ഗർഭച്ഛിദ്ര നിയമത്തിന് അമ്പതാണ്ട്; ഉയിർക്കണം പ്രോ ലൈഫ് യു.കെ

ഓരോ മൂന്ന് മിനിറ്റിലും ബ്രിട്ടനിൽ ഒരു ഗർഭച്ഛിദ്രം നടക്കുന്നുവെന്ന് പുതിയ പഠനം

0
343

യു.കെ: 1967 ഒക്ടോബർ 27 ബ്രിട്ടന്റെ ചരിത്രത്തിലെ കറുത്ത ദിനം, ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ‘ഗർഭച്ഛിദ്ര നിയമം നോർത്തേൺ അയർലന്റ് ഒഴികെ യു.കെയിലുടനീളം പ്രാബല്യത്തിലായത് അന്നാണ്. മനസാക്ഷി മരവിക്കാത്ത, മനുഷ്യജീവന്റെ വില അറിയാവുന്ന രാജ്യത്തെ ജനത ആ ഭീകരനിയമത്തിന്റെ 50-ാം വാർഷികമായ ഒക്ടോബർ 27ന് കൈകോർത്തു, ഒരേയൊരു ആഗ്രഹത്തോടെ: ഉയിർക്കണം പ്രോ ലൈഫ് യു.കെ. ഗർഭച്ഛിദ്രത്തിന് 50-ാം വർഷത്തോട് അനുബന്ധിച്ച്, രാജ്യത്തെ വിവിധ ദൈവാലയങ്ങളിൽ സംഘടിപ്പിച്ച പ്രത്യേക പ്രാർത്ഥനകളിലും അനുസ്മരണ ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തിൽനിന്ന് വ്യക്തമായതും പ്രോ ലൈഫ് ദാഹമാണ്. ഈ ഭൂമിയിൽ ജീവിക്കാൻ അനുഗ്രഹം ലഭിക്കാതെപോയ അനേക ലക്ഷം മാലാഖകുഞ്ഞുങ്ങളുടെ ഓർമയ്ക്ക് മുമ്പിൽ തുടിക്കുന്ന ഹൃദയത്തോടെയുള്ള ആ കൂടിച്ചേരൽ വികാരനിർഭര നിമിഷങ്ങൾക്കും വേദിയായി

ഓരോ മൂന്നു മിനിട്ടിലും ഒരു അരുംകൊല

1967ൽ ബ്രിട്ടീഷ് പാർലമെന്റിൽ ‘ഗർഭച്ഛിദ്ര നിയമം’ പരിഗണിച്ചപ്പോൾ അതിനുപിന്നിലെ കെണിയും ഭാവിയിലുണ്ടാകാവുന്ന അപകടവും മുന്നിൽക്കണ്ട് അതിനെ എതിർത്തത് കേവലം 29 എം.പിമാർ മാത്രമാണ്. ഈ നിയമത്തിലെ നിബന്ധനകൾക്ക് ഇലാസ്റ്റിക് സ്വഭാവമാണെന്നും നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്നുള്ള ന്യൂനപക്ഷത്തിന്റെ വാദം അന്ന് പതിച്ചത് ബധിരകർണങ്ങളിലാണ.് 50 വർഷം പിന്നിട്ട പശ്ചാത്തലത്തിൽ പുറത്തുവരുന്ന കണക്കുകൾ പരിഗണിക്കുമ്പോൾ, ആ ന്യൂനപക്ഷം ഉയർത്തിയ ആശങ്കകൾ സംഭവിച്ചു എന്നുവേണം മനസിലാക്കാൻ. അതേ, ഇതുവരെ മാതൃഗർഭത്തിൽവെച്ച് അരുംകൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 90 ലക്ഷത്തിനോടത്തുവരും. ഓരോ മൂന്ന് മിനിറ്റിലും ബ്രിട്ടനിൽ ഒരു ഗർഭച്ഛിദ്രം നടക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഓരോ മണിക്കൂറിലും അരുംകൊല ചെയ്യപ്പെടുന്ന ഗർഭസ്ഥ ശിശുക്കളുടെ എണ്ണം 20!. കഴിഞ്ഞ 50 വർഷത്തിനിടയിൽ ഇത്രയേറെ ഗർഭസ്ഥ ശിശുക്കൾ മാതൃഗർഭത്തിൽനിന്ന് തുടച്ചുനീക്കപ്പെട്ടതുമൂലം ഈ രാജ്യത്തിന്, കുടുംബങ്ങൾക്ക്, അമ്മമാർക്ക് ഉണ്ടായ നഷ്ടങ്ങളും പരിണിത ഫലങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പൊതുസമൂഹവും മാധ്യമങ്ങളും കാണാതെ പോകുന്നു എന്നതാണ് ഖേദകരം. ഒരു വശത്ത് നിർദയം നടക്കുന്ന കൊലപാതക സംസ്‌കാരം സമൂഹത്തിനും കുടുംബങ്ങൾക്കും ശാപമായും ദുഃഖമായും മാറുമ്പോൾ, മറുവശത്ത് പ്രൈവറ്റ് അബോർഷൻ ക്ലിനിക്കുകൾ എന്ന വ്യവസായ ലോബി തടിച്ചുകൊഴുക്കുകയാണ്.

