഉദ്ഘാടനം ചെയ്യും. ഭാരതത്തിലെയും നേപ്പാളിലെയും വത്തിക്കാൻ സ്ഥാനപതിയായ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അനുഗ്രഹപ്രഭാഷണം നടത്തും.

കെആർഎൽസിബിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ ഫ്രാൻസിസ് പാപ്പായുടെ ആശീർവാദ സന്ദേശം വായിക്കും. സീറോ മലബാർ സഭാ പ്രതിനിധി കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, സീറോ മലങ്കര സഭാ പ്രതിനിധി മാവേലിക്കര ബിഷപ് മാർ ജോഷ്വ ഇഗ്‌നാത്തിയോസ് എന്നിവർ ആശംസകളർപ്പിക്കും. വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്വാഗതവും കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ നന്ദിയും പറയും.

ഉദ്ഘാടന സമ്മേളനാനന്തരം ഉച്ചയ്ക്ക് 12-ന് എറണാകുളം സെന്റ് തെരേസാസ് കോൺവന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനികൾ മിഷൻ കോൺഗ്രസ് – ബിസിസി കൺവൻഷൻ തീം സോങിന്റെ നൃത്താവിഷ്‌ക്കാരം നിർവ്വഹിക്കും. 25 വിദ്യാർത്ഥിനികൾ അണിനിരക്കുന്ന നൃത്താവിഷ്‌ക്കാരം താരിഫ് സാറിന്റെ നേതൃത്വത്തിൽ ബീന ജൂലി, ഷേർളി പോൾ എന്നിവരാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുൻ ഡിജിപി അലക്സാണ്ടർ ഐപിഎസ് ആദ്യ ദിനത്തിലെ മുഖ്യപ്രഭാഷണം നടത്തും. മുൻ എം.പി.ചാൾസ് ഡയസ് നന്ദി രേഖപ്പെടുത്തും.

കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി വിദ്യാർത്ഥികളുടെ സംഗീത ശുശ്രൂഷയോടെ ഉച്ചയ്ക്കുശേഷം 1.30-ന് ആദ്യ സെഷനാരംഭം കുറിക്കും. ‘പങ്കാളിത്ത സഭ’ എന്ന വിഷയത്തിൽ ഷെൽട്ടർ പിൻഹീറോ ആദ്യസെഷന് നേതൃത്വം നൽകും. സിടിസി സുപ്പീരിയർ ജനറൽ മദർ ലൈസ നന്ദിയർപ്പിക്കും. ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ പ്രധാന കാർമികത്വത്തിൽ വല്ലാർപാടം ബസിലിക്കാങ്കണത്തിൽ മൂന്ന് മണിക്കർപ്പിക്കുന്ന പൊന്തിഫിക്കൽ സമൂഹ ദിവ്യബലി മധ്യേ വരാപ്പുഴ മെട്രൊപ്പോലിറ്റൻ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ആർച്ച്ബിഷപ് ദിക്വാത്രോ പാലിയം ധരിപ്പിക്കും.

വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് പാപ്പായിൽ നിന്നും ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരിച്ച പാലിയമാണ് ഔദ്യോഗികമായി വത്തിക്കാൻ സ്ഥാനപതി ധരിപ്പിക്കുക. വത്തിക്കാനിലെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പായുടെ പ്രധാന കാർമികത്വത്തിൽ കഴിഞ്ഞ ജൂൺ 29-ന് അർപ്പിച്ച ദിവ്യബലി മധ്യേയാണ് ആഗോളസഭയിലെ 32 മെത്രാപ്പോലീത്തമാർക്ക് പാപ്പാ സ്ഥാനിക ഉത്തരീയമായ പാലിയം നൽകിയത്. ഇവരിൽ ഏക ഇന്ത്യക്കാരൻ ആർച്ച്ബിഷപ് കളത്തിപ്പറമ്പിലായിരുന്നു. കുഞ്ഞാടിന്റെ രോമം കൊണ്ട് നെയ്തുണ്ടാക്കിയ പാലിയം നല്ലിടയനായ ക്രിസ്തുവിനോട് സാരൂപ്യപ്പെടേണ്ട മെത്രാപ്പോലീത്തായുടെ ഇടയ ദൗത്യത്തെയാണ് സൂചിപ്പിക്കുന്നത്. മാർപാപ്പായും മെട്രൊപ്പോലിറ്റൻ ആർച്ച്ബിഷപ്പുമാരും തമ്മിലുള്ള സവിശേഷമായ ബന്ധത്തിന്റെ അടയാളം കൂടിയാണിത്.

