ക്‌നാനായ കോൺഫറൻസ്: ഒരുങ്ങുന്നു വിപുലമായ ‘യുവജന പ്രോഗ്രാമുകൾ’

225

 

ചിക്കാഗോ:’വിശ്വാസവും പാരമ്പര്യങ്ങളും ക്‌നാനായ കുടുംബങ്ങളിൽ പരിപോഷിപ്പിക്കുക’ എന്ന കോൺഫറൻസിന്റെ ആപ്തവാക്യവുമായി സമ്മേളിക്കുന്ന ക്‌നാനായ റീജ്യൺ ഫാമിലി കോൺഫറൻസിൽ കുട്ടികൾക്കും യുവജനങ്ങൾക്കുംവേണ്ടി ഒരുങ്ങുന്നത് വിപുലമായ പരിപാടികൾ. ആത്മീയ വളർച്ച്ക്ക് ഉതകുന്ന ക്ലാസുകൾക്കും സെമിനാറുകൾക്കുമൊപ്പം കലാകായിക മത്‌സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിലിനൊപ്പം സംവദിക്കാനുള്ള അവസരവും സവിശേഷതയാകും.

ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ചിക്കാഗോ സീറോ മലബാർ രൂപതാ സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട്, കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, പ്രമുഖ വചന പ്രഘോഷകരായ ഫാ. തോമസ് ലോയ, ഡോ. മാർക്ക് നീമോ, ഡോ. അലക്‌സ് ഗോട്ടേയ്, ബ്രദർ റെജി കൊട്ടാരം തുടങ്ങിയ പ്രമുഖരുടെ നിരയാണ് കോൺഫറൻസിൽ അതിഥികളായെത്തുന്നത്. ജൂൺ 30മുതൽ ജൂലൈ രണ്ടുവരെയുള്ള കോൺഫറൻസിന് ചിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവക ദൈവാലയമാണ് വേദി.അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ വാഗ്മിയും വചന പ്രഘോഷകനുമാണ് ഫാ. തോമസ് ലോയ. ലോക യുവജനസംഗമം ഉൾപ്പെടെയുള്ള പ്രമുഖ കോൺഫറൻസുകളിൽ ക്ലാസുകൾ നയിച്ചിട്ടുള്ള അദ്ദേഹം പൗരസ്ത്യസഭകളുടെ കാര്യത്തിൽ ഏറെ അറിയപ്പെടുന്ന വിദഗ്ധനാണ്.

അമേരിക്കൻ സഭയിൽ അറിയപ്പെടുന്ന വചനപ്രഘോഷകനും വാഗ്മിയുമായ ഡോ. മാർക്ക് നീമോ, 37 രാജ്യങ്ങളിൽ കരിസ്മാറ്റിക്ക് നവീകരണ പ്രവർത്തനങ്ങളിൽ വ്യാപരിച്ച പ്രേഷിതനാണ്. ഗാൽവസ്റ്റൺ അതിരൂപത ഉൾപ്പെടെയുള്ള നിരവധി കത്തോലിക്കാ രൂപതകളിൽ യൂത്ത് മിനിസ്ട്രിക്ക് നേതൃത്വം കൊടുക്കുന്ന ഡോ. അലക്‌സ് ഗോട്ടേയ്, തനത് ശൈലിയിലുള്ള വചന പ്രഘോഷണത്തിലൂടെ മുതിർന്നവരിലും സ്വാധീനം ചെലുത്തുന്ന വാഗ്മിയാണ്. അമേരിക്കയിൽ യുവജനങ്ങളുടെ നവീകരണത്തിനായി യുവജനങ്ങളാൽതന്നെ നയിക്കപ്പെടുന്ന കൈറോസ് യൂത്ത് മിനിസ്ട്രിക്ക് നേതൃത്വം നൽകുന്ന തിലൂടെ സുപരിചിതനാണ് റെജി കൊട്ടാരം.

ജൂൺ 30 രാവിലെ 9.30ന് റെജി കൊട്ടാരം നയിക്കുന്ന സംവാദത്തോടെയാണ് പരിപാടികൾ ആരംഭിക്കുക. തുടർന്ന് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയർപ്പണവും യുവജനങ്ങൾക്കുവേണ്ടിയുള്ള പരിപാടികളുടെ ഉദ്ഘാടനവും നടക്കും.ഉച്ചയ്ക്കുശേഷം ഡോ. മാർക്ക് നീമോയുടെ നേതൃത്വത്തിലുള്ള ക്ലാസ്. തുടർന്ന് നയിക്കുന്ന സെഷന് ഫെമിയും ടോണി മാരൂരും നേതൃത്വം വഹിക്കും.

മാർ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യ കാർമികത്വത്തിലുള്ള ദിവ്യബലിയർപ്പണത്തോടെയാണ് ജൂലൈ ഒന്നിന് പരിപാടികൾ ആരംഭിക്കുക. അതേ തുടർന്നാണ് മാർ പണ്ടാരശ്ശേരിലിനൊപ്പം യുവജനങ്ങളുടെ സംവാദം. ഉച്ചകഴിഞ്ഞ് ഫാ. തോമസ് ലോയയുടെയും ഡോ. അലക്‌സ് ഗോട്ടൈയുടെയും ക്ലാസുകൾ നടക്കും. തുടർന്ന് യുവജനങ്ങൾക്കുവേണ്ടി വൈവിധ്യമാർന്ന കലാ, കായിക മത്സരങ്ങളും പരിപാടികളും നടത്തപ്പെടും.

ജൂലൈ രണ്ടിന് ബ്രദർ റെജി കൊട്ടാരത്തിന്റെ നേതൃത്വലുള്ള പരിപാടികളോടെയാണ് മൂന്നാം ദിനം ആരംഭിക്കുന്നത്. 12ന് മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പണം. ഉച്ചയ്ക്കുശേഷം ക്‌നാനായ സമുദായത്തിന്റെയും ക്നാനായ പാരമ്പര്യങ്ങളുടെയും പ്രസക്തിയെകുറിച്ച് നടത്തുന്ന സംവാദം ഫാ. എബ്രഹാം മുത്തോലത്ത് നയിക്കും. വൈകിട്ട് ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ സംഘടിപ്പിക്കുന്ന ‘ക്രൈസ്റ്റ് വിൻ നൈറ്റ്’ ആത്മീയ സംഗീത നിശയോടെ യുവജനങ്ങളുടെ പരിപാടികൾക്ക് തിരശീലവീഴും.

പ്രവാസി ക്‌നാനായ സമൂഹത്തിലും അമേരിക്കൻ മലയാളികൾക്കിടയിലും സുപരിചിതനായ സിറിൾ മുകുളേൽതീം സോങ്ങ് രചനയ്ക്കുള്ള പുരസ്‌ക്കാരത്തിന് അർഹനായി. പീറ്റർ ചേരാനല്ലൂർ സംഗീത പകർന്ന ഗാനം നിരവധി യുവജനങ്ങളും മുതിർന്നവരും അണിനിരക്കുന്ന നൃത്താവിഷ്‌കാരത്തോടൊപ്പം കോൺഫറൻസ് വേദിയിൽ അവതരിപ്പിക്കും. അതേ വേദിയിൽവെച്ചുതന്നെയാണ് പുരസ്‌കാരം സമർപ്പണവും നടക്കുക.