ക്രിസ്തുരാജന്റെ സ്വന്തം ശില്‍പ്പി

0
1877

എട്ടു വര്‍ഷത്തിനുള്ളില്‍ പതിനെട്ട് അള്‍ത്താരകള്‍; അത്രതന്നെ ഗ്രോട്ടോകള്‍; അര്‍ത്തുങ്കല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിര്‍മിച്ച 96
ശില്‍പ്പങ്ങളുള്ള, ബൃഹത്തായ റോസറി പാര്‍ക്ക്…
ദൈവാലയവുമായി ബന്ധപ്പെട്ട ചിത്രശില്‍പ
കലയില്‍ ശ്രദ്ധേയനാകുന്ന യുവപ്രതിഭ
അമലിനെ പരിചയപ്പെടാം.

സുപ്രസിദ്ധവും പൗരാണികവുമായ അര്‍ത്തുങ്കല്‍ ബസിലിക്കയിലെ അള്‍ത്താര പുനര്‍നിര്‍മിക്കാന്‍ ശില്‍പ്പി എത്തുന്നുവെന്ന് കേട്ടപ്പോള്‍ നാട്ടുകാരുടെ മനസില്‍ അദ്ദേഹത്തെക്കുറിച്ചൊരു ഒരു സങ്കല്പമുണ്ടായിരുന്നു. പക്ഷേ, പുതിയ നിയോഗം ഏറ്റെടുത്ത് ദൈവാലയാങ്കണത്തില്‍ വന്നിറങ്ങിയ 29 വയസുള്ള ശില്‍പ്പിയെ കണ്ടപ്പോള്‍ വികാരിയച്ചനൊഴികെ എല്ലാവരുടെയും മുഖത്ത് അമ്പരപ്പ്. കുറേപ്പേര്‍ അത് മനസിലടക്കിയെങ്കില്‍ ചിലര്‍ക്ക് അത് മറച്ചുവെക്കാനായില്ല: ‘ഈ പയ്യനാണോ ശില്‍പ്പി?’
വികാരിയച്ചന്റെ തിരഞ്ഞെടുപ്പ് തെറ്റില്ലെന്ന് അറിയാമെങ്കിലും ഇടവകാംഗങ്ങള്‍ അക്ഷമയോടെ കാത്തിരുന്നു, ആ ‘പയ്യനെ’ക്കൊണ്ട് എന്തെങ്കിലും നടക്കുമോ എന്നറിയാന്‍. പക്ഷേ, ഒന്‍പതു മാസംകൊണ്ട് നിര്‍മിച്ച അള്‍ത്താര കണ്ടതോടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി ആ യുവശില്‍പ്പി. പുതുതായി നിര്‍മിക്കുന്ന റോസറി പാര്‍ക്കിന്റെ ശില്‍പ്പിയായി ആ പയ്യനെ അവരോധിക്കാന്‍ പിന്നെ തെല്ലും സംശയിച്ചില്ല നാട്ടുകാര്‍. ദൈവാലയവുമായി ബന്ധപ്പെട്ട ചിത്രശില്‍പ്പ കലയില്‍ ശ്രദ്ധേയനാകുന്ന ആ പ്രതിഭയുടെ പേര് അമല്‍ ഫ്രാന്‍സിസ്, എറണാകുളം ചിറ്റൂരിനു സമീപമുള്ള പിഴല സ്വദേശി.സത്യത്തില്‍, അമലിന്റെ മറ്റാരും അറിയാത്ത ഒരു പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമായിരുന്നു ഈ നിയോഗം. ആ കഥ ഇങ്ങനെ: വിവാഹശേഷം കുടുംബമായി അര്‍ത്തുങ്കല്‍ ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയതായിരുന്നു അമല്‍. അള്‍ത്താര കണ്ടപ്പോള്‍ അമലിന്റെ മനസുപറഞ്ഞു, ദൈവാലയ നിര്‍മിതിയുടെ ഭംഗിയും പ്രൗഢിയും അള്‍ത്താരയ്ക്കില്ല. ഏതാനും അള്‍ത്താരകള്‍ രൂപകല്‍പ്പന ചെയ്ത അനുഭവത്തില്‍, അമലിന്റെ മനസില്‍ ഒരാഗ്രഹം ജനിച്ചു: ‘ഇവിടത്തെ അള്‍ത്താര പുനര്‍നിര്‍മിക്കാന്‍ എനിക്ക് അവസരം കിട്ടിയിരുന്നെങ്കില്‍!’
