ഗ്രേറ്റ്ബ്രിട്ടൺ വിമൻസ് ഫോറം ദ്വിദിന സെമിനാർ ഇന്ന് മുതൽ

0
161

ഡാർലിങ്ടൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ വിമൻസ് ഫോറത്തിന്റെ രൂപതാതല സെമിനാർ ഡാർലിങ്ടൺ കാർമ്മൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ നടക്കും. ഇന്ന് രാവിലെ ഒൻപതുമണിക്ക് രജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന പരിപാടികൾ നാളെ ഉച്ചയ്ക്ക് ദിവ്യബലിയോടെ സമാപിക്കും.

ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ചങ്ങാനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ ക്ലാസുകൾ നയിക്കും. പ്രവാസി സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങളിൽ വനിതകൾക്ക് എങ്ങനെ വിശ്വാസസാക്ഷ്യം നൽകാൻ കഴിയുമെന്നതിനെപ്പറ്റി സമ്മേളനം ചർച്ച ചെയ്യും.

വിമെൻസ് ഫോറത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ ലൂർദിലെ പ്രത്യക്ഷീകരണ തിരുനാൾ ദിനമായ ഫെബ്രുവരി പതിനൊന്നിനോടനുബന്ധിച്ചാണ് ദ്വിദിന സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. സഭാപ്രവർത്തനങ്ങളിൽ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടാനും സ്ത്രീകൾക്ക് തങ്ങളുടേതായ പ്രവർത്തനങ്ങളിലൂടെ ആത്മീയ വളർച്ചയും വിശ്വസ സാക്ഷ്യവും നൽകുന്നതിനുമായാണ് വിമൻസ് ഫോറം സ്ഥാപിതമായത്.

സെമിനാറിനോടനുബന്ധിച്ച് ഗ്രൂപ്പുചർച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. റവ. ഫാ. ജോർജ് പനയ്ക്കൽ വിസി, റവ. ഫാ. ജോർജ് കാരാമയിൽ എസ് ജെ, വിമെൻസ് ഫോറം ആനിമേറ്റർ റവ. സി. ഷാരോൺ സി എം സി , റവ. സി. മഞ്ജുഷ എഫ് സി സി, രൂപതാ പ്രസിഡന്റ് ജോളി മാത്യു, മറ്റു ഭാരാവാഹികൾ കമ്മറ്റിയംഗങ്ങൾ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. രൂപതയിലെ എല്ലാ റീജ്യണുകളിൽ നിന്നുമുള്ള പ്രതിനിധികളും അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.