ക്ഷമയുടെ സുഗന്ധം ഈസ്റ്ററിലേക്ക് എത്തട്ടെ!

0
271

ഹൃദയം തകർക്കുന്ന വേദനയുടെ നടുവിലും അതിന് കാരണക്കാരനായ വ്യക്തിയുടെ കുടുംബത്തെക്കുറിച്ച് കാരുണ്യത്തോടെ ചിന്തിക്കാൻ കഴിയുക മാനുഷികമല്ല, ദൈവികമാണ്. മലയാറ്റൂർ കുരിശുമുടിയിൽ കുത്തേറ്റ് മരിച്ച ഫാ. സേവ്യർ തേലക്കാടിന്റെ അമ്മ ത്രേസ്യാമ്മ മകന്റെ ഘാതകനോട് ക്ഷമിക്കുക മാത്രമല്ല, ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പൊതുവെ ഉണ്ടാകുന്നത് പ്രതികാര ചിന്തകളായിരിക്കും. അതിൽ നിന്നും മറിച്ചു സംഭവിച്ചതുകൊണ്ടാണ് ആ അമ്മയുടെ സന്ദർശനം വലിയ വാർത്തയായി മാറിയത്. ഭർത്താവ് നടത്തിയ കൊലപാതകത്തിൽ യഥാർത്ഥത്തിൽ തളർന്നുപോയത് അയാളുടെ ഭാര്യയും മക്കളുമായിരിക്കും. അവർക്കൊന്ന് ഉറക്കെ കരയാൻപോലും അവകാശമില്ലാത്ത അവസ്ഥ. സമൂഹത്തിന്റെ ദൃഷ്ടിയിൽ കൊലപാതകിയുടെ ഭാര്യയും മക്കളും. ആളുകൾ വൈകാരികമായി പ്രതികരിക്കാൻപോലും സാധ്യതയുള്ള സമയം. അപ്പോഴാണ് പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ടതിന്റെ വേദന കടിച്ചമർത്തിക്കൊണ്ട് അതിന് കാരണക്കാരനായ വ്യക്തിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും അവരോട് ക്ഷമിക്കാനും ഒരമ്മ തയാറായത്.
യഥാർത്ഥത്തിൽ ആ ഭാര്യയും മക്കളും നിരപരാധികളാണ്. കുടുംബനാഥൻ ജയിലായതിന്റെ വേദനയോടൊപ്പം വൈദികന്റെ ജീവനെടുത്തയാളിന്റെ കുടുംബം എന്ന രീതിയിൽ ഇടവകയിൽനിന്നും അവർ ഒറ്റപ്പെട്ട സാഹചര്യമായിരുന്നു. കപ്യാരുടെ കുടുംബം എന്ന നിലയിൽ ഇന്നലെവരെ പ്രത്യേക പരിഗണന ലഭിച്ചിരുന്നവർ ഇന്ന് എല്ലാവരുടെയും മുമ്പിൽ അവഹേളിതരായി മാറുന്നു. ഫാ. സേവ്യർ തേലക്കാട്ടിന്റെ അമ്മ ഘാതകനോട് ക്ഷമിക്കുകയും ആ കുടുംബത്തിലെത്തി അവരെ ആശ്വസിപ്പിക്കുകയും ചെയ്തപ്പോൾ ഒരുനിമിഷംകൊണ്ട് സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മാറിയിട്ടുണ്ടാകും. വെറുപ്പ് നിറഞ്ഞിരുന്ന പല ഹൃദയങ്ങളിലും അനുകമ്പയുടെ നാമ്പുകൾ പൊട്ടാൻ അതിടയാക്കി. ഈ മാതൃക അനേകരെ ചിന്തിപ്പിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. ക്ഷമിക്കുമ്പോഴും സഹിക്കുമ്പോഴും ലോകത്ത് അത്ഭുതാവഹമായ മാറ്റങ്ങൾ സംഭവിക്കുകയാണ്.
ജയിലിൽ അടക്കപ്പെട്ട കുറ്റവാളികളെക്കുറിച്ച് കേൾക്കുമ്പോൾപ്പോലും മനസുകളിൽ അവജ്ഞ രൂപപ്പെടാം. എന്നാൽ, അതിന്റെ പേരിൽ വേദനിക്കുന്ന അവരുടെ കുടുംബാംഗങ്ങളെപ്പറ്റി അധികമാരും ചിന്തിക്കാറില്ല. പലപ്പോഴും ജയിലിൽ കഴിയുന്നവരുടെ ജീവിതത്തെക്കാൾ ദുഃസഹമായിരിക്കും അവരുടെ കുടുംബത്തിന്റെ അവസ്ഥ. കുടുംബനാഥൻ ജയിലിലാകുമ്പോൾ കുടുംബത്തിന്റെ ജീവിതം വഴിമുട്ടും. സമൂഹത്തിൽനിന്നും നേരിടേണ്ടിവരുന്ന കുറ്റപ്പെടുത്തലുകൾ വേറെയും.
