ക്രൈസ്തവര്‍ക്ക് എതിരെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം: ബിഷപ് മസ്‌ക്രനസ്‌

0
2317
ക്രൈസ്തവര്‍ക്ക് എതിരെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം: ബിഷപ് മസ്‌ക്രനസ്‌

ജാര്‍ഖണ്ഡിലെ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമെതിരെ സംസ്ഥാന ഭരണകൂടം നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌ക്രനസ്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ച് ഇക്കാര്യത്തില്‍ നീതിപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് റാഞ്ചി സഹായ മെത്രാന്‍കൂടിയായ ഡോ. മസ്‌ക്രനസ് ആവശ്യപ്പെട്ടു.

ജാര്‍ഖണ്ഡിലെ ക്രൈസ്തവ സ്ഥാപനങ്ങള്‍ ഗവണ്‍മെന്റിന്റെ അനാവശ്യ ഇടപെടലുകള്‍മൂലം അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടികള്‍ അദ്ദേഹം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. വിദേശസഹായം ലഭിക്കുന്ന ക്രൈസ്തവ ഏജന്‍സികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണവും അതിന്റെ പേരില്‍ സംഘടനകള്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

വിദേശ സഹായം സ്വീകരിക്കുന്നത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണെന്നും മുന്‍കൂട്ടി നിശ്ചയിച്ച സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കത്തോലിക്കാ സ്ഥാപനങ്ങള്‍ വിദേശ സഹായം സ്വീകരിച്ച് മതപരിവര്‍ത്തനം നടത്തുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഡോ. മസ്‌ക്രനസ് ഇക്കാര്യം വ്യക്തമാക്കിയത്.

മനുഷ്യക്കടത്ത് ആരോപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ കോണ്‍സിലിയെ രണ്ടു മാസത്തോളം ജയിലില്‍ അടച്ചിരുന്നു. സംഭവം ഉണ്ടായ ഉടനെതന്നെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.

ഖുന്തി ജില്ലയിലെ കൊച്ചാങ് സ്റ്റോക്ക്മാന്‍ മെമ്മോറിയല്‍ മിഡില്‍ സ്‌കൂളില്‍ മനുഷ്യക്കടത്തിനെതിരെ തെരുവു നാടകം അവതരിപ്പിക്കാന്‍ എത്തിയ സാമൂഹ്യ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം കത്തോലിക്കാ സഭക്ക് എതിരെ ഉപയോഗിക്കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചു.

തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമത്തെ എതിര്‍ത്തില്ല എന്ന കാരണം ചുമത്തി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. അല്‍ഫോന്‍സ് എയിന്‍ഡിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ആയുധധാരികളായ ഒരു സംഘം ആളുകളെ തടയാന്‍ ഒരു വൈദികന് കഴിയില്ല എന്ന കാര്യം ആര്‍ക്കും അറിയുമ്പോഴായിരുന്നു കേസ് എടുത്തത്; ഡോ. മസ്‌ക്രനസ് പറഞ്ഞു.
ക്രൈസ്തവര്‍ ദൈവാലയങ്ങളിലും വീടുകളിലും നടത്തുന്ന ആരാധനകളും പ്രാര്‍ത്ഥനാ ചടങ്ങകളും തടസപ്പെടുത്തുകയും അക്രമണങ്ങള്‍ നടത്തുകയും ചെയ്തിട്ട് ക്രൈസ്തവര്‍ക്ക് എതിരെ മതപരിവര്‍ത്തനനിരോധന നിയമപ്രകാരം കേസ് എടുത്ത് ജയിലില്‍ അടച്ച ധാരാളം സംഭവങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മിഷനറിമാര്‍ നടത്തുന്ന വിദ്യാഭ്യാസ-ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മതപരിവര്‍ത്തന നിരോധന നിയമം ഉപയോഗിച്ച് തടസങ്ങള്‍ തീര്‍ക്കുകയാണ്. 2014-ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതു മുതലാണ് മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടുതുടങ്ങിയതെന്നും ബിഷപ് മസ്‌ക്രനസ് ചൂണ്ടിക്കാട്ടി.

ക്രൈസ്തവര്‍ സമാധാനപരമായി ജീവിക്കുന്ന സമൂഹമാണെന്നും അവരുടെ സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന അനാവശ്യ ഇടപെടലുകള്‍ ഇനി ഉണ്ടാകുകയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പു നല്‍കി. ഈ ഉറപ്പ് പാലിക്കപ്പെടുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം. കാണണം, മുന്‍കാലങ്ങളില്‍ പലപ്പോഴും ഇത്തരം വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.