കൊല്ലപ്പെടുമെന്ന ചിന്ത ഒരിക്കൽപ്പോലും അലട്ടിയില്ല: ഫാ. ടോം ഉഴുന്നാലിൽ

519
വത്തിക്കാൻ സിറ്റി: ഭീകരവാദികളുടെ തടവിൽ കഴിയവെ കൊല്ലപ്പെടുമെന്ന ചിന്ത ഒരിക്കൽ പോലും അലട്ടിയിരുന്നില്ലെന്നും തീവ്രവാദികൾ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും യെമനിൽ തീവ്രവാദികളുടെ പിടിയിൽനിന്ന് മോചിക്കപ്പെട്ട സലേഷ്യൻ സഭാംഗം ഫാ. ടോം ഉഴുന്നാലിൽ.  ഫ്രാൻസിസ് പാപ്പയെയും സലേഷ്യൻ സഭാ സുപ്പീരിയറിനെയും സന്ദർശിച്ചിക്കാൻ വത്തിക്കാനിലെത്തിയപ്പോൾ സലേഷ്യൻ വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിനായി ജീവിക്കണമെന്ന ആഗ്രഹമായിരുന്നു മനസിലെന്നും ഫാ.ടോം പറഞ്ഞു.
‘തട്ടിക്കൊണ്ടുപോയ ശേഷം തന്റെ കണ്ണ് മൂടികെട്ടി മൂന്ന് തവണ മറ്റിടങ്ങളിലേക്ക് മാറ്റി. ശരീരഭാരം നന്നേ കുറഞ്ഞ് ശാരീരികാവസ്ഥ മോശമായപ്പോൾ പ്രമേഹത്തിനുള്ള മരുന്ന് നൽകി. തട്ടിക്കൊണ്ടുപോയവർ അറബിയും ഇംഗ്ലീഷുമാണ് സംസാരിച്ചിരുന്നത്. ഇംഗ്ലീഷിലാണ് കുറച്ചെങ്കിലും ആശയവിനിമയം നടത്താനായത്. തടവിലായപ്പോൾ ഭീകരവാദികൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ തന്നെയാണ് താനും ധരിച്ചത്, ബന്ദിയായി കഴിയുമ്പോൾ പ്രാർത്ഥനാ പുസ്തകങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും മനപാ~മാക്കിയ പ്രാർത്ഥനകൾ ഉരുവിട്ടായിരുന്നു പ്രാർത്ഥന,’ അദ്ദേഹം തുടർന്നു:
‘മിഷനറീസ് ഓഫ് ചാരിറ്റിയിൽ നടന്ന കൂട്ടക്കൊലയുടെ തലേന്നാൾ രാത്രി ചാരിറ്റിയുടെ ഡയറക്ടർ യുദ്ധമേഖലയിൽ പ്രവർത്തിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിച്ചു. ക്രിസ്തുവിനുവേണ്ടി എല്ലാവരുമൊന്നിച്ച് രക്തസാക്ഷിത്വം കൈവരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, എനിക്ക് യേശുവിന് വേണ്ടി ജീവിക്കണമെന്നായിരുന്നു അവിടെയുണ്ടായിരുന്നു പ്രായം കുറഞ്ഞ ഒരു കന്യാസ്ത്രീ പറഞ്ഞത്. അത്ഭുതകരമെന്ന് പറയട്ടെ പിറ്റേന്ന് നടന്ന തീവ്രവാദി ആക്രമണത്തിൽ ആ യുവകന്യാസ്ത്രീ രക്ഷപ്പെട്ടു.’
വത്തിക്കാനിലെ സലേഷ്യൻ സഭയുടെ ആസ്ഥാനത്താണ് ഫാ. ടോം ഇപ്പോഴുള്ളത്.  ശരീരസൗഖ്യം നേടും വരെ അവിടെ തുടരാനാണ് തീരുമാനം. ഫാ. ടോമിനെ പൊന്നാടയണിയിച്ച് വികാരനിർഭരമായാണ് സലേഷ്യൻ സമൂഹം സ്വീകരിച്ചത്. ദൈവത്തിനും പരിശുദ്ധ കന്യാമറിയത്തിനും  സ്തുതിയർപ്പിച്ച് ഫാ.ടോം നിശബ്ദനായി സ്വീകരണം ഏറ്റുവാങ്ങി. വത്തിക്കാനിലെ സലേഷ്യൻ സഭയുടെ ചാപ്പലിൽ പ്രാർത്ഥിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ആവശ്യം.