പ്രധാനമന്ത്രിയേക്കാൾനാലിരട്ടി വലിയവൻ!

‘ദ ടൈംസ്’ ദിനപത്രം ഈയിടെ പുറത്തുവിട്ട കണക്കുകൾ ആരെയും ഞെട്ടിക്കുന്നതാണ്. പ്രമുഖ ഇന്റർനാഷണൽ അബോർഷൻ ക്ലിനിക്ക് ചെയിനായ ‘മാരി സ്റ്റോപ്പ് ഇന്റർനാഷണൽ’ തലവൻ കൈപ്പറ്റുന്ന വാർഷികവേതനം 420,000 പൗണ്ടാണ്. കൃത്യമായി പറഞ്ഞാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നാലിരട്ടി ശമ്പളം! പ്രധാനമന്ത്രിയുടെ ശമ്പളത്തിന് തുല്യമായ വേതനം കൈപ്പറ്റുന്ന 10 പേർ ഇതേസ്ഥാപനത്തിൽ ഉണ്ടെന്നും ‘ദ ടൈസ്’ റിപ്പോർട്ട് ചെയ്യുന്നു.

നികുതിദായകരുടെ പണംകൊണ്ട് അരുംകൊലനടത്തി തടിച്ചുകൊഴുത്ത ഗർഭച്ഛിദ്ര വ്യവസായ ലോബി ഇന്ന് ബ്രിട്ടനിലെ രാഷ്ട്രീയ, സാമൂഹിക, മാധ്യമ മേഖലകളെ അക്ഷരാർത്ഥത്തിൽ വിലയ്ക്കെടുത്തിരിക്കുകയാണ്. ഗർഭച്ഛിദ്രത്തിനെതിരെ നിലപാടെടുക്കുന്ന/ശബ്ദമുയർത്തുന്നവർക്ക് ഇന്ന് പിടിച്ചുനിൽക്കാൻ വയ്യാത്ത രീതിയിൽ അവർ അനിയന്ത്രിത ശക്തിയായി മാറിക്കഴിഞ്ഞു.