ഒരു അതിരൂപതയുടെ ഭരണച്ചുമതലയും അതിരൂപതയ്ക്ക് സാമന്ത രൂപതകളുമുള്ള ആർച്ച്ബിഷപ്പിനെയാണ് മെട്രൊപ്പോലിറ്റൻ ആർച്ച്ബിഷപ് എന്നുവിളിക്കുന്നത്. അതായത് എല്ലാ മെത്രാപ്പോലീത്തമാർക്കും പാലിയം ഇല്ലെന്നർത്ഥം. വരാപ്പുഴ അതിരൂപതയ്ക്ക് കൊച്ചി, കോട്ടപ്പുറം, വിജയപുരം, കോഴിക്കോട്, കണ്ണൂർ, സുൽത്താൻപേട്ട് എന്നീ ആറ് സാമന്തരൂപതകളാണുള്ളത്. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി നന്ദിയർപ്പിക്കും.

വൈകിട്ട് 4.30-ന് കൺവൻഷൻ പ്രതിനിധികൾക്കായി നിശ്ചയിച്ചിട്ടുള്ള വിവിധ ഇടവകകളിലെ മൂവായിരത്തി അഞ്ഞൂറ് ഭവനങ്ങളിലേക്ക് പ്രതിനിധികൾ യാത്രയാകും. കെആർഎൽസിസി ജനറൽ ബോഡി അംഗങ്ങൾ, 12 രൂപതകളിലെ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിസിസി കോ-ഓർഡിനേറ്റർമാർ, പാരിഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ, ഇടവകയിലെ ആറ് ശുശ്രൂഷാ സമിതികളിലെ കോ-ഓർഡിനേറ്റർമാർ, യുവജന പ്രതിനിധികൾ, ബിസിസി സിസ്റ്റർ ആനിമേറ്റർമാർ, ഭക്തസംഘടനാ പ്രതിനിധികൾ, കെഎൽസിഎ, സിഎസ്എസ്, കെഎൽസി ഡബ്ല്യുഎ, ഡിസിഎംഎസ്, കെഎൽഎം, ആംഗ്ലോ ഇന്ത്യൻ സംഘടനാ പ്രതിനിധികൾ, മതാധ്യാപക പ്രതിനിധികൾ എന്നിവരുൾപ്പെടുന്നതാണ് മൂവായിരത്തി അഞ്ഞൂറ് പ്രതിനിധിസംഘം.

മിഷൻ കോൺഗ്രസിന്റെ രണ്ടാം ദിനമായ ഒക്ടോബർ ഏഴിന് വരാപ്പുഴ, ആലപ്പുഴ, കൊച്ചി, കോട്ടപ്പുറം എന്നീ നാലുരൂപതകളിലെ 22 സെന്ററുകളിലാണ് സംഗമം നടക്കുക. ആലപ്പുഴ രൂപതയിലെ കണ്ടക്കടവ്, മാനാശ്ശേരി, കൊച്ചി രൂപതയിലെ ഫോർട്ടുകൊച്ചി ബസിലിക്ക, ഫോർട്ടുകൊച്ചി വെളി, ഇടക്കൊച്ചി, മുണ്ടംവേലി, പള്ളുരുത്തി, കോട്ടപ്പുറം രൂപതയിലെ കോട്ടപ്പുറം, ഗോതുരുത്ത്, പള്ളിപ്പുറം, വരാപ്പുഴ അതിരൂപതയിലെ തൈക്കൂടം, തോട്ടക്കാട്ടുകര, കാക്കനാട്, പെരുമാനൂർ, കലൂർ, വടുതല, കൂനമ്മാവ്, മഞ്ഞുമ്മൽ, വരാപ്പുഴ, ചേരാനല്ലൂർ, എടവനക്കാട്, ഓച്ചന്തുരുത്ത് വളപ്പ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട സംഗമ കേന്ദ്രങ്ങൾ.

