ക്രൈസ്തവമതപീഢനങ്ങളും വംശഹത്യകളും തടയാൻ നടപടി സ്വീകരിക്കും: യു.എൻ അണ്ടർ സെക്രട്ടറി

0
311

ജനീവ: മധ്യപൂർവേഷ്യയിൽ ക്രൈസ്തവക്കൂട്ടക്കുരുതി നടക്കുന്നുണ്ടെന്നും മതപീഢനങ്ങളും വംശഹത്യകളും തടയാൻ നടപടി സ്വീകരിക്കുമെന്നും ഐക്യരാഷ്ട്രസഭ അണ്ടർ സെക്രട്ടറിയും, പ്രത്യേക ഉപദേഷ്ടാവുമായ അഡാമ ഡിയെംഗ്. പലായനം ചെയ്തവർക്ക് സുരക്ഷിതമായി മടങ്ങിയെത്താൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എസ് തീവ്രവാദികൾ ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ മതപീഢനങ്ങൾക്കിയാക്കുന്നതായും ഇത് തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് യു.എസ് സംഘടനയായ ‘അമേരിക്കൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് യു എന്നിന് കത്തയച്ചിരുന്നു. സംഘടനയ്ക്ക് നൽകിയ മറുപടിയിലാണ് വംശഹത്യ തടയാനും ക്രൈസ്തവരെ സംരക്ഷിക്കുന്നതിൽ മാതൃകയാകാൻ ഇറാഖിനെ പ്രേരിപ്പിക്കുമെന്നും യുഎൻ വ്യക്തമാക്കിയത്.

അതേസമയം, പശ്ചിമേഷ്യയിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരും, യസീദികളും മൃഗീയമായി പീഢിപ്പിക്കപ്പെടുമ്പോഴും ഇസ്ലാമിക അഭയാർത്ഥി വിഷയത്തിലായിരുന്നു ഐക്യരാഷ്ട സഭയുടെ ശ്രദ്ധ. ക്രൈസ്തവ ചാരിറ്റി സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡാ’ണ് പശ്ചിമേഷ്യയിലെ 75 ശതമാനത്തോളം ക്രൈസ്തവർ പീഢിപ്പിക്കപ്പെടുകയാണെന്നും കഴിഞ്ഞ ആറുവർഷത്തിനിടെ ആലപ്പോയിൽ ക്രൈസ്തവരുടെ എണ്ണത്തിൽ 75 ശതമാനത്തോളം കുറവുണ്ടായതായുമുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. ക്രൈസ്തവരിൽ പകുതിപ്പേരും ഭവനരഹിതരാണെന്നും എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ, യു.എസ് വൈസ് പ്രസിഡന്റ് മൈക്ക്‌പെൻസിന്റെ ഇടപെടലാണ് ഐക്യരാഷ്ട്ര സഭയെ ക്രൈസ്തവവിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ന്യൂയോർക്കിലെ മാരിയട്ട് ഹോട്ടലിൽ വെച്ചുനടന്ന ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്ത്യൻ സോളിഡാരിറ്റി’ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തവേയാണ് വൈസ് പ്രസിഡന്റ് ഐക്യരാഷ്ട്രസഭയെ ശക്തമായ ഭാഷയിൽ വിമർശിച്ചത്.

“ഐക്യരാഷ്ട്ര സഭയുടെ ഒട്ടും ഫലപ്രദമല്ലാത്ത ദുരിതാശ്വാസ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കാൻ പ്രസിഡന്റ് യുഎസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. അതിനു പകരം ഐസിസിന്റെ ക്രൂരതകൾക്കിരയായ ക്രൈസ്തവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സഭകളെയും സംഘടനകളെയും യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് സഹായിക്കും”. പെൻസ് പറഞ്ഞു. അമേരിക്ക നേരിട്ട് സഹായിക്കുമ്പോൾ പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികൾക്ക് ഇനിമുതൽ വിവിധ രാഷ്ട്രങ്ങളിലെ സംഘടനകളുടെ സഹായത്തെ ആശ്രയിച്ചുമാത്രം ജീവിക്കേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളിയുടെ ഗതിമാറ്റുന്ന പ്രഖ്യാപനമെന്നാണ് ഇൻ ഡിഫൻസ് ഓഫ് ക്രിസ്ത്യൻ സോളിഡാരിറ്റി വൈസ് പ്രസിഡന്റും മുതിർന്ന നയതന്ത്ര ഉപദേശകനുമായ ആൻഡ്ര്യൂ ഡോരാൻ പ്രഖ്യാപനത്തെ വിലയിരുത്തിയത്. നൈറ്റ്സ് ഓഫ് കൊളംബസും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ‘വിശ്വാസത്തിനു വേണ്ടി നിലകൊള്ളുന്ന നമ്മുടെ സഹോദരീസഹോദരന്മാരുടെ സംരക്ഷണത്തിനായുള്ള തീരുമാനം ഏറെ ഫലം ചെയ്യും. നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം ക്നൈറ്റ് തലവൻ കാൾ ആൻഡെഴ്സൻ പറഞ്ഞു.

നിലവിൽ നൈറ്റ്സ് ഓഫ് കൊളംബസ്, എയിഡ് ടു ദി ചർച്ച് ഇൻ നീഡ്, കത്തോലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ തുടങ്ങിയ കത്തോലിക്കാ സംഘടനകളുടെ സഹായമാണ് മധ്യപൂർവേഷ്യയിലെ ക്രൈസ്തവർക്ക് ലഭിക്കുന്നത്.