കർത്താവിന്റെ സുഹൃത്തുക്കളായി ജീവിക്കുകയെന്നതാണ് ക്രൈസ്തവരുടെ വിളി: ഫ്രാൻസിസ് പാപ്പ

0
111

വത്തിക്കാൻ: കർത്താവിന്റെ സുഹൃത്തുക്കളായി ജീവിക്കുകയെന്നത് ഒരു ദാനമാണെന്നും അതാണ് ക്രൈസ്തവരുടെ വിളിയെന്നും ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ തന്റെ വാസസ്ഥലമായ വിശുദ്ധ മാർത്തയുടെ നാമത്തിലുള്ള ”ദോമൂസ് സാംക്തെ മാർത്തെ” കപ്പേളയിൽ ദിവ്യബലി മധ്യേ വചനസന്ദേശം നടത്തുകയായിരുന്നു അദ്ദേഹം.

“യേശുവിൻറെ ഹൃദയത്തിലേക്ക്, അവിടത്തെ സൗഹൃദത്തിലേക്കുള്ള തുറവും പ്രവേശനവും അടങ്ങിയതാണ് ഈ ദാനം. ന്നെ ഒറ്റുകൊടുക്കുന്നവർക്കു പോലും യേശു ഈ സൗഹൃദം നിഷേധിക്കുന്നില്ല. അവിടുന്ന് വിശ്വസ്തനാണ്. നമ്മുടെ പാപങ്ങളാലും ചാപല്യങ്ങളാലും നാം യേശുവിൻറെ സൗഹൃദത്തിൽ നിന്ന് പലതവണ അകന്നിട്ടുണ്ടെങ്കിലും അവിടുന്ന് ഈ സൗഹൃദത്തിൽ വിശ്വസ്തനായി നിലകൊള്ളുന്നു”; അദ്ദേഹം വ്യക്തമാക്കി.

തന്നെ ഒറ്റുകൊടുക്കാൻ പോകുന്ന യൂദാസിനോട് ”പുറത്തു പോകൂ” എന്നല്ല യേശു പറയുന്നത്, മറിച്ച് അവിടുന്ന് അവനെ സ്‌നേഹിതാ എന്ന് വിളിച്ചു. യേശുവിൽ നിന്ന് അകലുന്നതാണ് ആത്മീയ വിശ്വാസത്യാഗം. എന്നാൽ ഇവിടെ സുഹൃത്ത് ശത്രുവായിത്തീരുകയും നിസ്സംഗത കാട്ടുകയും ഒറ്റുകാരനാകുകയുമാണ് ചെയ്യുന്നതെന്നും പാപ്പ പറഞ്ഞു.