ഓരോ കേന്ദ്രങ്ങളിലും 200 പ്രതിനിധികൾ വീതം സംഗമിക്കും. സമ്മേളന വേദികൾക്ക് മിഷണറിമാരായ 22 മഹത് വ്യക്തികളുടെ നാമധേയമാണ് നൽകിയിരിക്കുന്നത്. 22 കേന്ദ്രങ്ങളിലും ഒരേ രീതിയിലുള്ള ചർച്ചകളും പഠനങ്ങളുമായിരിക്കും നടക്കുക. രാവിലെ 9.30-ന് പ്രാർത്ഥനാ ശുശ്രൂഷയോടെ കൺവൻഷൻ ആരംഭിക്കുകയും തുടർന്ന് രണ്ടാം ദിനത്തിന്റെ ഉദ്ഘാടന കർമങ്ങളും ഓരോ സെന്ററിലും നടക്കും. ‘ബിസിസികളിലൂടെ സജീവമാകുന്ന ഇടവക’, ‘ശുശ്രൂഷകളിലൂടെ സജീവമാകുന്ന ബിസിസി’ എന്നീ വിഷയങ്ങളായിരിക്കും പഠനത്തിനും വിചിന്തനത്തിനും വിധേയമാക്കുക. ബിസിസി പ്രവർത്തനങ്ങൾ എങ്ങനെ ശക്തിപ്പെടുത്താം എന്നതായിരിക്കും ഗ്രൂപ്പുചർച്ചയുടെ വിഷയം. തുടർന്ന് പൊതുചർച്ച.

ഉച്ചയ്ക്കുശേഷം 2.30-ന് മിഷൻ കോൺഗ്രസിന്റെ പ്രധാന വേദിയായ വല്ലാർപാടം ബസിലിക്കയിൽ പൊന്തിഫിക്കൽ സമൂഹ ദിവ്യബലി അർപ്പണം. വൈകിട്ട് ആറിന് പ്രതിനിധികൾ രൂപതകളിലെ വിവിധ ഇടവകകളിലെ കുടുംബയൂണിറ്റുകൾ സന്ദർശിച്ച് കുടുംബയോഗങ്ങളിൽ പങ്കെടുത്ത് അനുഭവങ്ങൾ പങ്കുവയ്ക്കും. മൂവായിരത്തി അഞ്ഞൂറ് കുടുംബയൂണിറ്റുകളിൽ മൂവായിരത്തി അഞ്ഞൂറ് പ്രതിനിധികൾ ഒരേ സമയം പങ്കെടുത്ത് ആശയവിനിമയം നടത്തുന്നത് കേരള സഭാചരിത്രത്തിലെ പുതിയ അനുഭവമായിരിക്കും. പങ്കാളിത്തസഭ: സുവിശേഷ പ്രഘോഷണത്തിനും സാക്ഷ്യത്തിനുമെന്ന ആശയത്തിന്റെ സാക്ഷാത്ക്കാരമായിരിക്കും കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നതുവഴി പ്രതിനിധികൾ പങ്കുവയ്ക്കുന്നത്.

സമാപനദിനമായ ഒക്ടോബർ എട്ടിന് രാവിലെ ഒൻപത് മണിക്ക് കാർമൽഗിരി സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി വിദ്യാർത്ഥികൾ നയിക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയോടെയാണ് ത്രിദിന കൺവൻഷന്റെ സമാപനത്തിന് തുടക്കം കുറിക്കുന്നത്. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാർമികനായിരിക്കും. കേരളത്തിലെ ലത്തീൻ സഭയിൽ അടുത്ത പത്തുവർഷത്തേക്ക് നടപ്പിലാക്കാൻ ആവിഷ്‌ക്കരിച്ചിട്ടുള്ള ദശവത്സര അജപാലന ദർശന രേഖയുടെ പ്രകാശനം 9.15-ന് സുപ്രീംകോടതി ജസ്റ്റീസ് കുര്യൻ ജോസഫ് നിർവ്വഹിക്കും. കെആർഎൽസിബിസി ശുശ്രൂഷാ സമിതികളുടെ കോ-ഓർഡിനേറ്റർ ഫാ. തോമസ് തറയിൽ ദശവത്സര പദ്ധതികൾ അവലോകനം ചെയ്ത് സംസാരിക്കും.