ജയിൽപ്പുള്ളിയുടെ കുടുംബം എന്ന കണ്ണോടെയായിരിക്കും സമൂഹം അവരെ കാണുക. അതിന്റെ പേരിലുള്ള ഒറ്റപ്പെടുത്തലുകൾ ഭയാനകമായിരിക്കും. മക്കളുടെ ഭാവിയെയും വിപരീതമായി ബാധിക്കും. ഒരു നിമിഷം കുടുംബത്തെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ അനേകർ കുറ്റകൃത്യങ്ങളിൽനിന്നും പിന്തിരിയുമായിരുന്നു. മലയാറ്റൂരിൽ വൈദികന് നേരെ ആയുധം ഉയർത്തിയ മുൻ കപ്യാർ ഒരിക്കലെങ്കിലും ഭാര്യയെയും മക്കളെയുംകുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യില്ലായിരുന്നു.
ക്ഷമയെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമായി ഈസ്റ്റർ മാറണം. കുരിശിൽ കിടന്നുകൊണ്ട് ശത്രുക്കളോട് ക്ഷമിച്ചുകൊണ്ടുള്ള യേശുവിന്റെ പ്രാർത്ഥന ശതാധിപനെ മാറ്റിമറിച്ചു. യേശു സത്യമായും ദൈവപുത്രനാണെണ് കുരിശിൻ ചുവട്ടിൽനിന്നുകൊണ്ട് ശതാധിപൻ അടുത്ത നിമിഷം വിളിച്ചുപറയുന്നു. ക്ഷമിക്കുന്നവർ യഥാർത്ഥത്തിൽ വിജയിക്കുകയാണ്. മാറ്റിനിർത്തിയിരിക്കുന്നവരെക്കുറിച്ച് ചിന്തിക്കുവാനുള്ള അവസരമായി ഈസ്റ്റർ മാറണം. വർഷങ്ങളായി അയൽവാസികളുമായി ശത്രുതയിൽ കഴിയുന്ന അനേകം കുടുംബങ്ങളുണ്ട്. കുടുംബത്തിലെ ഏതെങ്കിലും ഒരംഗം ചെയ്ത പ്രവൃത്തിയായിരിക്കും അത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്. അതിന്റെ പേരിൽ കൊച്ചുകുട്ടികളോടുപോലും ശത്രുത വച്ചുപുലർത്തുന്നവരുണ്ട്. കാലം കഴിയുംതോറും പിണക്കം വളർന്നുകൊണ്ടിരിക്കും. അതുകൊണ്ട് യഥാർത്ഥത്തിൽ നഷ്ടങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ. മകന്റെ ജീവനെടുത്ത കുടുംബത്തെ ചേർത്തുപിടിക്കാൻ ഒരു അമ്മയ്ക്ക് കഴിയുമെങ്കിൽ മറ്റുള്ളവരുടെ ചെറുതും വലുതുമായ തെറ്റുകൾ പൊറുക്കാൻ നമുക്കും സാധിക്കും.
നോമ്പു മുതൽ ഈസ്റ്റർവരെ ഏറ്റവും കൂടുതൽ ധ്യാനിക്കുന്നത് കുരിശിന്റെ വഴി പ്രാർത്ഥനകളാണ്. അവ എത്രമാത്രം കാഴ്ചപ്പാടുകളിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ആത്മപരിശോധന നടത്തണം. നാം മറ്റുള്ളവർക്ക് നൽകുന്ന കാരുണ്യത്തിന്റെ പതിന്മടങ്ങായിരിക്കും അവസാനം ദൈവം നമ്മോട് കാണിക്കുന്നത്. നാം കാരുണ്യം കാണിക്കുമ്പോൾ നമുക്കുള്ള നിക്ഷേപം സ്വർഗത്തിൽ കൂട്ടുകയാണ്. ഈസ്റ്റർ ആഘോഷങ്ങൾ നിത്യജീവിതത്തിനുള്ള മുതൽക്കൂട്ടായിത്തീരുമ്പോഴാണ് ആഘോഷങ്ങൾ അർത്ഥപൂർണമാകുന്നത്.