ദൈവത്തിന്റെ പണികള്‍
കുടുംബാംഗങ്ങളുമായി പങ്കുവെച്ച ഇക്കാര്യം, ഒരു പ്രാര്‍ത്ഥനയായി ദൈവത്തിന് സമര്‍പ്പിച്ചാണ് അമല്‍ ദൈവാലയത്തില്‍നിന്ന് ഇറങ്ങിയത്. മറ്റുപലരും, എന്തിന്, അമല്‍പോലുംമറന്ന ആ പ്രാര്‍ത്ഥന ദൈവം മറന്നില്ല എന്നതിന് തെളിവാണ് നാളുകള്‍ക്കിപ്പുറം അത്ഭുതകരമാംവിധം അമലിനെ തേടിയെത്തിയ അള്‍ത്താര നിര്‍മാണ ചുമതല. ഇതിലൂടെ മറ്റൊരു ദൈവനിയോഗംകൂടി പൂവണിഞ്ഞു എന്നതാണ് കൗതുകകരം. 1967-ല്‍ നിര്‍മിച്ച പുതിയ ദൈവാലയത്തിന്റെ അള്‍ത്താര നിര്‍മാണം പൂര്‍ത്തിയായത് 2018ല്‍!
അവിശ്വസനീയമായി തോന്നാമെങ്കിലും 1967-ല്‍ നിര്‍മിച്ച ദൈവാലയത്തിനൊപ്പം വിഭാവനം ചെയ്തിരുന്ന അള്‍ത്താരയുടെ നിര്‍മാണം നടന്നിരുന്നില്ല. ദൈവാലയ നിര്‍മിതിയുടെ ഭംഗിയും പ്രൗഢിയും അള്‍ത്താരയ്ക്കില്ല എന്ന അമലിന്റെ ചിന്ത വെറും തോന്നലായിരുന്നില്ല എന്നര്‍ത്ഥം. അള്‍ത്താര നിര്‍മാണം നടക്കാതെപോയ കാരണം അജ്ഞാതമാണെങ്കിലും അത് വാസ്തവമാണെന്ന് തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നു റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ത്ഥശേരില്‍.
‘1967-ല്‍ നിര്‍മിച്ച ദൈവാലയത്തിന് ആര്‍ക്കിടെക്ച്വറല്‍ പ്ലാന്‍ ഉണ്ടായിരുന്നു എന്നുതന്നെയാണ് അറിയുന്നത്. ദൈവാലയത്തിലെ നിലവറയ്ക്കുള്ളിലെ ഒരു അറയില്‍നിന്നാണ് ഇത് കണ്ടെത്തിയത്. ദൈവാലയത്തിന്റെ ഓരോ ഭാഗവും എപ്രകാരമായിരിക്കണമെന്ന് വ്യക്തമാക്കുന്ന ആ ബ്ലൂപ്രിന്റില്‍ അള്‍ത്താരയും ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍, അപ്രകാരം ഒരു അള്‍ത്താരയായിരുന്നില്ല ദൈവാലയത്തിലുണ്ടായിരുന്നത്.’
അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ യാഥാര്‍ത്ഥ്യമായത് അമലിന്റെ 18-ാമത്തെ അള്‍ത്താരയാണ്. പറവൂര്‍ ഡോണ്‍ ബോസ്‌ക്കോ ദൈവാലയം, തൃശൂര്‍ കോട്ടപ്പുറം ദൈവാലയം, അങ്കമാലി താബോര്‍ ദൈവാലയം, ആലപ്പുഴ കോമളപുരം സേക്രഡ് ഹാര്‍ട്ട് ദൈവാലയം, പെരുമ്പാവൂര്‍ പെരിയാര്‍മുഖം ദൈവാലയം, ആലുവ ഒ.എസ്.ജെ സെമിനാരി ചാപ്പല്‍, ബാംഗ്ലൂര്‍ ഒ.എസ്.ജെ സെമിനാരി ചാപ്പല്‍ എന്നിവിടങ്ങളിലാണ് അതില്‍ ചിലത്. അമലിന്റെ കരവിരുത് കേരളത്തിന് പുറത്തേക്കും വ്യാപിക്കു കയാണിപ്പോള്‍. നാഗ്പൂരിലെ ഒരു ദൈവാലയത്തിലാവും ആ അള്‍ത്താര.
ഈ ചെറുപ്രായത്തില്‍ വലിയ വലിയ ദൗത്യങ്ങളാണല്ലോ തേടിയെത്തുന്നതെന്ന് ചോദിക്കുമ്പോള്‍ പുഞ്ചിരിയാണ് ആദ്യം, പിന്നാലെ കൊച്ചിക്കാരന്റെ സ്വതസിദ്ധമായ ശൈലിയില്‍ മറുപടിയെത്തും: ‘ഇതൊന്നും ഞാന്‍ ചെയ്യുന്നതല്ല, എല്ലാം ദൈവത്തിന്റെ പണിയാണ്,’ ദൈവാല യത്തിന്റെ കേന്ദ്രമായ, വിശ്വാസികളെ പ്രാര്‍ത്ഥനയിലേക്ക് നയിക്കുന്നതില്‍ സുപ്രധാനമായ അള്‍ത്താര രൂപകല്‍പ്പന ചെയ്യുന്ന ശില്‍പ്പിയുടെ വാക്കുകളില്‍ എളിമ!
ഓമനത്തമുള്ള ശവവണ്ടി!
ഈരത്തറ ഇ.എസ് ഫ്രാന്‍സിസ് – മേഴ്‌സി ഫ്രാന്‍സിസ് ദമ്പതികളുടെ മകനാണ് അമല്‍. ഗ്രാമത്തിലെ പതിവു കാഴ്ചകളായ തെങ്ങു കയറ്റക്കാരെയും അമ്പലത്തിലെ ഉത്സവപ്പെരുമയെയും മുറ്റത്തെ മണ്ണില്‍ കോറിയിട്ടതില്‍നിന്ന് അമലിലെ കലാകാരനെ ആദ്യമായി തിരിച്ചറിഞ്ഞത് പിതാവാണ്. ടര്‍ണര്‍ ജോലി ഉപജീവനമാര്‍ഗമായി സ്വീകരിച്ച ഇദ്ദേഹവും കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധനായിരുന്നു. കലാവാസന ജന്മനാല്‍ ഉണ്ടായിരുന്നെങ്കിലും ചിത്രരചനയില്‍ വലിയ താല്‍പ്പര്യമൊന്നും ഇല്ലാതിരുന്ന അമലിനെ, ഈ ദൈവനിയോഗത്തിലേക്ക് വഴി തിരിച്ചുവിട്ടതില്‍ സുപ്രധാനപങ്കുണ്ട് പിതാവിന്.
സ്‌കൂളില്‍നിന്ന് അവധിയെടുപ്പിച്ചും കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ വിടാതെയും പിതാവ് മകനെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു. അതും ഒരു കുട്ടിക്ക് വരയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ചിത്രങ്ങള്‍തന്നെ. അക്കാര്യമെല്ലാം പങ്കുവെച്ച് അക്കാലം ഒരു ‘ബാലപീഡന’ത്തിന്റെ നാളുകളായിരുന്നെന്ന് കുസൃതിച്ചിരിയോടെ അപ്പനെ നോക്കി അമല്‍ പറയുമ്പോള്‍, അദ്ദേഹം അതിന്റെ കാരണം വ്യക്തമാക്കി: ‘കലാവാസന എന്നത് ദൈവം സമ്മാനിച്ച താലന്താണ്. അത് നഷ്ടപ്പെടുത്തരുതെന്ന് മാത്രമല്ല, നിരന്തര പരിശീലനത്തിലൂടെ വര്‍ധിപ്പിക്കാനും കലാകാരന്‍ ബാധ്യസ്ഥനാണ്.’