സിസിബിഐ ബിസിസി കമ്മീഷൻ ദേശീയ ചെയർമാനും സിംല-ചാണ്ഡിഗർ രൂപതാ ബിഷപ്പുമായ ഡോ. ഇഗ്‌നേഷ്യസ് ലൊയോള മസ്‌ക്രീനാസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സിബിസിഐ ബിസിസി കമ്മീഷൻ സെക്രട്ടറി ഫാ. വിജയ് തോമസ്, ആന്റണി നൊറോണ എന്നിവർ ആശംസകളർപ്പിക്കും. തുടർന്ന് 10.10-ന് ആരംഭിക്കുന്ന പഠന ക്ലാസിൽ ‘പ്രേഷിത പ്രവർത്തനം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയം കെആർഎൽസിബിസി സെക്രട്ടറി ജനറലും കോഴിക്കോട് രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. വർഗീസ് ചക്കാലക്കലും തൃശൂർ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിലും ചേർന്ന് നയിക്കും. ‘ജീവിതത്തിൽ എങ്ങനെ ഒരു മിഷണറിയായി പ്രവർത്തിക്കാൻ സാധിക്കും’ എന്ന വിഷയത്തെ ആസ്പദമാക്കി 11.15-ന് ടോക്ഷോ നടക്കും.

മോൺ. ജയിംസ് കുലാസ്, ഡോ. എഡ്വേർഡ് എടേഴത്ത്, ജോയി ഗോതുരുത്ത്, ഫാ. പോൾ സണ്ണി എന്നിവർ നേതൃത്വം നൽകും. മിഷൻ കോൺഗ്രസ്-ബിസിസി കൺവൻഷൻ ജനറൽ കൺവീനർ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ കൃതജ്ഞത പ്രകാശിപ്പിക്കും. ഉച്ചയ്ക്കുശേഷം 2.30-ന് അർപ്പിക്കുന്ന പൊന്തിഫിക്കൽ സമൂഹദിവ്യബലിയിൽ വത്തിക്കാനിൽ നിന്നുള്ള ഇവാഞ്ചലൈസേഷൻ സെക്രട്ടറി ആർച്ച്ബിഷപ് പ്രൊട്ടാസെ റുഗുംബോ മുഖ്യകാർമികത്വം വഹിക്കും.

കേരളസഭയ്ക്കു വേണ്ടിയുള്ള പുതിയ പ്രോജക്ടുകളെക്കുറിച്ചുള്ള വിശദമായ രൂപരേഖ പ്രോഗ്രാം കമ്മിറ്റി കൺവീനർ റവ. ഡോ. ഗ്രിഗറി ആർബി അവതരിപ്പിക്കും. തുടർന്ന് ഹാർട്ട് ടു ഹാർട്ട് മിഷൻ ലിങ്കേജ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. കേരളസഭയെ മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിച്ചുകൊണ്ട് മിഷൻ ക്രോസ് കൈമാറ്റവും കൺവൻഷനിൽ നടക്കും. മിഷൻ കോൺഗ്രസ്-ബിസിസി കൺവൻഷന്റെ തുടർപദ്ധതി ആർച്ച്ബിഷപ് ഡോ.സൂസപാക്യം പ്രഖ്യാപിക്കുന്നതിനെ തുടർന്ന് കൺവൻഷൻ ചെയർമാൻ പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ നന്ദിയർപ്പിക്കും. ഇതോടെ ത്രിദിന കൺവൻഷന് സമാപനമാകും.