ക്ഷമിക്കുമ്പോഴുണ്ടാകുന്ന അത്ഭുതങ്ങള്‍

0
226

പലപ്പോഴും വലിയ സങ്കടങ്ങളും വേദനകളും ഉള്ളില്‍ സൂക്ഷിച്ച് പുറമേ അതൊന്നും കാണിക്കാതെ മുന്നോട്ട് പോകുന്നവരാണ് പല വിദ്യാര്‍ത്ഥികളും. എന്നാല്‍ വിശ്വസ്തരായ ആരെങ്കിലും അവരെ കേള്‍ക്കാന്‍ തയ്യാറായാല്‍ ഹൃദയം തുറന്ന് പറയാമെന്ന് അവര്‍ക്ക് മനസിലായാല്‍ ചങ്കുപൊട്ടുന്ന ഒരുപാട് സങ്കടങ്ങള്‍ അവര്‍ പറയും. നല്ല കഴിവും ചിന്താശേഷിയുമുള്ള അവരുടെ ജീവിതംതന്നെ അതോടെ മാറിമറിയുന്ന ഒരുപാട് അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതില്‍ ഒരു ചെറിയ അനുഭവം പറയാം.
മൂവാറ്റുപുഴ നിര്‍മലാ കോളജില്‍, കുട്ടികള്‍ക്കായി കൗണ്‍സലിംഗ്് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുട്ടികള്‍ പല കാരണങ്ങളാലും ആ കൗണ്‍സലിംഗിന് പോകാറില്ല.
പഠന വ്യക്തിത്വ വൈകല്യങ്ങളുടെയെല്ലാം പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടെന്നു തെളിഞ്ഞതിനാല്‍, ആന്തരികസൗഖ്യം പ്രാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രത്യേകിച്ച് ക്ഷമയെക്കുറിച്ചും വാല്യു എഡ്യുക്കേഷന്‍ ക്ലാസ് കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ക്ലാസ് കഴിഞ്ഞപ്പോള്‍ എന്നെ വ്യക്തിപരമായി കാണണമെന്നാഗ്രഹിച്ച് ഒരു അക്രൈസ്തവയായ പെണ്‍കുട്ടി വന്നു. അവളുടെ മുഖം വല്ലാതെ വിളറിയിരുന്നു.
കുട്ടിയുടെ പ്രശ്‌നം മറ്റൊരാള്‍ നിരന്തരം ഏല്‍പിക്കുന്ന ഭയപ്പാടില്‍നിന്നുള്ളതായിരുന്നു. ഇക്കാരണത്താല്‍ കഠിനമായ വെറുപ്പ് അവളുടെ മനസില്‍ നിറഞ്ഞുനിന്നിരുന്നു. ആരോടും അവള്‍ക്ക് സ്വാതന്ത്ര്യത്തോടെ ഇടപെടാന്‍ കഴിയുമായിരുന്നില്ല. പഠനത്തിലും ഇക്കാരണത്താല്‍ ഏറെ പിന്നാക്കമായിരുന്നു അവള്‍. മനസിലേല്‍പിച്ച മുറിവുകളും ക്ഷമിക്കാന്‍ കഴിയാത്ത അവസ്ഥയുമാണ് അവളുടെ എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണമെന്ന് എനിക്ക് മനസിലായി.
ശത്രുക്കളെ സ്‌നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്ന ക്രിസ്തുവിന്റെ വാക്കുകളാണ് ഇക്കാര്യത്തില്‍ ഞാന്‍ അവലംബിക്കുന്ന മാര്‍ഗമെന്ന് ആ കുട്ടിയോട് വിശദീകരിച്ചു. ഏതു വെറുപ്പും ‘യേശുവിന്റെ കുരിശിലെ ക്ഷമ’യില്‍ അലിയുമെന്ന് ചില ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വിശദീകരിച്ചു. ദ്രോഹിക്കുന്നന്ന വ്യക്തിയെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഫലം വളരെ പെട്ടെന്നായിരിക്കുമെന്നും ക്ഷമിക്കുക എന്നത് ദൈവിക സ്വഭാവമാണെന്നും മാനുഷികതയില്‍ ഇത് വളരെ ശ്രമകരവുമാണെന്നും ഞാന്‍ അവളോട് സമയമെടുത്ത് വിശദീകരിച്ചു.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടുകൂടി ആ കുട്ടി നന്ദി പറയുവാന്‍ വന്നു. പിന്നീട് അത്ഭുതകരമായൊരു മാറ്റമാണ് അവളില്‍ കണ്ടത്. പഠനകാര്യത്തില്‍ അവള്‍ ഏറെ പുരോഗതി നേടി. നല്ലൊരു ജോലിയില്‍ പ്രവേശിച്ച് കുടുംബിനിയായി ഇന്ന് കഴിയുന്നു. വലിയ കാര്യങ്ങളൊന്നും ഞാന്‍ ആ കുട്ടിയോട് പറഞ്ഞില്ല. മാത്രവുമല്ല, ക്ഷമിക്കാതെയും മറ്റുള്ളവരെ മനസിലാക്കാതെയും അവള്‍ക്കൊരിക്കലും അന്ന് മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നുമില്ല.
കൃത്യസമയത്ത് ദൈവം അവളുടെ ജീവിതത്തില്‍ ഇടപെട്ടു. അത് അവളെ നല്ലൊരു ജീവിതത്തിലേക്ക് ഉയര്‍ത്തി. പിന്നീട് ധാരാളം കുട്ടികളുമായി സംസാരിക്കാനിടയായിട്ടുണ്ട്. ക്ഷമിക്കാത്തതാണ് പല കുട്ടികളുടെയും അടിസ്ഥാന പ്രശ്‌നം. മാതാപിതാക്കളോട്, സഹോദരങ്ങളോട്.. അയല്‍ക്കാരോട്, സമൂഹത്തോട്… അങ്ങനെ പകയുടെയും പ്രതികാരത്തിന്റെയും കനലുകളും പേറി അവര്‍ മുന്നോട്ട് പോകുന്നു…
പ്രശ്‌നങ്ങളെയും പ്രതികൂലങ്ങളെക്കുറിച്ചും കുറിച്ച് ഓര്‍ത്താല്‍ നമ്മുക്കൊരിക്കലും തലയുയര്‍ത്തി നില്‍ക്കാനാവില്ല. എന്നാല്‍ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശക്തി തരുന്ന ദൈവത്തിലേക്ക് നോക്കിയാല്‍ വളരെ വേഗത്തില്‍ അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. തിരുവചനം പറയുന്നു: ”ഭയപ്പെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട്. സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകരം കൊണ്ട് ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും. നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തും.”(ഏശ.41.10) അതിനാല്‍ നമ്മുടെ ജീവിതം അനുഗ്രഹപ്രദമാകാന്‍ ദൈവത്തിന് പ്രീതികരമായി ജീവിക്കുക.
സോഫി തോമസ്
(അധ്യാപിക, മൂവാറ്റുപുഴ
നിര്‍മ്മലകോളജ്)