അത് ശരിവെക്കും വിധമായിരുന്നു, ഇടക്കാലത്തുവെച്ച് അമലിലുണ്ടായ മാറ്റം. ചിത്രരചനയുമായി അഗാധപ്രണയത്തിലായി അമല്‍. അതിലേക്ക് നയിച്ച നിരവധി കാരണങ്ങളുടെ കൂട്ടത്തില്‍ ഒരു ‘ശവവണ്ടി ഇഫക്ടി’നെക്കുറിച്ചുകൂടി പറയണം. അമല്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം. അക്കാലത്താണ്, മൃതദേഹ സംസ്‌ക്കാരയാത്രയ്ക്കുവേണ്ടി ഒരു ശവവണ്ടി നിര്‍മിക്കാന്‍ പിഴല സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവക പദ്ധതിയിട്ടത്.
കലാകാരനായതിനാല്‍ അമലിന്റെ പിതാവിനെ വികാരിയച്ചന്‍ ആ ദൗത്യം ഏല്‍പ്പിച്ചു. ഒറ്റ നിര്‍ദേശമേ അദ്ദേഹം നല്‍കിയുള്ളൂ: ‘ശവവണ്ടി കണ്ടാല്‍ പേടി തോന്നരുത്’ കറുത്ത നിറത്തിലുള്ള ഭീകരരൂപിയായിരുന്നല്ലോ പഴയകാല ശവവണ്ടികള്‍. (ആ ചിത്രം പഴയ തലമുറയുടെ ഓര്‍മയില്‍ ഇപ്പോള്‍ എത്തിയിട്ടുണ്ടാകും) വികാരിയച്ചന്റെ നിര്‍ദേശം മനസില്‍ സംഗ്രഹിച്ച് വീട്ടിലെത്തിയശേഷം, യൂറോപ്പ് നേരില്‍ കണ്ടിട്ടില്ലാത്ത പിതാവ്, യൂറോപ്പ് എവിടെയാണെന്നുപോലും അറിയാത്ത മകനെ അടുത്തുവിളിച്ച് ഒരു ദൗത്യം ഏല്‍പ്പിച്ചു: ‘ഇടവകയ്ക്കുവേണ്ടി നമുക്ക് ഒരു യൂറോപ്പ്യന്‍ സ്‌റ്റൈല്‍ ശവവണ്ടിയുണ്ടാക്കണം.’
എന്തെങ്കിലും സംഭവിക്കുമെന്നുതന്നെയായിരുന്നു പിതാവിന്റെ വിശ്വാസം. മകന്റെ കഴിവിലുള്ള വിശ്വാസം ശരിവെക്കും വിധം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അമല്‍ അപ്പന് ഒരു ചിത്രം വരച്ചുനല്‍കി, ഓമനത്തം തുളുമ്പുന്ന ഒരു ശവവണ്ടി! അപ്പന്‍ ഹാപ്പിയായതോടെ സംഭവം യാഥാര്‍ത്ഥ്യമായി. ആയിടയ്ക്ക് ഇടവക സന്ദര്‍ശനത്തിനെത്തിയ വരാപ്പുഴ ആര്‍ച്ച്ബിഷപ്പിന്റെ കണ്ണിലും ഉടക്കി ആ ഓമനവണ്ടി. അതിനെ തൊട്ടും തലോടിയും ഒറ്റ വാക്കില്‍ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം അഭിപ്രായം പറഞ്ഞു: ‘ഇതില്‍ ആര്‍ക്കുമൊന്ന് കിടക്കാന്‍ തോന്നുമല്ലോടോ!’ അത് രൂപകല്‍പ്പന ചെയ്തത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കൂടിയാണെന്നറിഞ്ഞ അദ്ദേഹം അനുഗ്രഹാശിസുകള്‍ നേര്‍ന്നാണ് അവിടെനിന്ന് മടങ്ങിയത്.
