ക്രിസ്മസ് ദിനത്തിലെ അസുലഭ ഭാഗ്യത്തിന് അർഹനായി മലയാളി ഡീക്കൻ അനുരാജ്

0
1142

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ക്രിസ്മസ് ദിനത്തിൽ നടന്ന പാതിരാകുർബാനയിൽ ഫ്രാൻസിസ് പാപ്പയിൽ നിന്നും ആശീർവദിച്ച ഉണ്ണിയേശുവിനെ ഏറ്റുവാങ്ങി പുൽക്കൂട്ടിൽ പ്രതിഷ്ഠിക്കാനുളള അപൂർവ ഭാഗ്യത്തിന് അർഹനായി നെയ്യാറ്റിൻകര രൂപതാഗം ഡീക്കൻ അനുരാജ്. വിശ്വാസികൾ തിങ്ങി നിറഞ്ഞ സെൻറ് പീറ്റേഴ്‌സ് ബസലിക്കയിലെ അൾത്താരക്ക് മുന്നിൽ നിർമിച്ചിരുന്ന പുൽക്കൂട്ടിനുളളിലാണ് പാപ്പ ചുംബനം നൽകിയ ഉണ്ണിയേശുവിനെ അനുരാജ് പ്രതിഷ്ഠിച്ചത്.

ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഗ്രഹനിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് അനുരാജ് പറഞ്ഞു. പതിവുപോലെ ലത്തീൻ ഭാഷയിൽ അർപ്പിച്ച ദിവ്യബലിയിൽ കർദിനാൾമാരും മെത്രാന്മാരും അടക്കം നിരവധിപേർ പങ്കെടുത്തിരുന്നു.

വൈദിക വിദ്യാർത്ഥിയും നെയ്യാറ്റിൻകര രൂപതയിലെ വ്‌ളാത്താങ്കര സ്വർഗാരോഹിതമാതാ ഇടവകാംഗവുമായ അനുരാജ് കഴിഞ്ഞ അഞ്ച് വർഷമായി റോമിൽ ഉപരിപഠനം നടത്തുകയാണ്. നിലവിൽ മോറൽ തിയോളജിയിൽ രണ്ടുവർഷമായി ലൈസൻഷ്യേറ്റ് ചെയ്ത് വരികയാണ് അദ്ദേഹം. വ്‌ളാത്താങ്കര സ്വദേശികളായ രാജേന്ദ്രൻ ലളിതാ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത മകനാണ് അനുരാജ്.