ക്രിസ്തീയ മൂല്യങ്ങളെ അവഗണിക്കുന്നതിന് യൂറോപ്പ് വലിയ വില കൊടുക്കേണ്ടി വരും: റഷ്യൻ മെട്രോപ്പോളീറ്റൻ

375

മോസ്‌കോ: തങ്ങളുടെ ക്രിസ്തീയ മൂല്യങ്ങളും, പാരമ്പര്യവും അവഗണിച്ച് മുന്നോട്ട് പോയാൽ യൂറോപ്പിന് വലിയ വില കൊടുക്കേണ്ടി വരും എന്ന് മോസ്‌കോ പാത്രിയാർക്കേറ്റിന്റെ എക്‌സ്റ്റേണൽ ചർച്ച് റിലേഷൻസ് സമിതി ചെയർമാൻ മെട്രോപ്പോളീറ്റൻ ഹിലാരിയോൺ ആൽഫയേവ്. ലണ്ടനിലെ റഷ്യൻ എംബസി സംഘടിപ്പിച്ച കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പിൽ ഇപ്പോൾ സംഭവിക്കുന്ന ആകമാന മാറ്റത്തിന്റെ മുഖ്യകാരണങ്ങൾ കുടിയേറ്റവും, മതനിരപേക്ഷതയുമാണെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പ്യൻ യൂണിയനിൽ മാത്രമായി ഏതാണ്ട് 1.8 ദശലക്ഷത്തോളം അഭയാർത്ഥികൾ എത്തിയിട്ടുണ്ടെന്നാണ് ഫ്രോണ്ടെക്‌സ് ഏജൻസി നൽകുന്ന വിവരം. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2000ൽ 49.3 ദശലക്ഷമായിരുന്നത് 2015 ആയപ്പോഴേക്കും 76.1 ദശലക്ഷമായി ഉയർന്നു. കുടിയേറ്റത്തോടൊപ്പം യൂറോപ്പ്യൻ സമൂഹത്തിന്റെ മതനിരപേക്ഷത യൂറോപ്പിന്റെ മൂല്യച്യുതിക്ക് കാരണമായിട്ടുണ്ട്. ബ്രിട്ടനിലെ പകുതിയോളം പേർ യാതൊരു മതത്തിലും വിശ്വസിക്കാത്തവരാണ്. എന്നാൽ റഷ്യയിൽ ഇതിനു വിരുദ്ധമായ സാഹചര്യമാണുള്ളത്.

വെറും 13% മാത്രമാണ് അവിടെ യാതൊരു മതത്തിലും വിശ്വസിക്കാത്തവർ. പാശ്ചാത്യലോകത്ത് ക്രിസ്തുമതത്തിന് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന തളർച്ച 1917 കാലഘട്ടങ്ങളിൽ റഷ്യൻ സഭ നേരിട്ട വിനാശത്തിന് തുല്ല്യമാണ്. യൂറോപ്യൻ യൂണിയൻ തങ്ങളുടെ ക്രിസ്ത്യൻ വേരുകളെക്കുറിച്ച് മറന്ന അവസ്ഥയിലാണ്. സ്വന്തം വ്യക്തിത്വത്തെ നശിപ്പിച്ചുകൊണ്ടുള്ള ഈ പോക്ക് യൂറോപ്പ്യൻ യൂണിയന്റെ വ്യക്തിത്വത്തിന്റെ ആത്മഹത്യയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ക്രിസ്ത്യൻ യൂറോപ്പ് ഇല്ലാതാകുന്നത് തടയുവാൻ വിവിധ സഭകൾ ഏകോപിച്ച് പ്രവർത്തിക്കണമെന്നും യൂറോപ്പിലെ ക്രിസ്ത്യാനികൾ നൂറ്റാണ്ടുകളായി തങ്ങൾ പിന്തുടർന്നു വന്ന ക്രിസ്തീയ മൂല്യങ്ങളേയും, പാരമ്പര്യത്തേയും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.