ക്രൈസ്തവ മതപീഢനം: കൊളോസിയം ചുവപ്പണിയും

0
521

വത്തിക്കാൻ: ലോകമെങ്ങും ക്രൈസ്തവപീഢനം രൂക്ഷമാകുന്ന സാഹചര്യത്തിൽ റോമിലെ കൊളോസിയം ചുവപ്പുനിറമണിയും. ഫെബ്രുവരി 24 ന് വൈകുന്നേരം ആറുമണിക്കാണ് ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡിന്റെ നേതൃത്വത്തിൽ കൊളോസിയം രക്തവർണ്ണമണിയുക. ക്രൈസ്തവ വിശ്വാസത്തിനായി ജീവൻ ബലികഴിച്ചവരെ സ്മരിക്കാനും വർധിക്കുന്ന മതപീഢനത്തിലേക്ക് ലോകശ്രദ്ധയാകർഷിക്കാനുമാണ് കൊളോസിയം ചുവപ്പുനിറമണിയുന്നത്.

സിറിയയിലെ ആലപ്പോ സെൻറ് ഏലിയ മാരോണൈറ്റ് കത്തീഡ്രലും ഇറാഖിലെ മൊസൂൾ സെൻറ് പോൾ ദൈവാലയവും ചർച്ച് ഇൻ നീഡിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചുവപ്പണിയുന്നുണ്ട്. ഫെബ്രുവരി 24 ന് തന്നെയാണ് ഇരുദൈവാലയങ്ങളും ചുവപ്പിൽ പ്രകാശിക്കുക.

“മതനിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആസിയ ബീബി, ഗർഭിണിയായിരിക്കെ ബോക്കൊഹറാം തട്ടിക്കൊണ്ടുപോയ റബേക്ക എന്നിവരിലേക്ക് ലോകശ്രദ്ധയാകർഷിക്കുക എന്നതും കൊളോസിയം രക്തവർണ്ണമാകുന്നതിന്റെ ലക്ഷ്യമാണ്. തീവ്രവാദികളുടെ ഉപദ്രവത്തിൽ കുഞ്ഞ് നഷ്ടപ്പെട്ടിട്ടും റബേക്ക തീവ്രവാദികളോട് ക്ഷമിക്കുകയായിരുന്നു”; എസിഎൻ ഡയറക്ടർ അലക്‌സാഡ്രോ മോണ്ടിഡ്യൂറോ പറഞ്ഞു.

അതേസമയം, മതപീഡനത്തിനിരയായവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ നവംബർ 22 ന് യു.കെയിലെ ക്രൈസ്തവ ദൈവാലയങ്ങൾ ചുവപ്പു ബുധൻ ആചരിച്ചിരുന്നു. എയ്ഡ് റ്റു ദി ചർച്ച് ഇൻ നീഡ്, ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ചുവപ്പ് ബുധനിൽ സ്‌കോട്ട്‌ലന്റിനു പടിഞ്ഞാറൻ തീരം മുതൽ ഇംഗ്ലണ്ടിന്റെ തെക്കൻ തീരം വരെയുള്ള ദൈവാലയങ്ങളും സ്‌കൂളുകളും ചുവപ്പണിഞ്ഞു. സഹനത്തിന്റെയും രക്തസാക്ഷിത്വത്തിന്റയും പ്രതീകമായാണ് പൊതുസ്ഥാപനങ്ങൾ ചുവപ്പിൽ മുങ്ങിയത്.

ക്രൈസ്തവർ ലോകവ്യാപകമായി പീഢിപ്പിക്കപ്പെടുകയാണെന്ന റിപ്പോർട്ട് കഴിഞ്ഞ വർഷം എയിഡ് ടു ചർച്ച് ഇൻ നീഡ് പുറത്തുവിട്ടിരുന്നു. മൂന്നു ലക്ഷത്തോളം ക്രൈസ്തവരുണ്ടായിരുന്ന ഇറാഖിൽ നിന്നും പകുതിയോളം പേർ രണ്ടു വർഷത്തിനിടെ പലായനം ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു.

മുൻപ് ,ഏഷ്യൻ സഭ അനേകം പ്രതിബന്ധങ്ങൾ നേരിടുന്നതായും ന്യൂനപക്ഷമാണെന്ന കാരണത്താൽ ഏഷ്യൻ സഭയുടെ ദൗത്യം ഏറെ ബുദ്ധിമുട്ടിലാണെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞിരുന്നു.വിശ്വാസം തള്ളിപറയാതിരിക്കാൻ പോരാടുന്ന സ്ത്രീപുരുഷന്മാരുടെ പക്ഷത്തുതന്നെയാണ് സഭയെന്നും ഏഷ്യയിലെ ക്രൈസ്തവർക്കും മറ്റു മതന്യൂനപക്ഷങ്ങൾക്കും പൂർണസ്വാതന്ത്ര്യത്തോടെ വിശ്വാസജീവിതം തുടരാൻ കഴിയുന്നതിനായി പ്രാർത്ഥിക്കാമെന്നും പാപ്പ വ്യക്തമാക്കിയിരുന്നു.