ചിത്രകാരന്‍ പക്ഷേ, ശില്‍പ്പി
ആര്‍ച്ച്ബിഷപ്പിന്റെ അനുഗ്രഹം കൂടി ലഭിച്ചതിനാലാവും അമലിലെ കലാവാസന കൂടുതല്‍ പുഷ്പിച്ചു തുടങ്ങി. പ്രദേശത്തെ ചിത്രകലാ അധ്യാപകനില്‍നിന്ന് ബാലപാഠങ്ങള്‍ അഭ്യസിച്ചതും അക്കാലത്താണ്. പ്രകൃതിദൃശ്യങ്ങളോടായിരുന്നു അഭിനിവേശമെങ്കിലും ക്രമേണ സാമൂഹ്യവിഷയങ്ങളും കാന്‍വാസില്‍ ഇടംപിടിച്ചു. വാട്ടര്‍ കളറിലും അക്രിലിക്കിലും ഓയില്‍ പെയിന്റിലും വിരിഞ്ഞ ചിത്രങ്ങളാല്‍ വീടു നിറയാന്‍ അധികനാള്‍ വേണ്ടിവന്നില്ല. 12-ാം ക്ലാസ് പൂര്‍ത്തിയാക്കുന്നതിനിടയില്‍ ആദ്യത്തെ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. അതും പല പ്രമുഖരുടെയും ചിത്രശില്‍പ പ്രദര്‍ശനത്തിന് വേദിയായ എറണാകുളം ദര്‍ബാര്‍ ഹാളില്‍.
കൊമേഴ്‌സില്‍ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയപ്പോഴേക്കും അമലിന്റെ സ്വപ്‌നങ്ങളില്‍ നിറഞ്ഞത് ചിത്രകലാപഠനത്തില്‍ കേരളത്തിലെ എണ്ണം പറഞ്ഞ പാഠശാലകളില്‍ ഒന്നായ ആര്‍.എല്‍.വി കോളജിലെ (രാധാ ലക്ഷ്മി വിലാസം) പ്രവേശനമായിരുന്നു. അയല്‍വാസിയും ആര്‍.എല്‍.വിയിലെ പൂര്‍വവിദ്യാര്‍ത്ഥിയുമായ ഇ.ആര്‍.സേവ്യറിന്റെ പ്രേരണയും അതിന് കാരണമായി. കഠിനമായ പ്രവേശനകടമ്പകള്‍ കടന്ന് 2008ല്‍ ആര്‍.എല്‍.വിയിലേക്ക്. ബിരുദ പഠനം ചിത്ര കലയിലായിരുന്നെങ്കിലും ശില്‍പ്പ നിര്‍മാണത്തിനുള്ള അവസരങ്ങളാണ് അമലിനെ തേടിയെത്തിയവയില്‍ കൂടുതലും.
പിഴല ദൈവാലയത്തില്‍ സ്ഥാപിച്ച ആര്‍ച്ച്ബിഷപ് ഡോ. ഡാനിയല്‍ അച്ചാരുപറമ്പിലിന്റെ അര്‍ദ്ധകായ ശില്‍പ്പമായിരുന്നു ആദ്യ സംരംഭം. അതിന്റെ അനാച്ഛാദന കര്‍മത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍നിന്ന് എത്തിയ പട്ടുവം ദീനദേവനസഭാംഗങ്ങള്‍, അമലിനെ വലിയൊരു ചുമതല ഏല്‍പ്പിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. സഭാ സ്ഥാപകയായ ദൈവദാസി മദര്‍ പേത്രയുടെ പൂര്‍ണകായ പ്രതിമ കോണ്‍ക്രീറ്റില്‍ തയാറാക്കണം. പിന്നെയും തേടിയെത്തി ചെറുതെങ്കിലും കഴിവുതെളിയിക്കാ നുള്ള നിരവധി അവസരങ്ങള്‍. ആര്‍.എല്‍.വിയിലെ ബിരുദാനന്തര ബിരുദ പഠനകാലത്തും ജോലിത്തിരക്കില്‍തന്നെയായിരുന്നു അമല്‍.
