കൊടുങ്കാറ്റില്‍ ഉലയുന്ന കപ്പല്‍

0
1525

1862 മെയ് 26ന് വിശുദ്ധ ഡോണ്‍ ബോസ്്‌കോയ്ക്ക് ഒരു ദര്‍ശനമുണ്ടായി. കൊടുങ്കാറ്റില്‍ ആടിയുലയുന്നൊരു കപ്പല്‍. ആ കപ്പലില്‍ മാര്‍പാപ്പയെയും കര്‍ദ്ദിനാള്‍മാരെയും മെത്രാന്മാരെയും വൈദികരെയും സന്യസ്തരെയും അനേകം വിശ്വാസികളെയും വിശുദ്ധന്‍ കണ്ടു. അപ്പോള്‍ അദ്ദേഹത്തിനൊരു കാര്യം മനസിലായി ഈ ആടിയുലയുന്ന കൂറ്റന്‍ കപ്പല്‍ കത്തോലിക്കാ സഭയുടെ പ്രതീകമാണെന്ന്.
ഭയങ്കരമായ കാറ്റില്‍ ആടിയുലയുന്ന കടലില്‍ പിന്നീട് ചെറുതും വലുതുമായ അനേകം കപ്പലുകള്‍ പ്രത്യക്ഷപ്പെടുന്നതും കത്തോലിക്ക സഭയുടെ പ്രതീകമായി ഉയര്‍ന്നുനിന്ന കൂറ്റന്‍ കപ്പലിനെ ആക്രമിക്കാന്‍ ശ്രമിക്കു ന്നതും വിശുദ്ധന്‍ കണ്ടു. ഈ സമയത്ത് മാര്‍പാപ്പയും കത്തോലിക്കാ സഭയും കടന്നു പൊയ്‌ക്കൊണ്ടിരുന്നത് കടുത്ത ക്ലേശങ്ങളിലൂടെ ആയിരുന്നു.
ശത്രുക്കളുടെ വിജയം സുനിശ്ചിതമായപ്പോള്‍ അന്ധകാരമായിരുന്ന സമുദ്രത്തില്‍ രണ്ടു നെടുംതൂണുകള്‍ ഉയര്‍ത്തപ്പെട്ടു. ഒന്നാമത്തെ തൂണില്‍ തിരുവോസ്തി കാണപ്പെട്ടു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു. ”വിശ്വാസികളുടെ രക്ഷ!” രണ്ടാമത്തെ തൂണില്‍ മാതാവിന്റെ തിരുസ്വരൂപം. അതില്‍ ”ക്രിസ്ത്യാനികളുടെ സഹായം!” എന്ന് എഴുതിയിരുന്നു. ഈ സ്തംഭങ്ങള്‍ കണ്ടപ്പോള്‍ കപ്പലില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം പുതിയൊരു പ്രത്യാശ കൈവന്നു. കപ്പല്‍ ആ നെടുംതൂണുകളുടെ സമീപത്തേക്ക് നയിച്ചു. അന്ധകാരവും കൊടുങ്കാറ്റും ശാന്തമായി.