ക്രിസ്തു ജ്ഞാനത്തിന്റെ ആൾരൂപം: ഫ്രാൻസിസ് പാപ്പ

ദിവ്യബലിയിൽ പങ്കെടുത്തത് ഒന്നരലക്ഷം പേർ

0
312

യാങ്കൂൺ: ക്രിസ്തു ജ്ഞാനത്തിന്റെ ആൾരൂപമാണെന്നും അവിടുന്ന് ദൈവീക രഹസ്യങ്ങളുടെ പരമ വ്യാഖ്യാതാവാണെന്നും ഫ്രാൻസിസ് പാപ്പ. യാംഗൂണിലെ കായിക്കെസൻ മൈതാനിയിൽ ദിവ്യബലിയിൽ പങ്കെടുക്കുകയായിരുന്ന ഒന്നരലക്ഷം പേർക്ക് വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

“സുദീർഘമായ പ്രസംഗങ്ങൾ വഴിയോ രാഷ്ട്രീയ-ഭൗമീക അധികാരങ്ങൾ ഉപയോഗിച്ചോ അല്ല മറിച്ച് കുരിശിൽ സ്വന്തം ജീവൻ ബലിയർപ്പിച്ചാണ് യേശു നമ്മെ ജ്ഞാനം പഠിപ്പിച്ചത്. ചിലപ്പോൾ സ്വന്തം ജ്ഞാനത്തിൽ വിശ്വാസമർപ്പിക്കുന്ന കെണിയിൽ നാം വീണുപോയേക്കും. തത്ഫലമായി നമ്മുടെ ദിശാബോധം നഷ്ടമാകും”, പാപ്പ പറഞ്ഞു.

“ക്രിസ്തു പിതാവിനർപ്പിച്ച മുറിവുകളാലാണ് നാം സൗഖ്യം നേടിയത്. മ്യാന്മറിൽ നിരവധിയാളുകൾ അക്രമത്തിന്റെ ദൃശ്യവും അദൃശ്യവുമായ മുറിവുകൾ പേറുന്നവരാണ്. പൂർണ്ണ സൗഖ്യം യേശുവിന്റെ തിരുമുറിവുകളിൽ കണ്ടെത്താനുള്ള ജ്ഞാനം നമുക്കുണ്ടാകണം. ദേഷ്യത്തിലും പ്രതികാരത്തിലും നിന്ന് സൗഖ്യം ലഭിക്കുമെന്ന് നാം കരുതുന്നു. എന്നാൽ പകയുടെ മാർഗം യേശുവിന്റേതല്ല”, പാപ്പ വിശദീകരിച്ചു.

“ശത്രുതയും തിരസ്‌കരണവും പീഢാസഹനത്തിലേക്കും തുടർന്ന് കുരിശുമരണത്തിലേക്കും ക്രിസ്തുവിനെ നയിച്ചപ്പോൾ മാപ്പു നൽകിയും സഹതാപം പ്രകടിപ്പിച്ചുമായിരുന്നു അവിടുന്ന് പ്രതികരിച്ചത്. പരിശുദ്ധാത്മാവിലൂടെയാണ് നമ്മുടെ ഹൃദയങ്ങളിൽ ദൈവസ്‌നേഹം ചൊരിയപ്പെട്ടിരിക്കുന്നത്. ജീവിതത്തിൽ അവഗണനകളും തടസങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വരും. ക്രിസ്തുവിന്റെ ജീവിതത്തിലും ഇവയെല്ലാമുണ്ടായിരുന്നു. കഠിനമായ വേദനയുള്ള മുറിവുകളിൽ പോലും ആശ്വാസവും കരുണയും നൽകാൻ പരിശുദ്ധാത്മാവിൻറെ കൃപയാൽ ക്രിസ്തുവിനെപ്പോലെ നമുക്കു കഴിയും.” പാപ്പ പറഞ്ഞു.

പാപ്പ മുഖ്യകാർമ്മികത്വം വഹിച്ച ദിവ്യബലിയിൽ കർദ്ദിനാളുമാരും ബിഷപ്പുമാരും വൈദികരും ഉൾപ്പടെ നൂറ്റമ്പതോളം പേർ സഹകാർമ്മികരായി. ഇംഗ്ലീഷ്, ബർമ്മീസ്, ലത്തീൻ ഭാഷകളിലായികരുന്നു കാർമ്മിക പ്രാർത്ഥനകൾ. തമിഴുൾപ്പടെ 6 ഭാഷകളിൽ വിശ്വാസികൾ മറുപടി പ്രാർത്ഥന ചൊല്ലി. ഇന്ന് പാപ്പ ബംഗ്ലാദേശിലേക്ക് തിരിക്കും.