സഹപാഠിയും പിയറസ്റ്റ് സന്യാസസഭാംഗവുമായ ബ്രദര്‍ യേശുദാസനിലൂടെ ലഭിച്ച അവസരമാണ് അമലിനെ അള്‍ത്താര രൂപകല്‍പ്പനയിലേക്ക് നയിച്ചത്. പിയറസ്റ്റ് ആശ്രമ ചാപ്പലിന്റെ അള്‍ത്താര പെയിന്റുചെയ്യുകയായിരുന്നു ആദ്യ ദൗത്യം. അമലിന്റെ പ്രതിഭ തിരിച്ചറിഞ്ഞ സഭാധികാരികള്‍ വിവിധ സ്ഥലങ്ങളിലെ ചാപ്പലുകളുടെ അള്‍ത്താര രൂപകല്‍പന ചെയ്യാനുള്ള ചുമതല ഏല്‍പ്പിക്കുകയായിരുന്നു. സ്വന്തമായി അള്‍ത്താരകള്‍ രൂപകല്‍പ്പന ചെയ്യാനുള്ള പരിശീലന കളരികളായിരുന്നു അതെല്ലാം.
ഒറ്റവര, സ്വപ്‌നം കടലാസില്‍
അര്‍ത്തുങ്കല്‍ ബസിലിക്കയിലെ അള്‍ത്താര രൂപകല്‍പ്പന ചെയ്യാന്‍ അവസരം ഒരുങ്ങിയതും അത്ഭുതവഴികളിലൂടെയാണ്. ആലപ്പുഴ കോമളപുരം തിരുഹൃദയ ദൈവാലയത്തില്‍ നിര്‍മിച്ച അള്‍ത്താരയുടെ രൂപഭംഗിയാണ് അര്‍ത്തുങ്കല്‍ ദൈവാലയത്തിലേക്ക് അമലിനെ കൊണ്ടെത്തിച്ചത്. തിരുഹൃദയ ദൈവാലയത്തില്‍ അള്‍ത്താര ഒരുക്കേണ്ടിയിരുന്നത് സത്യത്തില്‍ മറ്റൊരാളാണ്. അമലിന്റെ സുഹൃത്തും കലാകാരനുമായ ഫാ. കാപ്പിസ്റ്റന്‍ ലോപ്പസ് തിരക്കുകള്‍മൂലം ആ ദൗത്യം അമലിനെ ഏല്‍പിക്കുകയായിരുന്നു.
പകരക്കാരനായെത്തിയ അമല്‍ ഒരുക്കിയ അള്‍ത്താര ദൈവാലയ ആശീര്‍വാദത്തില്‍ പങ്കെടുത്തവരുടെയെല്ലാം സംസാര വിഷയമായിരുന്നു. പക്ഷേ, അര്‍ത്തുങ്കല്‍ ബസിലിക്ക റെക്ടര്‍ ഫാ. അര്‍ത്ഥശേരില്‍ അന്വേഷിച്ചത് അതിന്റെ ശില്‍പ്പിയെ കുറിച്ചാണ്. അദ്ദേഹം പറഞ്ഞതനുസരിച്ച് അര്‍ത്തുങ്കലിലെത്തിയ അമലിന് രണ്ടു നിര്‍ദേശങ്ങള്‍ നല്‍കി ഫാ. അര്‍ത്ഥശേരില്‍: ‘ഇവിടെ ഒരു പുതിയ അള്‍ത്താര വേണം. ആഡംബരത്തിലല്ല, ദൈവസന്നിധിയില്‍ ശ്രദ്ധ പതിയുന്നതാവണം പുതിയ അള്‍ത്താര. പൗരാണികതയ്ക്ക് കോട്ടം വരുകയും അരുത്.’
