ക്‌നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ പരിസമാപ്തി ക്‌നാനായ തനിമയും പാരമ്പര്യവും വിളിച്ചോതി പ്ലാറ്റിനം ജൂബിലി റാലി

0
201

കണ്ണൂർ: ക്‌നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ പരിസമാപ്തി. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ 1943 ഫെബ്രുവരി 2-ാം തിയതി രാജപുരത്തേക്കും മെയ് മാസം 6-ാം തിയതി മടമ്പത്തേക്കും നടത്തപ്പെട്ട ഐതിഹാസികമായ ക്‌നാനായ മലബാർ കുടിയേറ്റത്തിന്റെ സ്മരണകൾ ഉണർത്തിക്കൊണ്ടാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായത്. കണ്ണൂർ ശ്രീപുരം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ക്‌നാനായ സമുദായം കേരളത്തിന് നൽകിയ സംഭാവനകൾ അവിസ്മരണീയമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അനുഭവിച്ച ദൈവസ്‌നേഹം പകർന്ന് നൽകിയ സമൂഹമാണ് ക്‌നാനായ സമുദായം എന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ചടങ്ങിൽ സ്വാഗതം അർപ്പിച്ചു. തലശ്ശേരി അതിരൂപത മെത്രാപ്പോലിത്ത മാർ ജോർജ്ജ് ഞറളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ക്‌നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി കർമ്മ പദ്ധതിയുടെ സമർപ്പണം മാർ ജോര്ജ് ഞറളക്കാട്ട് നിർവഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മലബാറിലെ വിവിധ ഇടവകകൾ ചേർന്ന് പ്ലറ്റിനം ജൂബിലി വർഷത്തിൽ നടത്തിയ കലാമത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മടമ്പം ഫൊറോനയ്ക്ക് കണ്ണൂർ ബിഷപ്പ് അലക്‌സ് വടക്കുംതലയും, കായിക മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മടമ്പം ലൂർദ്ദ് മാത ഇടവകയ്ക്ക് ഫൊറോനയ്ക്ക് മാർ മാത്യു മൂലക്കാട്ടും സമ്മാനങ്ങൾ വിതരണം ചെയ്തു. പി. കെ ശ്രീമതി ടീച്ചർ എം.പി , ഫാ. തോമസ്സ് ആനിമൂട്ടിൽ, സിസ്റ്റർ ആൻ ജോസ് എസ്.വി.എം, ഫാ. സ്റ്റീഫൻ ജയരാജ്, ക്‌നാനായ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് സ്റ്റിഫൻ ജോർജ്, ജോസ് ജെയിംസ്, ബാബു കദളിമറ്റം, ക്‌നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ മലബാർ റീജിയൺ പ്രസിഡന്റ് ജയ്‌നമ്മ മോഹൻ മുളവേലിപ്പുറത്ത്, കെ.സി.വൈ.എൽ മലബാർ റീജിയൺ പ്രസിഡന്റ് ജോബിഷ് ഇരിക്കാലിക്കൽ, സി.എം.എൽ മലബാർ റീജിയൺ പ്രസിഡന്റ് ജിതിൻ മുതുകാട്ടിൽ, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ ഫാ. അബ്രാഹം പറമ്പേട്ട് എന്നിവർ പ്രസംഗിച്ചു. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നിന്നും ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിലേക്ക് നടത്തപ്പെട്ട ക്‌നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി റാലിയോടെയാണ് സമാപനാഘോഷങ്ങൾക്ക് തുടക്കമായത്. റാലിയുടെ ഫാളാഗ് ഓഫ് കർമ്മം കോട്ടയം അതിരൂപത വികാരി ജനറൽ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവ്വഹിച്ചു. ക്‌നാനായ തനിമയുടെയും പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രഘോഷണമായി നടത്തപ്പെട്ട റാലിയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. മൂന്ന് വർഷം നീണ്ട് നിന്ന ക്‌നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിൽ ഇരുപതിനായിരത്തോളം പേർ പങ്കെടുത്തു