വെല്ലുവിളി ഉയർത്തി ഗർഭച്ഛിദ്ര ലോബി

അറിയപ്പെടുന്ന ചിന്തകനും പ്രഭാഷകനുമായ ടിം സ്റ്റാൻലി അടുത്തിടെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ചർച്ചയിൽനിന്ന് ഒഴിവാക്കപ്പെട്ടു. കാരണം മറ്റൊന്നുമല്ല, അദ്ദേഹം പുലർത്തുന്ന പ്രോ ലൈഫ് നിലപാടുതന്നെ. പ്രോ ലൈഫ് വക്താവും ലിബറൽ ഡെമോക്രാറ്റിക് നേതാവായ ടിം ഫാരലിന് പാർട്ടിക്കുള്ളിൽനിന്നും പുറത്തുനിന്നുമുള്ള സമ്മർദങ്ങളെ തുടർന്ന് രാജിവെക്കേണ്ടിവന്നു. ഭരണകക്ഷിയിലെ പ്രമുഖനും ഭാവിയിലെ അധികാരകേന്ദ്രവും എന്നുവരെ വിലയിരുത്തപ്പെടുന്ന ജേക്കബ് റീസ് മോർഗണും സമാനമായ അവസ്ഥ നേരിടുകയാണിപ്പോൾ. പ്രോ ലൈഫ് നിലപാടുമൂലമുള്ള സമ്മർദത്താൽ രാഷ്ട്രീയത്തിൽനിന്ന് പിന്മാറാനുള്ള ആലോചനയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത് ഈയിടെയാണ്. ഈ സംഭവങ്ങളെല്ലാം ഗർഭച്ഛിദ്ര ലോബിയുടെ സ്വാധീനത്തിനുള്ള ചില ഉദാഹരണങ്ങൾമാത്രം.

തങ്ങളുടെ വിശ്വാസത്തിന് എതിരാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഗർഭച്ഛിദ്ര സംഘത്തോട് ചേർന്ന് ജോലിചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ സ്‌കോട്ടിഷ് ആരോഗ്യമേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കോണീ വുഡ്, മേരീ ഡൂഗൻ എന്നിവരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതും ഗർഭച്ഛിദ്ര ലോബിയുടെ സ്വാധീനം തെളിയിക്കുന്നു. ശക്തമായ പ്രോ ലൈഫ് നിലപാട്മൂലം യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിലെ വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ കാത്തി അങ്കോ ഇംപീച്ച് ചെയ്യപ്പെട്ടതും ഇതോട് ചേർത്തുവായിക്കണം.

വെല്ലുവിളിക്കിടയിലും പ്രതീക്ഷ ഉദിക്കുന്നു

പ്രോ ലൈഫ് പ്രവർത്തനങ്ങൾക്ക് തടയിടാൻ ഗർഭച്ഛിദ്ര ലോബി എല്ലാവിധത്തിലും ശ്രമിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കുമുമ്പിൽ പ്രോ ലൈഫ് പ്രവർത്തകർ നടത്താറുള്ള പ്രതിഷേധ സമരങ്ങളും കൗൺസിലിംഗും ഒഴിവാക്കാൻ ‘ബഫർസോണുകൾ’ നടപ്പാക്കണമെന്ന ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് 100ൽപ്പരംഎം.പിമാരാണ് ഹോം സെക്രട്ടറിക്ക് കത്ത് നൽകിയത്.ഗർഭച്ഛിദ്രത്തെ എല്ലാവിധ നിയന്ത്രണങ്ങളിൽനിന്നും ഒഴിവാക്കണം, പ്രസവത്തിന് തൊട്ടുമുമ്പുവരെ ഗർഭച്ഛിദ്രം ചെയ്യാൻ അനുവാദം നൽകണം എന്നീ ആവശ്യങ്ങളുന്നയിച്ച് മാർച്ച് 13ന് ലേബർപാർട്ടി എം.പി ഡയാന ജോൺസൺ അവതരിപ്പിച്ച ബിൽ നിയമമാകാൻ ഏറെ തടസങ്ങളുണ്ട്. എങ്കിലും ആശങ്കയോടെയാണ് മനുഷ്യസ്നേഹികൾ ഇതിനെ നോക്കിക്കാണുന്നത്. ഒരു വശത്ത് ഗർഭച്ഛിദ്ര വ്യവസായം കൊഴുക്കുമ്പോഴും ഇതിനെതിരായ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നു എന്നത് പ്രതീക്ഷാനിർഭരമാണ്.പാർലമെന്റിൽ 100ൽപ്പരം എം.പിമാർ പ്രോ ലൈഫ് നിലപാടിനെ അനുകൂലിക്കുന്നവരാണെന്നത് ആശ്വാസപ്രദവും.

ബിജു നീണ്ടൂർ