ക്രൈസ്തവർ പ്രത്യാശയുടെ വാഹകർ

224

വത്തിക്കാൻ സിറ്റി: ക്രൈസ്തവർ പ്രത്യാശ നിറഞ്ഞവർ മാത്രമല്ല പ്രത്യാശയും ആശ്വാസവും സമൂഹത്തിൽ വിതയ്ക്കുന്നവരുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. പ്രത്യാശ എന്ന പുണ്യത്തെക്കുറിച്ച് പ്രതിവാര പൊതുദർശനവേളയിൽ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പങ്കുവച്ചത്.

വെറുപ്പും സംശയവും സമൂഹത്തിൽ വിതയ്ക്കുന്നവർക്ക് നല്ല ക്രിസ്ത്യാനിയാകുവാൻ സാധിക്കില്ലെന്ന് പാപ്പ തുടർന്നു. വിനാകരിയുടെ കയ്പ്പും നിരാശയുമല്ല പ്രത്യാശയുടെ തൈലവും സുഗന്ധവും വിതയ്ക്കുവാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. പ്രത്യാശ ഒരേ സമയം ജീവിതമാകുന്ന ബോട്ടിന്റെ നങ്കുരവും മുമ്പോട്ട് നയിക്കുന്ന പായയുമാണ്. നങ്കൂരം കടലിലെ തിരമാലകൾക്കിടയിലും ബോട്ടിനെ സുരക്ഷിതമായി കാക്കുന്നു. വെള്ളത്തിൽ കൂടി മുമ്പോട്ട് പോകുവാൻ സഹായിക്കുന്നത് പായയാണ്. പരിശുദ്ധാത്മാവാകുന്ന കാറ്റിന്റെ സഹായത്തോടുകൂടിയാണ് പായ ബോട്ടിനെ മുമ്പോട്ട് നയിക്കുന്നത്; പാപ്പ വിശദീകരിച്ചു.

‘പ്രത്യാശയുടെ ദൈവം’ എന്ന പദം നിത്യതയിൽ നാം കണ്ടുമുട്ടുന്ന ദൈവത്തെക്കുറിച്ചുള്ള പ്രത്യാശയെ മാത്രമല്ല സൂചിപ്പിക്കുന്നത്. ദൈവമാണ് ഇപ്പോൾ നമുക്ക് പ്രത്യാശ നൽകുന്നതും ആ പ്രത്യാശയിൽ സന്തോഷം നൽകുന്നതും. ജീവനുള്ളിടത്തോളം കാലം പ്രത്യാശയുണ്ട് എന്ന പഴമൊഴി ശരിയാണ്. അതുപോലെ തന്നെ തിരിച്ചു. പ്രത്യാശയുള്ളിടത്തോളം ജീവനുമുണ്ട്. മനുഷ്യൻ ജീവിക്കുവാൻ പ്രത്യാശ ആവശ്യമാണെന്ന് പാപ്പ പറഞ്ഞു.

പരിശുദ്ധാത്മാവിന്റെ പ്രതിരൂപങ്ങളായി നമ്മളാൽ ആകും വിധം ആശ്വാസകരായി നാം മാറണം. പരിശുദ്ധാത്മവിനെപ്പോലെ ആശ്വസിപ്പിക്കുന്നവരും സഹായിക്കുന്നവരും അഭിഭാഷകരുമാകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ നമ്മുടെ വാക്കുകളും ഉപദേശങ്ങളും പ്രവൃത്തിയും ശബ്ദവും നോട്ടവും ആർദ്രവും സമാധാനപൂർണവുമായിരിക്കും. ഏറ്റവും ആവശ്യത്തിലിരിക്കുന്നവരും പരിത്യക്തരുമായി പ്രത്യാശ ധൂർത്തടിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും; പാപ്പ വ്യക്തമാക്കി.