വെല്ലുവിളിയായല്ല, ദൈവനിയോഗമായാണ് അമല്‍ ആ ദൗത്യം ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ അധികം ശ്രമങ്ങളും അതിനുവേണ്ടിവന്നില്ല. വരച്ച ആദ്യ പ്ലാനിനുതന്നെ ഇടവക സമിതിയുടെ അംഗീകാരം. ഞങ്ങള്‍ മനസില്‍ കണ്ടിരുന്ന അള്‍ത്താരതന്നെയായിരുന്നു പ്ലാനിലും. പുതിയതെങ്കിലും ദൈവാലയത്തിന്റെ കാലപ്പഴക്കത്തിന് ചേരുംവിധമുള്ള അള്‍ത്താര രൂപകല്‍പ്പന എന്ന ദൗത്യം മനോഹരമായി പൂര്‍ത്തീകരിച്ചു എന്നാണ് ഞങ്ങളുടെ വിശ്വാസം, പലരും അക്കാര്യം പറയുകയുംചെയ്തു; ഫാ. അര്‍ത്ഥശേരില്‍ പറയുന്നു.
ക്രൂശിതരൂപം കൂടാതെ അനുഗ്രഹിക്കുന്ന ക്രിസ്തുരൂപം, മാതാവ്, യൗസേപ്പിതാവ്, വിശുദ്ധ പത്രോസ്, വിശുദ്ധ അന്ത്രയോസ്, വിശുദ്ധ ചാവറ കുര്യാക്കോസ്, വിശുദ്ധ സെബാസ്ത്യാനോസ് എന്നിവരുടെ രൂപങ്ങളും അള്‍ത്താരയില്‍ സ്ഥാപിച്ചിട്ടുണ്ട്. അള്‍ത്താരയ്ക്കു മുകളിലായി രണ്ട് മാലാഖമാരുടെ ശില്‍പ്പങ്ങളും. ഇതില്‍ ക്രൂശിതരൂപവും വിശുദ്ധ സെബാസ്ത്യാനോസിന്റെ രൂപവും ഒഴികെ എല്ലാം പുതുതായി ഉണ്ടാക്കി. ഈശോയുടെ ശില്‍പ്പത്തിന് എട്ട് അടിയും മറ്റു ശില്‍പ്പങ്ങള്‍ക്ക് അഞ്ച് അടിയുമാണ് ഉയരം. മാലാഖമാരുടെ ശില്‍പ്പം ഫൈബറിലും മറ്റെല്ലാം കോണ്‍ക്രീറ്റിലും നിര്‍മിച്ചവ. ബലിപീഠത്തിനു താഴെ മരത്തില്‍ കൊത്തിയ അന്ത്യ അത്താഴ ശില്‍പവുമുണ്ട്.
കണ്ണിനെയും മനസിനെയും അസ്വസ്ഥമാക്കാത്ത നിറങ്ങളും ലൈറ്റുകളുടെ വിന്യാസവുമാണ് മറ്റൊരു സവിശേഷത. സൂര്യരശ്മികള്‍ അകത്തേക്ക് കയറുംവിധം അള്‍ത്താരയ്ക്ക് പിന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്ലാസ് പെയിന്റിംഗുകള്‍, ടെക്ച്വര്‍ വര്‍ക്കുകളും മരംകൊണ്ടുള്ള പാനലിംഗുകളും കൊണ്ട് മനോഹരമാക്കിയ ഭിത്തിയെ കൂടുതല്‍ മിഴിവുറ്റതാകുന്നു. പൗരാണികയ്ക്ക് മാറ്റുകൂട്ടുന്ന ഗോത്തിക്ക് ആര്‍ച്ചുകളും പിരിയന്‍ തൂണുകളുമാണ് മറ്റൊരു സവിശേഷത. അന്ത്യ അത്താഴ ശില്‍പ്പം ഒഴികെയുള്ള എല്ലാ ശില്‍പ്പങ്ങളും അമല്‍ ഒറ്റയ്ക്കു നിര്‍മിച്ചു എന്നതും ശ്രദ്ധേയമാണ്. പിതാവായിരുന്നു പ്രധാന സഹായി.
