ക്രൈസ്തവ പീഡനം വ്യാപകം

തമിഴ്‌നാട്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് മുന്നിൽ

0
364

ക്രൈസ്തവ പീഡനങ്ങളിൽ 2017-ലെ കണക്കനുസരിച്ച് തമിഴ്‌നാടിന് ഒന്നാം സ്ഥാനം. ഇവാൻജിലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ നടത്തിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

രേഖാമൂലമായി റിപ്പോർട്ട് ചെയ്തിട്ടുള്ള ക്രൈസ്തവ പീഡനങ്ങളുടെ കണക്കനുസരിച്ചാണ് ഈ വെളിപ്പെടുത്തൽ. ഇതിൽ 52 ക്രൈസ്തവ പീഡനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഉത്തർപ്രദേശിന് രണ്ടാം സ്ഥാനം. ഛത്തീസ്ഗഡ് -43, മഹാരാഷ്ട്ര – 38, മധ്യപ്രദേശ്- 36 എന്നീ ക്രമത്തിൽ ക്രൈസ്തവ പീഡനങ്ങൾ നടന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരളം, ജമ്മു-കാശ്മീർ, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ഓരോ ക്രൈസ്തവ പീഡനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2007-2008-ൽ ഒഡീഷയിലെ കാണ്ടമാലിൽ നടന്ന ക്രൈസ്തവ കൂട്ടക്കൊലയ്ക്കുശേഷം ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനങ്ങൾ നടന്നിട്ടുള്ളത് 2017-ലാണെന്ന് റിലിജിയസ് ലിബർട്ടി കമ്മീഷൻ നാഷണൽ ഡയറക്ടർ റവ. വിജേഷ് ലാൽ പറഞ്ഞു.

നോമ്പുകാലത്താണ് ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2017 ഏപ്രിൽ മാസത്തിൽ 54 കേസുകളും ഡിസംബർ മാസത്തിൽ 40 കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ മൂന്നു വർഷത്തിനെക്കാൾ 28 ശതമാനം കൂടുതൽ ക്രൈസ്തവ പീഡനങ്ങൾ 2017-ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തമിഴ്‌നാട് സർക്കാർ കേന്ദ്രഭരണത്തിലുള്ള ബി.ജെ.പി സർക്കാരിനെ പ്രീണിപ്പിക്കുന്നതിനുവേണ്ടിയാണ് ഇത്രയേറെ പീഡനങ്ങൾ നടത്തിയതെന്ന് ഇവാൻജിലിക്കൽ ഫെലോഫിപ്പ് ഓഫ് ഇന്ത്യ ആരോപിച്ചു.
നീലഗിരി ജില്ലയിൽ പ്രാർത്ഥന നടത്തുമ്പോൾ തീവ്ര ഹൈന്ദവ പ്രവർത്തകർ പോലിസ് അകമ്പടിയോടെ വീടിനുള്ളിൽ അതിക്രമിച്ച് കയറി പ്രാർത്ഥന മുടക്കിയിരുന്നു. നാഗപട്ടണം ജില്ലയിലെ മയിലാടുംതുറൈയിൽ ക്രൈസ്തവരെ മർദിക്കുകയും രണ്ടു കുടിലുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതെതുർന്ന് ക്രൈസ്തവ കുടുംബങ്ങൾ ഗ്രാമംവിട്ട് പാലായനം ചെയ്തു. കോയമ്പത്തൂരിന് സമീപമുള്ള പുളിയംപെട്ടിയിലെ ആരാധനാലയത്തിൽ അക്രമികൾ അതിക്രമിച്ചു കയറുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്തു. ദിണ്ടിഗൽ ജില്ലയിലെ പളനിയിൽ ജില്ലാ ഭരണകൂടത്തിന്റെ അനുവാദം ഇല്ലാതെ പ്രാർത്ഥനപാടില്ലെന്ന് ഉത്തരവിട്ടു.
കാഞ്ചിപുരം ജില്ലയിലെ സോഗന്ധി ഗ്രാമത്തിൽ മലയിലേക്ക് നടത്തിവന്നിരുന്ന കുരിശിന്റെ വഴി ഒരുകൂട്ടം ഹിന്ദുമുന്നണിക്കാർ ബലം പ്രയോഗിച്ച് തടസപ്പെടുത്തി. വിശുദ്ധ കുർബാനയെ അധിക്ഷേപിച്ചു. വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചു. 2007-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രൈസ്തവ പീഡനങ്ങളിൽ ചിലതാണ് ഇത്. 2017-ലെ എല്ലാ മാസവും കുറഞ്ഞത് ഒരു ക്രൈസ്തവ പീഡനമെങ്കിലും റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് തമിഴ്‌നാടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ക്രൈസ്തവ പീഡനം തടയുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ക്രൈസ്തവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും സംഘാടകർ സർക്കാരിനോട് ആവശ്യപ്പെട്ടു.

തോമസ് തട്ടാരടി