ക്രൈസ്തവരുടെ ധർമ്മം രക്ഷയ്ക്കുള്ള ഇടം തുറന്നുകൊടുക്കുക: ഫ്രാൻസിസ് പാപ്പ

0
347

വത്തിക്കാൻ സിറ്റി: ഇഹലോകത്തിലെ ക്രൈസ്തവരുടെ ധർമ്മം രക്ഷയ്ക്കുള്ള ഇടം തുറന്നുകൊടുക്കുകയെന്നതാണെന്ന് ഫ്രാൻസിസ് പാപ്പ. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കിടെ സന്ദേശം നൽകുകയായിരിന്നു അദ്ദേഹം. സ്‌നേഹത്തെ പ്രതി മരിക്കുകയും ഉയിർക്കുകയും ചെയ്ത യേശുവാണ് ക്രിസ്തീയവിശ്വാസത്തിൻറെ മർമ്മമെന്നും അദ്ദേഹം പറഞ്ഞു. ഉത്ഥാനന്തരം യേശു ശിഷ്യർക്ക് സമാധാനം നേർന്നുകൊണ്ട് പ്രത്യക്ഷപ്പെടുന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷ ഭാഗങ്ങളെ ആസ്പദമാക്കിയായിരിന്നു പാപ്പയുടെ വിചിന്തനം.

യേശു ക്രൂശിക്കപ്പെട്ടതിനു ശേഷമുള്ള ആ ശനിയാഴ്ച അവിടത്തെ ശിഷ്യർ തളർന്നുപോയിരുന്നു. നസ്രത്തിലെ ഗുരുവിൻറെ കൂടെ അവർ ജീവിച്ച ആഹ്ലാദകരമായ മൂന്നു വർഷങ്ങളെയും കല്ലറയുടെ വാതിൽക്കൽ ഉണ്ടായിരുന്ന ആ ഉരുണ്ട കല്ല് മൂടിക്കളഞ്ഞു. എല്ലാം അവസാനിച്ചു എന്ന തോന്നൽ, ചിലരെ നിരാശരാക്കി. ഭീതിയോടെ അവർ ജറുസലേം വിടാൻ തുടങ്ങിയിരുന്നു. എന്നാൽ യേശു ഉയിർത്തെഴുന്നേൽക്കുന്നു. അപ്രതീക്ഷിതമായിരുന്ന ഈ സംഭവം ശിഷ്യന്മാരുടെ ഹൃദയമനസ്സുകളെ തകിടം മറിക്കുന്നു. യേശു അവിടത്തേക്കു വേണ്ടിയല്ല ഉയിർത്തെഴുന്നേറ്റത്. അവിടുന്നു പിതാവിൻറെ പക്കലേക്ക് ആരോഹണം ചെയ്യുന്നെങ്കിൽ അത് എല്ലാ മനുഷ്യരും തൻറെ ഉത്ഥാനത്തിൽ പങ്കുചേരണം എന്ന ആഗ്രഹിക്കുന്നതുകൊണ്ടാണ്.

സകലസൃഷ്ടികളേയും ഉന്നതത്തിലേക്കു ഉയർത്താനാണ്. പെന്തക്കുസ്താദിനത്തിൽ ശിഷ്യന്മാർ പരിശുദ്ധാരൂപിയുടെ നിശ്വാസത്താൽ രൂപാന്തരപ്പെടുത്തപ്പെടുന്നു. സകലർക്കും എത്തിച്ചുകൊടുക്കാനുള്ള സദ്വാർത്ത മാത്രമല്ല അവർക്ക് ലഭിക്കുന്നത്, പിന്നെയോ പരിശുദ്ധാത്മാവിൽ അവർ വീണ്ടും ജനിക്കുന്നു. യേശുവിൻറെ ഉത്ഥാനം പരിശുദ്ധാത്മാവിൻറെ ശക്തിയാൽ നമ്മെ രൂപാന്തരപ്പെടുത്തുന്നു. യേശു ജീവിക്കുന്നു, നമ്മുടെ മദ്ധ്യേ ജീവിക്കുന്നു. അവിടന്ന് ജീവിക്കുന്നവനാണ്, രൂപാന്തരപ്പെടുത്തുന്ന ശക്തിയുള്ളവനാണ്. വാക്കുകൾകൊണ്ടു മാത്രമല്ല, മറിച്ച്, പ്രവർത്തികളും ജീവിതസാക്ഷ്യവും കൊണ്ടും യേശുവിൻറെ പുനരുത്ഥാനത്തിൻറെ പ്രഘോഷകർ ആയിത്തീരുക എന്ന ചിന്തിക്കുക എത്ര സുന്ദരമാണ്!

യഥാർത്ഥ ക്രൈസ്തവൻ: അവൻ വിലപിക്കുന്നില്ല, കോപിഷ്ഠനുമല്ല, മറിച്ച് ഒരു തിന്മയും അനന്തമല്ലെന്നും, അവസാനിക്കാത്ത ഒരു രാത്രിയുമെന്നും, ഒരു മനുഷ്യനും എന്നന്നേക്കുമായി തെറ്റിൽ നിപതിക്കുന്നില്ലെന്നും, സ്‌നേഹത്താൽ ജയിക്കാനാകത്ത ഒരു വിദ്വേഷവും ഇല്ലെന്നും പുനരുത്ഥാനത്തിൻറെ ശക്തിയാൽ ബോധ്യമുള്ളവനാണ്. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ മംഗളങ്ങൾ ഏവർക്കും ആശംസിച്ചുകൊണ്ടാണ് പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.