ദിവ്യരഹസ്യങ്ങള്‍ 20, ശില്‍പ്പങ്ങള്‍ 96;
ദൈവാലയം ചുറ്റി റോസറി പാര്‍ക്ക് അള്‍ത്താര രൂപകല്‍പനയ്ക്കുശേഷം അമലിനെ കാത്തിരുന്ന മറ്റൊരു നിയോഗമാണ്, റോസറി പാര്‍ക്ക്. അര്‍ത്തുങ്കല്‍ ബസിലിക്കയുടെ ചുറ്റിനുമായി വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ റോസറി പാര്‍ക്ക് ഒരുപക്ഷേ, ഇന്ത്യയിലെതന്നെ ആദ്യത്തേതാകും. സന്തോഷം, ദുഃഖം, മഹിമ, പ്രകാശം എന്നിവയിലെ 20 രഹസ്യങ്ങളും ദൃശ്യവത്ക്കരിക്കുന്ന റോസറി പാര്‍ക്കിനായി നിര്‍മിച്ചത് ആറ് അടി വലുപ്പമുള്ള 80 കോണ്‍ക്രീറ്റ് ശില്‍പ്പങ്ങളാണ്. കൂടാതെ, 16 എംബോ സിംഗുകളും (ഭിത്തിയില്‍തന്നെ നിര്‍മിക്കുന്ന ശില്‍പരൂപങ്ങള്‍) നിര്‍മിച്ചു. എട്ടു മാസംകൊണ്ട് ഇത്രയും ശില്‍പങ്ങളെല്ലാം അമല്‍ ഒറ്റയ്ക്കു നിര്‍മിച്ചു എന്നറിയുമ്പോള്‍ അത്ഭുതപ്പെടാത്തവരുണ്ടാവില്ല.
നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു മുന്നു ശില്‍പ്പികളുടെ സഹായം തേടിയെങ്കിലും അത് പ്രായോഗികമായില്ല. ഓരോരുത്തര്‍ക്കും ഒരോ ശൈലിയാണല്ലോ. ദിവ്യരഹസ്യങ്ങളിലെ ശില്‍പ്പങ്ങളുടെ രൂപഭാവങ്ങള്‍ക്ക് സാമ്യം നഷ്ടപ്പെടുന്നതിനാല്‍, എല്ലാം ഒരാള്‍തന്നെ നിര്‍മിക്കേണ്ടതായി വന്നു; വെല്ലുവിളി നിറഞ്ഞ ആ ഉദ്യമത്തിന്റെ കാരണം വെളിപ്പെടുത്തുന്നു അമല്‍.
അള്‍ത്താര നിര്‍മാണത്തില്‍നിന്ന് റോസറി പാര്‍ക്കിന്റെ നിര്‍മാണത്തിലെത്തിയപ്പോള്‍, അപരിചിതനായ ശില്‍പ്പിയില്‍നിന്ന് നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറി അമല്‍. എറണാകുളത്തുനിന്ന് ദിവസവും വന്നുപോയാണ് ഏറെനാള്‍ അമല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കുടുംബത്തോടൊപ്പം ആയിരിക്കാനുള്ള അമലിന്റെ ആഗ്രഹം മനസിലാക്കി ഇടവകാധികൃതര്‍ ഇടവകയുടെ അതിഥി മന്ദിരം കുടുംബത്തിന് താമസിക്കാന്‍ നല്‍കിയതോടെ നാട്ടുകാരായി മാറി അമലും കുടുംബവും. അര്‍ത്തുങ്കലിലെ ദൗത്യങ്ങള്‍ പൂര്‍ത്തിയായാലും ഈ നാട്ടുകാരാകാനുള്ള ആഗ്രഹത്തിലാണ് ഇപ്പോള്‍ ഈ കുടുംബം. ഭാര്യ: ജൂഹി.

ആന്റണി ജോസഫ്