ക്രൈസ്തവൻ സഹജീവികൾക്കായി ജീവിക്കണം: ഫ്രാൻസിസ് പാപ്പ

0
148

വത്തിക്കാൻ: ക്രൈസ്തവൻ ജീവിക്കേണ്ടത് സഹജീവികൾക്കുവേണ്ടിയാണെന്ന് ഫ്രാൻസിസ് പാപ്പ. സതേൺ ഇറ്റാലിയൻ പട്ടണമായ മോൽഫെട്ടയിൽ ഫാ. ടോണിനോ ബെല്ലോയെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.

“ജീവിക്കാൻ ഭക്ഷണം അഥവാ അപ്പം ആവശ്യമാണ്. നിത്യജീവിതത്തിനായി യേശു വാഗ്ദാനം ചെയ്തതും അതുതന്നെയാണ്. തിരുവോസ്തിയിലൂടെ ക്രിസ്തുവിൽ വളരാനും ക്രിസ്തുവിനായി പ്രവർത്തിക്കാനും സ്‌നേഹത്തിന്റെ രൂപത്തിൽ ദൈവം നമ്മിലേക്ക് എഴുന്നള്ളുന്നു. ഫാ. ടോണിനോ ബെല്ലോയുടെ അഭിപ്രായത്തിൽ സഹാനുഭൂതി, സ്‌നേഹം, വിശുദ്ധ കുർബാനയുടെ സാന്നിധ്യം എന്നിവയില്ലെങ്കിൽ സേവനപ്രവർത്തികൾ എന്ന പേരിൽ നാം ചെയ്യുന്ന എല്ലാം വ്യർത്ഥവും വെറും ആഘോഷവുമാകും”; പാപ്പ പറഞ്ഞു.

“ദിവ്യബലി അർപ്പിച്ചിറങ്ങുന്ന വ്യക്തി ഒരിക്കലും തനിക്കുവേണ്ടി ജീവിക്കരുത്, മറിച്ച് – മറ്റുള്ളവർക്കുവേണ്ടി ജീവിക്കണം. ഇപ്രകാരം ജീവിച്ച വ്യക്തിയാണ് ഫാ – ടോണിനോ ബെല്ലോ. അദ്ദേഹം മറ്റുള്ളവർക്ക് ജീവൻ പകരുന്ന ഭക്ഷണമായി മാറി. യേശുവിനുവേണ്ടി വിശക്കുകയും ദുരിതങ്ങളിലും വേദനകളിലും ഒറ്റപ്പെടലുകളിലും യേശുവിന്റെ തിരുമുഖം ധ്യാനിക്കുന്നവരുമാകണം ക്രൈസ്തവരെന്ന് ഫാ ടോണിനോ ബെല്ലോ ആഗ്രഹിച്ചു. ജീവന്റെയും സമാധാനത്തിന്റെയും സ്രോതസായ ദിവ്യകാരുണ്യം സ്വീകരിക്കുന്ന നാമും അവയുടെ വാഹകരായി മാറണം”; പാപ്പ വ്യക്തമാക്കി.

“വെറുതെയുള്ള പ്രഘോഷണത്തിലൂടെ ദൈവവചനത്തിന് ഫലമുണ്ടാവില്ല. എന്നാൽ, അവ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോൾ നൂറുമേനി ഫലമുണ്ടാകും. ടോണിനോ ബെല്ലോ ഇങ്ങനെ തന്റെ ജനത്തെ വാക്കുകളിൽ നിന്ന് പ്രവർത്തിയിലേക്ക് നയിച്ചു. സുരക്ഷിത മേഖലകൾ വിട്ട് അപകടമേഖലകളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ദൈവം നമ്മോടും ആവശ്യപ്പെടുന്നത്”; പാപ്പ പറഞ്ഞു.