ഖത്തർ അനുഭവം ഡബ്ലിൻ ആർച്ച്ബിഷപ്പിനെ സീറോ മലബാർ ‘ഫാൻ ക്ലബി’ലെത്തിച്ചു!

സീറോ മലബാർ സഭയ്ക്ക് ആസ്ഥാനമന്ദിരം സമ്മാനിക്കാനുള്ള കാരണം വെളിപ്പെടുത്തി ഡബ്ലിൻ ആർച്ച്ബിഷപ്പ്

0
1969
ഡബ്ലിൻ: സീറോ മലബാർ സഭയ്ക്ക് ആസ്ഥാന മന്ദിരം നൽകുന്നതിൽ മാത്രമല്ല, ആരാധനാ സൗകര്യങ്ങൾ ഒരുക്കുന്ന എല്ലാക്കാര്യങ്ങളിലും അതീവ തൽപ്പരരാണ് ഡബ്ലിൻ അതിരൂപതയും അധ്യക്ഷൻ ഡെർമട്ട് മാർട്ടിനും. പ്രവാസികളായെത്തിയവർക്ക് അജപാലന സൗകര്യം ഒരുക്കുക എന്ന കടമ നിർവഹണത്തിനപ്പുറം മറ്റൊരു കാര്യം കൂടിയുണ്ട് അതിന് പിന്നിൽ. ആർച്ച്ബിഷപ്പ് ഡെർമട്ട് മാർട്ടിൻ സീറോ മലബാർ ‘ഫാൻ ക്ലബ്’ അംഗമാണെന്ന് പറഞ്ഞാലും തെറ്റില്ല!
അധികമാർക്കും അറിയാത്ത ആ രഹസ്യം അദ്ദേഹംതന്നെ പങ്കുവെച്ചു, ഡബ്ലിനിലെ സീറോ മലബാർ സഭാ ആസ്ഥാനത്തിന്റെ ഉദ്ഘാടനകർമത്തിൽ. എന്തുകൊണ്ട് സീറോ മലബാർ രൂപതയുടെ വളർച്ചയിൽ ഇത്ര തൽപ്പരനാകുന്നുവെന്ന ജനങ്ങളുടെ ചോദ്യത്തിന് നൽകിയ ഉത്തരം പറഞ്ഞുകൊണ്ടാണ് ഉദ്ഘാടനകർമത്തിൽ അദ്ദേഹം ആശംസകളർപ്പിച്ചത്. ആർച്ച്ബിഷപ്പ് ആകുന്നതിനുമുമ്പ് ഖത്തറിൽ ഒരു അവധിക്കാലത്ത് നടത്തിയ സന്ദർശനത്തിൽ നിന്നാണ് സീറോ മലബാർ രൂപതയുടെ വിശ്വാസവളർച്ചയിൽ ഭാഗമാകണമെന്ന് ബിഷപ്പ് ഡെർമട്ട് മാർട്ടിൻ തീരുമാനമെടുത്തത്.  ആ സംഭവകഥ ഇങ്ങിനെ:
‘കത്തോലിക്കാ ദൈവാലയങ്ങൾ ഒന്നുമില്ലാത്ത രാജ്യമാണ് ഖത്തർ. സന്ദർശനത്തിനെത്തിയ എന്നെ ഖത്തറിലെ വിശ്വാസികൾക്കായി ദിവ്യബലിയർപ്പിക്കാൻ നിയോഗിച്ചു. 100 കിലോമീറ്റർ അകലെ ഖത്തറിന്റെ അതിർത്തിയിലാണ് അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. അതിശയിപ്പിക്കുന്നതായിരുന്നു അവിടുത്തെ കാഴ്ച.
500ൽപ്പരം സീറോ മലബാർ കത്തോലിക്കർ ദിവ്യബലിയിൽ പങ്കെടുക്കാനെത്തിയിരുന്നു. അവരെല്ലാവരും ഖത്തറിന്റെ പല ഭാഗങ്ങളിൽ ജോലിചെയ്യാൻ എത്തിയവരാണ്. നിങ്ങളുടെ കുടുബങ്ങൾ ഒപ്പമില്ല എന്നത് മാറ്റിവെച്ചാൽ നിങ്ങളെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തുന്ന കാര്യമെന്താണെന്ന് ഞാൻ തിരക്കി.  കേരളത്തിലെപ്പോലെ ഞങ്ങളുടെ ആരാധനാലയങ്ങളിൽ പോകാൻ കഴിയാത്തത് സങ്കടപ്പെടുത്തുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി. അക്ഷരാർത്ഥത്തിൽ എന്നെ അത്  അതിശയിപ്പിച്ചു.’
അന്ന് മനസിലെടുത്ത തീരുമാനമാണ് ഇന്ന് സീറോ മലബാർ രൂപതയ്ക്ക് ഡബ്ലിനിൽ  ആസ്ഥാനമന്ദിരം ഒരുക്കാൻ തന്നെ പ്രചോദിപ്പിച്ചതെന്ന്  അദ്ദേഹം അനുസ്മരിച്ചു. തനത് പാരമ്പര്യ വിശ്വാസത്തിൽ വളരുന്നതിനും മികച്ച മതബോധന ക്ലാസുകൾ അയർലൻഡിലെ സീറോമലബാർ രൂപതയ്ക്ക് ലഭ്യമാകണമെന്ന ബോധ്യവും അതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്ര ഭംഗിയായി ആസ്ഥാനമന്ദിരം നിർമിച്ച ആർക്കിടെക്ക്റ്റിനെയും വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയവരെയും മന്ദിരത്തിന്റെ പണികൾ നോക്കിനടത്തിയവരെയും ആശംസാപ്രസംഗത്തിവ് അഭിനന്ദിക്കാനും ആർച്ച്ബിഷപ്പ് ഡെർമട്ട് മാർട്ടിൻ മറന്നില്ല.