ക്രൈസ്തവമത പീഢനം: അമ്പത് രാജ്യങ്ങളുടെ പട്ടിക ഓപ്പൺ ഡോർസ് പുറത്തുവിട്ടു, ഇന്ത്യ പതിനൊന്നാമത്

0
593

ന്യൂയോർക്ക്: മതസ്വാതന്ത്യം ഹനിക്കുന്ന പത്ത് രാജ്യങ്ങളുടെ പട്ടിക അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ടതിന് പിറകെ മതപീഢനം ശക്തമായ അമ്പത് രാജ്യങ്ങളുടെ പട്ടിക ഓപ്പൺ ഡോർസ് യു.എസ്.എയും പ്രസിദ്ധീകരിച്ചു. ഈ വർഷത്തെ വാർഷിക വേൾഡ് വാച്ച് ലിസ്റ്റിലാണ് ക്രൈസ്തവപീഢക രാജ്യങ്ങളുടെ പേരുകളുള്ളത്. പട്ടികയിൽ 81 പോയിന്റുമായി 11ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യൻ ക്രൈസ്തവർക്ക് മേലുള്ള പീഢനം ദിവസേനെ രൂക്ഷമാകുന്നതായും കഴിഞ്ഞവർഷം ലോകമെങ്ങും 3,066 ക്രൈസ്തവർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. 215 ദശലക്ഷം വിശ്വാസികൾ ആഗോളവ്യാപകമായി മതപീഢനത്തിനിരയാകുന്നതായും റിപ്പോർട്ടിലുണ്ട്.

16 വർഷമായി ക്രൈസ്തവപീഢനം തുടരുന്ന വടക്കൻ കൊറിയയാണ് പട്ടികയിലാദ്യം. ബൈബിളും പ്രാർത്ഥനാപുസ്തകവും കൈയ്യിൽ സൂക്ഷിക്കുന്നതിന് കൊറിയയിൽ കനത്തവിലക്കുണ്ടെന്നും ഓപ്പൺഡോർസ് വ്യക്തമാക്കുന്നു. വിശ്വാസികളുടെ രഹസ്യാരാധനപോലും നിരോധിച്ച അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ രണ്ടാമത്. ദരിദ്ര ഇസ്ലാമിക രാജ്യമായ സൊമാലിയ മൂന്നും സുഡാൻ, പാകിസ്ഥാൻ, എറിത്രിയ, ലിബിയ, ഇറാഖ്, യെമൻ, ഇറാൻ എന്നീ രാജ്യങ്ങൾ യഥാക്രമം നാലുമുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിലുണ്ട്.

നേപ്പാളും, അസർബൈജാനും ആദ്യമായാണ് ക്രൈസ്തവപീഢക രാജ്യങ്ങളുടെ പട്ടികയിൽ പെടുന്നത്. മധ്യപൂർവ്വേഷ്യ, ഏഷ്യ, ആഫ്രിക്ക എന്നീ വൻകരകൾക്ക് പുറമേയുള്ള രാജ്യങ്ങളും വേൾഡ് വാച്ച് ലിസ്റ്റിലുണ്ട്. ലാറ്റിനമേരിക്കൻ രാജ്യമായ മെക്‌സിക്കോ പട്ടികയിൽ 39-മതും കൊളംബിയ 49-മതും സ്ഥാനത്താണ്. ഈജിപ്ത്, ലിബിയ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളിൽ നാൾക്കുനാൾ മതപീഢനം ശക്തമാകുന്നതായും റിപ്പോർട്ടുകളുണ്ട്.

1,252 ക്രൈസ്തവരെയാണ് കഴിഞ്ഞ വർഷം അക്രമികളും തീവ്രവാദികളും തട്ടിക്കൊണ്ടുപോയത്. 11020 ക്രൈസ്തവർ ബലാത്സംഘത്തിനിരകളായി. 793 ക്രൈസ്തവ ദൈവാലയങ്ങളും കഴിഞ്ഞ വർഷം ആക്രമിക്കപ്പെട്ടു. മതമർദനം നേരിടുന്ന ക്രൈസ്തവർക്കായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഓപ്പൺ ഡോർസ്. ലോകമെങ്ങും മതമർദനം ശക്തമാകുന്നതോടെ ക്രൈസ്തവരും തങ്ങളുടെ സഹോദരർക്കായി പ്രാർത്ഥന ശക്തമാക്കേണ്ടിയിരിക്കുന്നു.